തിരുവനന്തപുരം: കഴിഞ്ഞദിവസം കേരളപ്പിറവി ദിനത്തിൽ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, എന്നിവരെയാക്കെ ഉൾപ്പെടുത്തി 'കേരളീയം' എന്ന പരിപാടിയുടെ ഉദ്ഘാടനം നടത്തിയത് വലിയ വാർത്തയായിരുന്നു. ഈ മൂന്ന് നടന്മാരും മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് ആനയിക്കുന്നതും, അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കുന്നതുമൊക്കെ സൈബർ സഖാക്കൾ ആഘോഷിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നവരായിട്ടും ഈ താരങ്ങളെയൊക്കെ ഒരേ വേദിയിൽ എത്തിക്കാൻ കഴിഞ്ഞത്, സർക്കാറിന്റെ രാഷ്ട്രീയ നേട്ടമായി വിലയിരുത്തപ്പെടുകയും ചെയ്തു. പക്ഷേ പരിപാടി കഴിഞ്ഞുണ്ടായ ചില സംഭവങ്ങൾ ഇപ്പോൾ ട്രാളിനും ഇടയാക്കിയിരിക്കയാണ്.

കേരളപ്പിറവി ദിനത്തിൽ ആഘോഷത്തോടെ ഫോട്ടോ എടുത്തിട്ടും മമ്മൂട്ടിയും മോഹൻലാലും ഷെയർ ചെയ്തത് പിണറായി ഇല്ലാത്ത ചിത്രമാണ്. 'വിത്ത് ഇച്ചാക്ക' എന്ന ക്യാപ്ഷനോടെ മമ്മൂട്ടിക്ക് ഒപ്പം വേദിയിൽ ഇരിക്കുന്ന ഫോട്ടോയാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്. 'വിത്ത് ഡിയർ ലാൽ ആൻഡ് കമൽഹാസൻ' എന്ന ക്യാപ്ഷനോടെ മോഹൻലാലിനും കമൽഹാസനും ഒപ്പമുള്ള ചിത്രമാണ് മമ്മൂട്ടി ഷെയർ ചെയ്തത്. ഇതോടെയാണ് പിണറായി എവിടെ എന്ന ചോദിച്ച് ട്രോളുകൾ ഉണ്ടായത്. 'കാരണഭൂതനെ നൈസായിട്ട് അങ്ങ് ഒഴിവാക്കിയില്ലേ' എന്ന് ചോദിച്ചാണ് ട്രോളുകൾ ഏറെയും. ഇതിലും ഭേദം ഭീമൻ രഘുവിനെ വിളിക്കുന്നതായിരുന്നുവെന്നും ട്രോളുകൾ ഉണ്ട്.

ഒരു ട്രോൾ കമന്റ് ഇങ്ങനെ. -''കേരളപ്പിറവി ദിവസം നാട് സംഘടിപ്പിക്കുന്ന വലിയൊരു പരിപാടി. മോദിയെ വരെ കുമ്പിട്ട് വണങ്ങുന്ന പാർട്ടീസാണെന്ന് അറിയാം. പക്ഷേ സഖാവ് പിണറായി വിജയനോട് ബഹുമാനം ഉണ്ടെന്നാ കരുതിയിരുന്നത്. ആ സംഘ് അടിമ ലാൽ സ്റ്റേജിൽ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്. മുഖ്യമന്ത്രിക്കൊപ്പം സെൽഫി വരെയെടുത്തു. എന്നാൽ എഫ് ബിയിൽ ഇട്ടതോ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ മാത്രം. വിപ്ലവ ബോധമുള്ള കമൽ ഹാസനെ വരെ ഈ സംഘി വെട്ടി. കുറച്ചു ഭേദമാണ് മമ്മൂട്ടിയെന്നാ കരുതിയിരുന്നത്. മുഖ്യമന്ത്രിയെ വിനയത്തോടെ സ്റ്റേജിലേക്ക് നയിച്ചവനാണ്. ഇട്ട ഫോട്ടോ നോക്കൂ. ലാലിനൊപ്പമുള്ള ഒരു ഫോട്ടോ . കൂടെ കമലിനും ഇടം നൽകി. എവിടെയും സി എം ഇല്ല. ഇവനെയൊക്കെ വിളിച്ച് സ്റ്റേജിൽ കയറ്റി ആദരിച്ച മഹാ മനുഷ്യനെയാണ് ഈ ഫ്രോഡുകൾ അനാദരിച്ചത്. ആ ഭീമൻ രഘുവിനൊക്കെ ഇത്തിരി നന്ദിയുണ്ടാവുമായിരുന്നു.''- ഇങ്ങനെയാണ് പ്രതികരണങ്ങൾ.

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ശോഭന, മഞ്ജു വാര്യർ, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം വിപിള്ള എന്നിവരുൾപ്പെടെ വലിയൊരു നിര പരിപടിയിൽ പങ്കെടുത്തിരുന്നു. നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ അമർത്യസെൻ, ഡോ.റൊമില ഥാപ്പർ, ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, വെങ്കി രാമകൃഷ്ണൻ, ഡോ.ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ഡോ.തോമസ് പിക്കറ്റി, അഡ്വ.കെ.കെ.വേണുഗോപാൽ, ടി.എം.കൃഷ്ണ, ഉസ്താദ് അംജദ് അലി എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.

മലയാളികളുടെ മഹോത്സവം എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന കേരളീയം ഇനി ഒരാഴ്ചക്കാലം കവടിയാർ മുതൽ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് അരങ്ങേറുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ കലാപരിപാടികൾ അരങ്ങേറും. ഇതിന്റെ ഭാഗമായി കേരളത്തിന്റെ വികസന നേട്ടങ്ങളും സംസ്‌കാരികത്തനിമയും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന ഇരുപത്തിയഞ്ച് സെമിനാറുകളും ഉണ്ടാകും. കേരളപ്പിറവി മുതൽ സംസ്ഥാനം വിവിധ മേഖലകളിൽ കൈവരിച്ച വികസന നേട്ടങ്ങളും ഇതിലേക്കു നയിച്ച നയങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്യുന്നതിനുള്ള വേദി കൂടിയാണിത്.

നിയമസഭ, ടാഗോർ തിയേറ്റർ, ജിമ്മി ജോർജ് സ്റ്റേഡിയം, മാസ്‌കോറ്റ് ഹോട്ടൽ സിംഫണി ഹാൾ, സെൻട്രൽ സ്റ്റേഡിയം എന്നിങ്ങനെ അഞ്ചു വേദികളിലായി നടക്കുന്ന സെമിനാറിൽ വിവിധ മേഖലകളിൽ ലോകപ്രശസ്തരായ പണ്ഡിതർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുക്കുന്നുണ്ട്.