കോഴിക്കോട്: എന്തിനും ഏതിലും സവർണ്ണതയും പൊളിറ്റിക്കൽ കറക്ട്നെസ്സും കണ്ടുപിടിക്കുന്ന കുറേ ആളുകളുടെ ഇരയാണ്, മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ലാൽ രഞ്ജിത്ത് -ഷാജി കൈലാസ് കൂട്ടുകെട്ടിൽ വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ നരസിംഹം, ആറാംതമ്പുരാൻ തുടങ്ങിയ സിനിമകളിലൂടെയാണ്, പൊക വാദികൾ എന്ന് പരിഹസിക്കുന്ന പൊളിറ്റിക്കൽ കറക്ട്നസ്സുകാർ ബഹളം തുടങ്ങിയത്. അതിനുശേഷം പലപ്പോഴും ഇവർ മോഹൻലാലിലെ സവർണ്ണഫാസിസ്റ്റും സംഘിയും, ഒക്കെയാക്കിയിട്ടുണ്ട്.

എന്നാൽ അന്നൊന്നും മോഹൻലാൽ ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകളായ 'ഋതുമർമ്മരങ്ങൾ' എന്ന പുസ്തകത്തിൽ എന്ന പുസ്തകത്തിലൂടെ ലാൽ ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കുന്നു. മോഹൻലാൽ എന്ന നടന് വലിയകത്ത് മൂസയാവാനും അലിഭായ് ആവാനും അശേഷം വിഷമമുണ്ടായില്ല എന്നും ചന്ദനക്കുറി കണ്ടാൽ ഹിന്ദുവിരോധവും വാങ്ക് വിളി കേട്ടാൽ ഇസ്ലാം വിരോധവും ഉണർന്നാൽ അതൊരു മനോരോഗമാണെന്നും ലാൽ ചൂണ്ടിക്കാട്ടുന്നു.

സവർണ്ണ ഫാസിസ്റ്റായി മുദ്ര കുത്തുന്നു

ഋതുമർമ്മരങ്ങൾ എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം:-'പ്രത്യേകനിറമുള്ള കൊടിയുടെ കീഴിലില്ലെങ്കിലും ചില പ്രത്യയശാസ്ത്രങ്ങളെ ഞാൻ പരിപോഷിപ്പിക്കുന്നു എന്ന വിമർശനം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഒരു 'സവർണ്ണ ഫാസിസ്റ്റ്' ആയി എന്നേ ഞാൻ മുദ്രകുത്തപ്പെട്ടുകഴിഞ്ഞു. ആദ്യമൊക്കെ ഞാൻ അതിനെ അവഗണിച്ചു. വിമർശനത്തിനു ശക്തികൂടിയപ്പോൾ ഒന്നു മറുപടി പറഞ്ഞുകളയാമെന്നു തോന്നി. പക്ഷേ, ഓരോ തവണ മറുപടി പറയാനായുമ്പോഴും എന്റെയുള്ളിൽ വലിയൊരു ചിരി പൊട്ടും. കാരണം, എന്റെ കുറെ സിനിമകളിലെ പേരും അതിന്റെ അന്തരീക്ഷവും വെച്ചിട്ടാണ് ഈ ആരോപണം മെനയുന്നത്.

എന്നാൽ ആ സിനിമകളെല്ലാം യാതൊരു ഹിഡൻ അജണ്ടയുമില്ലാതെ വ്യാവസായികവിജയം മാത്രം മുന്നിൽക്കണ്ട് ഉണ്ടാക്കിയതാണ്. അക്കാര്യം എനിക്ക് നന്നായി അറിയാം. അപ്പോൾ അതിന്റെ പേരിൽ ഇങ്ങനെ ഒരാരോപണം മെനഞ്ഞുണ്ടാക്കുന്നത് കേൾക്കുമ്പോൾ ചിരിക്കാതെന്തു ചെയ്യും?

