പത്തനംതിട്ട: മണിമലയാറ്റിൽ മോക്ഡ്രില്ലിനിടെ തുരുത്തിക്കാട് സ്വദേശി ബിനു സോമൻ (34) മരിച്ചത് ജില്ലാ ഭരണ കൂടത്തിന്റെ വീഴ്ചയെന്ന് വ്യക്തമായിട്ടും രൂക്ഷമായി പ്രതികരിക്കാനോ സമരം ചെയ്യാനോ കഴിയാതെ കോൺഗ്രസ്, യുഡിഎഫ് ജില്ലാ നേതൃത്വങ്ങൾ വെട്ടിലായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ്. ശബരിനാഥന്റെ ഭാര്യ ഡോ. ദിവ്യ എസ്. അയ്യരാണ് ജില്ലാ കലക്ടർ. ഇക്കാരണം കൊണ്ട് തന്നെ വാ വിട്ട് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ. ഇനി പ്രതികരിച്ചവരാകട്ടെ സംസ്ഥാന സർക്കാരിനെയും റവന്യൂ വകുപ്പിനെയും കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

ബിനുവിന്റെ ദുരന്തത്തിൽ ഗുരുതരമായ വീഴ്ചയാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് വ്യക്തമായി കഴിഞ്ഞു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ ജില്ലാ കലക്ടർക്കാണ് ദുരന്തത്തിന്റെ ഉത്തരവാദിത്തം. മോക്ഡ്രില്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടിയിരുന്നത് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയായിരുന്നു. ചെയർമാനായ കലക്ടർ കഴിഞ്ഞാൽ അടുത്ത ഉത്തരവാദി അഥോറിറ്റിയുടെ ഡെപ്യൂട്ടി കലക്ടർ ആയിട്ടുള്ള ടി.ജി ഗോപകുമാറാണ്. ഇവർ ആരും തന്നെ മോക്ഡ്രിൽ ഗൗരവമായി കണ്ടില്ല എന്നാണ് കരുതേണ്ടത്.

ദുരന്ത നിവാരണ അഥോറിറ്റി വൻ ദുരന്തമായി മാറുന്ന കാഴ്ചയാണ് മണിമലയാറ്റിൽ കണ്ടത്. പ്രതിസന്ധി ഘട്ടം എങ്ങനെ നേരിടാമെന്ന് കാണിക്കുന്നതിനായിട്ടാണ് മോക്ഡ്രിൽ നടത്തിയത്. പക്ഷേ, ആ പ്രതിസന്ധി യാഥാർഥ്യമായതോടെ എന്തു ചെയ്യണമെന്നറിയായെ ഉദ്യോഗസ്ഥർ പകച്ചു പോയി. ഇങ്ങനൊരു ദുരന്തം മോക്ഡ്രില്ലിൽ ഉണ്ടാകുമെന്ന് അഥോറിറ്റി കരുതിയില്ല. അതു കൊണ്ട് തന്നെ മുന്നൊരുക്കവും രക്ഷാപ്രവർത്തന മാർഗങ്ങളും പരിമിതമായിരുന്നു. ഒരു യഥാർഥ ദുരന്തം ഉണ്ടാകുമ്പോൾ നേരിടേണ്ടത് എങ്ങനെയോ അങ്ങനെ വേണം മോക്ഡ്രില്ലിന് അടിസ്ഥാന സൗകര്യമൊരുക്കാൻ. ഇവിടെ അതുണ്ടാകാതിരുന്നത് ജില്ലാ കലക്ടർ അടക്കമുള്ളവരുടെ വീഴ്ചയാണ്.

സർക്കാരിനെ അടിക്കാൻ ഇത്രയും നല്ല വടി കിട്ടിയിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്. മുതിർന്ന നേതാവ് ജി. കാർത്തികേയന്റെ മരുമകളും കെ.എസ്. ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യർക്കെതിരേ പടയ്ക്കൊരുങ്ങിയാൽ അത് പാളയത്തിലെ പടയ്ക്ക് കാരണമാകും. ഇതു കാരണം കരുതലോടെയാണ് നേതാക്കൾ പ്രതികരിക്കുന്നത്. സിപിഎമ്മിന്റെ നേതാക്കളോട് വിട്ടു വീഴ്ച ചെയ്താണ് കലക്ടർ സ്ഥാനത്ത് ദിവ്യ തുടരുന്നത്. സിപിഎമ്മി ജില്ലാ നേതാക്കളുടെ അഭിപ്രായം മാനിച്ചാണ് ഭരണം. അതുകാരണം അവരുടെ ഭാഗത്ത് നിന്ന് ശല്യമൊന്നുമില്ല. ഈ അവസ്ഥയിൽ കോൺഗ്രസ് ദിവ്യയ്ക്ക് എതിരേ ഇറങ്ങിയാൽ അത് തങ്ങളുടെ പാർട്ടിയിലെ നേതാവിനോട് കാണിക്കുന്ന അനീതിയാകും. ഇതാണ് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

സംഭവത്തിൽ പ്രതിഷേധിച്ച് നാലിന് മല്ലപ്പള്ളി താലൂക്ക്ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കും. ഇപ്പോൾ സംഭവം നടന്ന താലൂക്ക് ഓഫീസിന് മുന്നിൽ മാത്രമാകും സമരമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന യു.ഡിഎഫ് നേതാക്കളായ ആന്റോ ആന്റണി എംപിയും ജോസഫ് എം പുതുശേരിയും വളരെ സൂക്ഷ്മതയോടെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്.

മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ യുവാവ് മരണപ്പെട്ട സംഭവം ദുരന്തനിവാരണ സംവിധാനത്തിന്റെ പരാജയംകൊണ്ടാണെന്ന് ആന്റോ ആന്റണി എംപി. ദുരന്ത നിവാരണം പോലെയുള്ള സുപ്രധാന സംവിധാനങ്ങളിൽ പോലും യാതൊരു പരിശീലനവുമില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സർക്കാർ നിലപാടാണ് അപകടത്തിന് കാരണമായത്. രക്ഷാ പ്രവർത്തകരുടെ മുന്നിൽ 15 മിനിട്ടിലധികം സമയം യുവാവ് ചെളിയിൽ പുതഞ്ഞ് കിടന്നു. തൊട്ടടുത്ത് തന്നെ രക്ഷാ ബോട്ടും ഉണ്ടായിരുന്നെങ്കിലും ബിനുവിനെ രക്ഷിക്കാൻ യാതൊരു ശ്രമവും നടത്തിയില്ലെന്നും അവസാനം നാട്ടുകാരാണ് അപകടത്തിൽ പെട്ട ആളെ പുറത്തെടുത്തതെന്നും ആന്റോ ആന്റണി എം പി കുറ്റപ്പെടുത്തി. മാധ്യമ വാർത്തകൾ ഒഴിവാക്കുന്നതിനായി അധികൃതർ ബിനു സോമന്റെ മരണവിവരം മറച്ചു വച്ചതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

മണിമലയാറ്റിൽ നടന്ന മോക് ഡ്രില്ലിനിടയിൽ ബിനു സോമന്റെ മരണത്തിലേക്ക് നയിച്ച സംഭവം ബന്ധപ്പെട്ട സംവിധാനത്തിന്റെ ദയനീയ വീഴ്ചയാണ് വെളിവാക്കുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി പറയുന്നു. ഒട്ടേറെ ഡിപ്പാർട്ട്മെന്റുകൾ പങ്കാളികളായിരുന്നുവെങ്കിലും യാതൊരു ഏകോപനവും ഉണ്ടായിരുന്നില്ല. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നിർത്തിയ ശേഷമാണ് നടപടി തുടങ്ങേണ്ടത്. ഒരാൾ മുങ്ങിപ്പോയി എന്നറിഞ്ഞ ശേഷമാണ് ബോട്ടും മോട്ടോറുമൊക്കെ വെള്ളത്തിൽ ഇറക്കി തെരച്ചിലിനു തുനിയുന്നത്. ഈ കാലതാമസം രക്ഷാപ്രവർത്തനം നടത്തേണ്ട നിർണായക സമയമാണ് നഷ്ടപ്പെടുത്തിയത്. അപകടം നടന്ന ഇതേസമയം ദേശീയ ദുരന്ത നിവാരണ സേന ഇതിനു താഴെ മറ്റൊരു പരിശീലനം നടത്തുകയായിരുന്നു.

ഇതും ഏകോപനം ഇല്ലായ്മയാണ് വെളിപ്പെടുത്തുന്നത്. വെള്ളത്തിൽ അകപ്പെടുന്നവരായി നാട്ടുകാരെ വെറുതെ വിളിച്ചിറക്കുകയാണ് ഉണ്ടായത്. അവർ ഇതിന് അനുയോജ്യരാണോ എന്ന ആവശ്യമായ വിലയിരുത്തലോ അവർക്ക് വേണ്ട പരിശീലനമോ ഒന്നും നൽകിയിരുന്നില്ല. സ്ഥലം തെരഞ്ഞെടുക്കുന്നതിൽ പോലും വീഴ്ച സംഭവിച്ചു. ആദ്യം നിശ്ചയിച്ച സ്ഥലം മാറ്റി എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ തികഞ്ഞ ലാഘവത്തോടെ ഏകോപനം ഇല്ലാതെ നടത്തിയതു കൊണ്ടാണ് രക്ഷാദൗത്യത്തിനു പകരം ഇത് ക്ഷണിച്ചുവരുത്തിയ ദുരന്തമായി മാറിയത്. ജനങ്ങളിൽ ആത്മവിശ്വാസവും സുരക്ഷിത ബോധവും വളർത്താനും അനിവാര്യമായ ആപൽ ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ മാതൃക പ്രദർശിപ്പിക്കാനുമായി നടത്തുന്ന മോക്ക് ഡ്രിൽ ഫലത്തിൽ വിപരീതഫലം ഉണ്ടാക്കുകയും ഒരാളുടെ വിലപ്പെട്ട ജീവൻ അപഹരിക്കുന്ന ദുരന്ത പര്യവസായിയായി മാറുകയും ചെയ്തു. വീഴ്ചകൾ വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാവണമെന്നും മരണപ്പെട്ട ബിനു സോമന്റെ ആശ്രിതർക്ക് പരമാവധി സഹായം ലഭ്യമാക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.

വസ്തുത ഇതായിട്ടും ഡിപ്പാർട്ട്മെന്റിന് ഇക്കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. വെള്ളത്തിൽ അകപ്പെടുന്നവരായി വിളിച്ചു ഇറക്കിയ നാട്ടുകാർ തന്നെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നിട്ടും മന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തിയത് ഈ വീഴ്ചകൾ മറച്ചുവെച്ച് ആരെയൊക്കെയോ വെള്ളപൂശാനുള്ള വ്യഗ്രത കൊണ്ടാണെന്നും പുതുശേരി പറഞ്ഞു.