കോട്ടയം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനത്തിനുള്ള വിവാദ കത്തിന്റെ വാർത്തകളിൽ പ്രതിഷേധം ശക്തമാകുമ്പോൾ എം.ജി സർവ്വകലാശാലയിലും വർഷങ്ങളായി നടക്കുന്നത് കത്ത് നിയമനമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.നാനൂറിലേറെ ഒഴിവുകൾ രേഖപ്പെടുത്തുന്ന സർവ്വകലാശാലയിൽ നടക്കുന്നത് മുഴുവൻ പിൽവാതിൽ നിയമനങ്ങളാണെന്ന വാർത്തയാണ് പുറത്ത് വരുന്നത്.എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ പട്ടിക കാറ്റിൽപ്പറത്തിക്കൊണ്ടാണ് എം.ജി. സർവകലാശാലയിലെ പിൻവാതിൽനിയമനം തുടരുന്നത്.കോടതിവിധികൾക്ക് പോലും വില കൽപ്പിക്കാതെ സ്ഥിരം തസ്തികകളിൽപ്പോലും വർഷങ്ങളായി നടക്കുന്നത് താൽക്കാലിക നിയമനങ്ങളാണ്.

പൂർണ്ണമായും രാഷ്ട്രീയ താൽപ്പര്യത്തോടെ പ്രവർത്തിക്കുന്ന സിൻഡിക്കേറ്റ് അംഗങ്ങളും ഭരണകക്ഷിയുമായി ബന്ധപ്പെട്ട രാഷ്ട്രീയനേതാക്കളും നൽകുന്ന കത്താണ് പല നിയമനങ്ങൾക്കുമുള്ള യോഗ്യത.ഇത്തരത്തിൽ നാനൂറിലേറെ ഒഴിവുകളിൽ എല്ലാവർഷവും ഇഷ്ടനിയമനമായി നടക്കുന്നു എന്നതാണ് വസ്തുത.

പരീക്ഷാവിഭാഗത്തിലെ താത്കാലിക സഹായികൾ, ഓഫീസ് അറ്റൻഡർ, ലൈബ്രേറിയൻ, കംപ്യൂട്ടർ പ്രോഗ്രാമർമാർ, പൂന്തോട്ടം സൂക്ഷിപ്പുകാർ തുടങ്ങിയ തസ്തികകളിലാണ് നിയമനം.ഓഫീസ് അറ്റൻഡർ തസ്തികയിൽ മാത്രം 190 ഒഴിവുകളാണ് സർവ്വകലാശാലയിലുള്ളത്.എന്നാൽ കഴിഞ്ഞ 10 വർഷമായി ഇതിലൊന്നും സ്ഥിരനിയമനം നടത്തിയിട്ടില്ല എന്ന് രേഖകൾ വ്യക്തമാക്കുന്നു.

2011-ൽ സർവകലാശാലകളിലെ അദ്ധ്യാപകേതര നിയമനങ്ങൾ പി.എസ്.സി.ക്ക് വിടാൻ തീരുമാനിച്ചിരുന്നു.അന്ന പുറത്തുവന്ന ഹൈക്കോടതി വിധി അനുസരിച്ചായിരുന്നു ആ തീരുമാനം.2016-ലാണ് സർവകലാശാലാ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ പി.എസ്.സി. നിയമനത്തിന് സ്‌പെഷ്യൽ റൂൾസ് വന്നത്.

എന്നാൽ മറ്റു തസ്തികകളിൽ റൂൾസ് തയ്യാറാക്കാതെ പി.എസ്.സി. നിയമനത്തിന് തടയിടുകയാണ് സർവ്വകലാശാലാ അധികൃതർ ചെയ്തത്.സ്‌പെഷ്യൽ റൂൾ വരുംവരെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനംനടത്തണം എന്നാണ് ചട്ടമെന്നിരിക്കെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് പട്ടിക വാങ്ങുമെങ്കിലും കാലാവധിതീരുംവരെ മെല്ലെപ്പോക്ക് നടത്തും. ഇത് വഴി ഇഷ്ടക്കാരെ പിൻവാതിൽവഴി നിയമിക്കാനുള്ള അവസരവുമൊരുക്കും.

മറ്റൊരു പ്രധാന നിയമന തട്ടിപ്പ നടക്കുന്നത് പരീക്ഷാക്യാമ്പ് നടത്തിപ്പിനുള്ള സഹായികളെ നിയമിക്കുന്നതിലാണ്.പരീക്ഷകളുമായി ബന്ധപ്പെട്ട് വർഷം മുഴുവൻ മൂല്യനിർണയ ക്യാമ്പുകളുണ്ടാകും.ഇതിനുള്ള സഹായികളെ പാർട്ടി ഓഫീസുകളിൽനിന്നുള്ള പട്ടിക പ്രകാരമാണ് നിയമിക്കുക. താത്കാലിക നിയമനകാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട് വീണ്ടും അവരെത്തന്നെ വീണ്ടും നിയമിക്കും.ഇതിനിടയിൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പട്ടിക വരികയും റദ്ദാകുകയുംചെയ്യും.എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പട്ടികയും നിയമനംകിട്ടിയവരുടെ വിവരവും ഒത്തുവെച്ച് പരിശോധന നടത്താത്തതിനാൽ ഇത് പുറത്തുവരുകയുമില്ല എന്നതാണ് ഇതിന് പിന്നിലെ മറവ്.

ഇത്തരത്തിൽ പാർട്ടിക്കാരും സിൻഡിക്കേറ്റിലേയും സെനറ്റിലേയും പ്രതിനിധികളും നൽകുന്ന ലിസ്റ്റുകൾ വഴി കാലങ്ങളായി എം.ജി സർവ്വകലാശാലയിൽ നടന്നുവരുന്നത് സർവ്വത്ര പിൻവാതിൽ നിയമനങ്ങളാണ്.സർവ്വകലാശാലകളിലെ സെനറ്റ്-സിൻഡിക്കേറ്റ് എന്നിവിടങ്ങളിലെ രാഷ്ട്രീയപ്രാതിനിധ്യം ഒഴിവാക്കണമെന്ന നിർദ്ദേശമടക്കം സർക്കാർ തള്ളിക്കളയുന്നതും ഇത്തരത്തിലുള്ള നിയമനങ്ങൾക്ക് കുട പിടിക്കാനുള്ള നീക്കമാണെന്നതും വ്യക്തം.