പരദേശിയിൽ ഞാൻ വലിയകത്ത് മൂസയായി അഭിനയിച്ചു. അതൊരു ഇസ്ലാമിക പശ്ചാത്തലമുള്ള ഇന്ത്യൻ മാനമുള്ള സിനിമയായിരുന്നു. എന്റെയൊപ്പമുള്ള ആന്റണി പെരുമ്പാവൂരാണ് അത് നിർമ്മിച്ചത്. പിന്നീട് ഞാൻ അലിഭായ് ആയി. മോഹൻലാൽ എന്ന സവർണ്ണ ഫാസിസ്റ്റിന് വലിയകത്ത് മൂസയാവാനും അലിഭായ് ആവാനും അശേഷം വിഷമമുണ്ടായില്ല. ആരോപണക്കാർ ഇതിനെപ്പറ്റിയൊന്നും പറഞ്ഞുകണ്ടില്ല. പിന്നെ, 'ചന്ദനക്കുറി,' 'കിണ്ടി,' 'നാലുകെട്ട്,' 'ശംഭോ മഹാദേവാ' എന്നൊക്കെ കേട്ടാൽ ഹിന്ദുവിരോധവും ബാങ്ക് വിളി കേട്ടാലും നിസ്‌കാരത്തഴമ്പ് കണ്ടാലും ഇസ്ലാം വിരോധവും ഉണർന്നാൽ അതൊരു മനോരോഗമാണ്. മരുന്നുണ്ടാവും എന്നു തോന്നുന്നില്ല.''- ലാൽ പറയുന്നു.

ഞാൻ ഓഷോയുടെ പ്രചാരകനല്ല

'ഞാൻ ഓഷോയുടെ ഒരു പ്രചാരകനല്ല. തനിക്ക് ഒരു പ്രചാരകന്റെയും ആവശ്യമില്ലെന്ന് ഓഷോതന്നെ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും മൈതാനപ്രസംഗം കേട്ടിട്ടോ ആരുടെയെങ്കിലും നിർബ്ബന്ധപ്രകാരമോ അല്ല ഞാൻ ഓഷോയിലേക്കു വന്നത്. നേരത്തേ ഞാൻ പറഞ്ഞു, എനിക്കൊരു നടുവേദന വന്നിരുന്നു എന്ന്. കോയമ്പത്തൂർ ആര്യവൈദ്യശാലയിലായിരുന്നു ചികിത്സ. ഒന്നും വായിക്കരുത്, ടെലിവിഷൻ കാണരുത്, സംസാരിക്കരുത് എന്നായിരുന്നു കർശനനിബന്ധന. അപ്പോൾ ഞാൻ ഡോക്ടറോട് ചോദിച്ചു, എനിക്കെന്തെങ്കിലും കേൾക്കാൻ തരുമോ എന്ന്. അപ്പോൾ അദ്ദേഹം കൊണ്ടുവന്നുതന്നത് ഓഷോയുടെ ഒരു പ്രഭാഷണത്തിന്റെ കാസറ്റായിരുന്നു: സെലിബ്രേഷൻ.

അതു കേട്ട് കണ്ണടച്ചു കിടന്നപ്പോൾ എനിക്കുള്ളിൽ പുതിയൊരു ലോകം വിടരുന്നതായും ഒരു നൃത്തം തുടങ്ങുന്നതായും എനിക്ക് തോന്നി. അതുവരെ അനുഭവിക്കാത്തതായിരുന്നു അത്. അതിനു ശേഷം ഓഷോയുടെ നിരവധി പുസ്തകങ്ങൾ ഞാൻ വായിച്ചു. പുനെയിൽ അദ്ദേഹത്തിന്റെ ആശ്രമത്തിൽ പോയി. വെറുമൊരു 'സെക്സ്ഗുരു'വായി ഈ മനുഷ്യനെ മുദ്രകുത്തിയ വിഡ്ഢികളെയോർത്ത് ഞാൻ അദ്ഭുതപ്പെട്ടു. ആത്മകഥയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്: 'എന്റേതായി തൊള്ളായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. അതിൽ ഒന്നുമാത്രമാണ് സെക്സിനെക്കുറിച്ചുള്ളത്. From Sex to SuperConcious. മറ്റു പുസ്തകങ്ങൾ ഒന്നും കാണാതെ ഈ ഒന്നിനെപ്പറ്റി മാത്രം നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു.' അത് ശരിയാണ് എന്ന് എനിക്ക് ബോദ്ധ്യമായി. ഇപ്പോഴും ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. വായിക്കുന്നു. അദ്ദേഹം ഉപയോഗിച്ച ഒരു വാച്ച് കൈവശമാക്കാൻ ഞാനിപ്പോൾ ശ്രമിക്കുന്നു.

ഇതൊന്നും തുറന്നുപറയാൻ എനിക്ക് യാതൊരു മടിയുമില്ല. 'നിങ്ങൾ ആരും എന്റെ ശിഷ്യന്മാരല്ല. സുഹൃത്തുക്കൾ മാത്രമാണ്. ഞാൻ പറഞ്ഞതൊന്നും നിങ്ങൾ വിശ്വസിക്കണം എന്നില്ല. രാവിലെ ഒരു പക്ഷിയുടെ പാട്ട് നിങ്ങൾ കേൾക്കുന്നത് അത് വിശ്വസിച്ചിട്ടല്ല. ഇഷ്ടപ്പെട്ടിട്ടാണ്. അതുപോലെ നിങ്ങളും എന്നെ കേൾക്കുക' എന്ന് അന്ത്യപ്രഭാഷണത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഈയൊരു സ്വാതന്ത്ര്യമാണ് എന്നെ വശീകരിച്ചത്. ഇപ്പോഴും ഞാൻ ഓഷോയെ വായിക്കുന്നു, ആദരിക്കുന്നു. ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും പ്രതിഭാശാലിയായ വ്യക്തികളിലൊരാളാണ് അദ്ദേഹം എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.''- മോഹൻലാൽ ചൂണ്ടിക്കാട്ടി.

ധാരാളം വീടുകൾ വെച്ച് ധൂർത്തടിക്കുന്നോ?

'ധാരാളം വീടുകൾ വെച്ച് ധൂർത്തടിക്കുന്നയാളാണ് ഞാൻ എന്ന് വിമർശനം പരന്നിരുന്നു. എനിക്ക് എറണാകുളത്തും തിരുവനന്തപുരത്തും ചെന്നൈയിലും ദുബായിലും ഊട്ടിയിലുമെല്ലാം വീടുണ്ട്. എന്നാൽ ഇത്രയും വീടുണ്ടായിട്ടും സ്വന്തം വീട്ടിൽ ഏറ്റവും കുറച്ച് ജീവിച്ച ഒരാളാണ് ഞാൻ. ശരിക്കും പറഞ്ഞാൽ എനിക്ക് വീടില്ല. ഹോട്ടൽമുറികളിൽനിന്ന് ഹോട്ടൽമുറികളിലേക്കുള്ള യാത്രയാണ് എന്റെ ജീവിതം. ഓഷോ രജനീഷ്, അദ്ദേഹത്തിന്റെ ആത്മകഥയിൽ ഒരിടത്ത് പറയുന്നുണ്ട്: 'നൂറിലധികം വീടുകളിൽ ഞാൻ താമസിച്ചിട്ടുണ്ട്. പക്ഷേ, ഒന്നുപോലും എന്റേതാണ് എന്ന് പറയാൻ സാധിക്കില്ല' എന്ന്. ഓരോ വീട്ടിലും താമസം തുടങ്ങുമ്പോൾ അദ്ദേഹം കരുതും, 'ഇത് എന്റേതാണ്' എന്ന്. കുറെക്കഴിഞ്ഞാൽ അവിടെനിന്ന് മാറും. അപ്പോൾ കരുതും, അടുത്തത് ഒരുപക്ഷേ, എനിക്ക് സ്വന്തമാകും. ഇതിന്റെ മറ്റൊരവസ്ഥയാണ് എന്റേത്. ഒരുപാട് വീടുണ്ടായിട്ടും വീടില്ലാത്തവന്റെ അവസ്ഥയിലാണ് ഞാൻ. ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ തിരിച്ചുചെല്ലുകയും പരിചരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഏതു വീടും സ്വന്തമാണ് എന്ന് തോന്നൂ. അതൊരു മാനസികാവസ്ഥയാണ്.

ഈ അവസ്ഥ ഞാൻ പലതരത്തിൽ മറികടക്കാൻ ശ്രമിക്കാറുണ്ട്. താമസിക്കുന്ന ഹോട്ടൽമുറികൾ ഏറ്റവും മനോഹരമായി അലങ്കരിക്കും. നല്ല ചിത്രങ്ങളും പൂക്കളും വെക്കും. ഒന്നും രണ്ടും മാസം തുടർച്ചയായി ഹോട്ടൽമുറിയിൽ കഴിയുക എന്നത് ദുസ്സഹമായ കാര്യമാണ്. പക്ഷേ, എനിക്കത് ഒഴിവാക്കാൻ കഴിയില്ല. അപ്പോൾ ഒരു സ്വകാര്യതാബോധം വരുത്താൻവേണ്ടി ചെയ്യുന്നതാണ് ഈ അലങ്കാരങ്ങൾ. എന്റെ വീട്ടുമുറിയെയും സ്വകാര്യലോകത്തെയും ഞാൻ എന്റെ ഹോട്ടൽമുറികളിൽ പുനഃസൃഷ്ടിക്കുന്നു. നമുക്ക് ആ മുറി വിട്ടു പോകുമ്പോൾ സങ്കടം തോന്നുംപോലെ ആ മുറിക്ക് നമ്മെ പിരിയുന്നതിലും ദുഃഖം തോന്നണം.'- ലാൽ എഴുതുന്നു. മോഹൻലാലിന്റെ ഈ ലേഖനം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാവുകയാണ്.