കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ഇടത് നേതാക്കൾ പരിപാടിയിലേക്ക് ബിജെപി നേതാക്കളെ ക്ഷണിച്ചത് ചോദ്യം ചെയ്യുകയും ഇത് ചർച്ചയാകുകയും ചെയ്തതോടെ ചെറുത്തുനിൽപ്പിന് ഒരുങ്ങി മുജാഹിദ് പ്രവർത്തകർ. ബിജെപി നേതാക്കൾ ആദ്യമായി പങ്കെടുക്കുന്ന മുസ്ലിം സംഘടന പരിപാടിയല്ല മുജാഹിദ് സമ്മേളനമെന്നും പി എസ് ശ്രീധരൻ പിള്ളയെ പങ്കെടുപ്പിക്കാത്ത ഒരു മുഖ്യധാരാ മുസ്ലിം സംഘടനയും ഇല്ലെന്നും മുജാഹിദ് നേതാക്കളും പ്രവർത്തകരും വ്യക്തമാക്കുന്നു. പാപം ചെയ്തവരെല്ലാം ഒറ്റ മുന്നണിയായി നിന്ന് നടത്തുന്ന കൂട്ടക്കല്ലേറിന്റെ ജുഗൽബന്ദിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ഇവർ പറയുന്നു.

ബിനോയ് വിശ്വവും ജോൺ ബ്രിട്ടാസുമായിരുന്നു പരിപാടിയിലേക്ക് ബിജെപി നേതാക്കളെ വിളിച്ചതിനെ രൂക്ഷമായി വിമർശിച്ചത്. ബിജെപി നേതാക്കളുടെ സാന്നിധ്യത്തെ വിമർശിച്ച ബിനോയ് വിശ്വത്തോട് എതിർപ്പ് കാര്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ജോൺ ബ്രിട്ടാസിനെ രൂക്ഷമായ ഭാഷയിലാണ് മുജാഹിദ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നത്. ശ്രീധരൻ പിള്ളയ്ക്ക് ബിനോയ് വിശ്വം നൽകിയ മറുപടി സ്വാഭാവികമാണ്. അദ്ദേഹത്തെ അറിയുന്നവർക്ക് അതിൽ അത്ഭുതമില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമർശനം സ്വാഗതം ചെയ്യപ്പെട്ടത്.

ബിനോയ് പരക്കെ നേടിയ അംഗീകാരം സോഷ്യൽ മീഡിയ വഴി അറിഞ്ഞ ജോൺ ബ്രിട്ടീസ് പക്ഷെ ബിനോയ് വിശ്വത്തിന്റെ ക്ലീൻ ഭൂതകാലമുള്ള ആളല്ല. പച്ചക്ക് വർഗീയത പറഞ്ഞ് കേരള പൊതുമണ്ഡലത്തെ കലുഷമാക്കിയതിൽ പ്രധാന പങ്കുവഹിച്ച കെ ജി മാരാരുടെ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്ത വേദിയിൽ കൈ കൂപ്പി, താണുവണങ്ങി ഒടിഞ്ഞ് മടങ്ങി കുനിഞ്ഞ് തൂങ്ങി നിന്ന്, ഇന്ദ്രനൊക്കും ഭവാൻ ചന്ദ്രനൊക്കും ഭവാൻ എന്ന് മാരാരെ വാഴ്‌ത്തി അവിടെയും തത്തുല്യ അളവിൽ വാങ്ങിയ കൈയടി ഇപ്പോഴും അദ്ദേഹത്തിന്റെ കീശയിലുണ്ടാകുമെന്നാണ് വിമർശനം.

സമ്മേളന വേദിയിൽ നാടകം കളിച്ച് കയ്യടി വാങ്ങിയ ബ്രിട്ടാസ് ബിജെപിയുമായി നേർക്കുനേരെയും മേശക്കടിയിലൂടെയും ബന്ധം പുലർത്തുന്ന കാന്തപുരം വിഭാഗം സുന്നികളുടെ വേദിയിൽ പോയി നേതാക്കളെ തിരിഞ്ഞു നോക്കി ഇതേ രീതിയിൽ സംസാരിക്കുമോ എന്നും ചോദ്യം ഉയരുന്നു. അങ്ങനെ ബിനോയ് ഒറ്റക്ക് കൈയടി നേടേണ്ട, ഞാനും എടുത്തോളാം കുറച്ച് എന്ന പോരുന്നത് പോരട്ടെ എന്ന രാഷ്ട്രീയക്കാരന്റെ ഗിമിക് അല്ലേ അദ്ദേഹം നടത്തിയതെന്നും ചോദ്യമുയരുന്നു.

സി പി എം നേതാക്കളെ, അവർ ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും മുജാഹിദ് പരിപാടികളിലേക്ക് സ്ഥിരമായി ക്ഷണിക്കാറുണ്ട്. എപ്പോഴെങ്കിലും ഒരു മുജാഹിദ് പ്രതിനിധിയെ, അല്ലെങ്കിൽ മുസ്ലിം സംഘടന പ്രതിനിധിയെ സി പി എം സമ്മേളനത്തിലേക്ക് ക്ഷണിക്കാറുണ്ടോ എന്നും പ്രവർത്തകർ ചോദ്യം ഉയർത്തുന്നു.

നിങ്ങൾ സംഘപരിവാറുകാരെ ഉൾക്കൊള്ളുന്നതുപോലെ അവർ നിങ്ങളെ ഉൾക്കൊള്ളുന്നുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യം. ന്യൂനപക്ഷങ്ങളെ ഉൾക്കള്ളാൻ തയ്യാറുണ്ടോ എന്ന് അവരുടെ മുഖത്ത് നോക്കി ചോദിക്കാനുള്ള ആർജവം മുജാഹിദ് നേതാക്കൾ കാണിക്കണം. ആർ എസ് എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌ക്കാരം മാറ്റിയെടുക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം കെ ജി മാരാരെക്കുറിച്ചുള്ള പുസ്തക പ്രകാശന വേദിയിൽ സംവാദങ്ങൾക്കുള്ള അവസാനത്തെ ഇടം ഈ കേരളമാണ്. അതുംകൂടി നമുക്ക് നഷ്ടപ്പെടാതെ നോക്കണമെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞിരുന്നത്. സംവാദങ്ങളൊക്കെ സി പി എമ്മുകാര് നടത്തിക്കോളാം.. നിങ്ങളാരാ അതൊക്കെ ചെയ്യാൻ എന്നാണോ ബ്രിട്ടാസ് ഉദ്ദേശിച്ചതെന്നും ചോദ്യം ഉയരുന്നു.

ഇതേ സമയം മുജാഹിദ് വേദിയിലെത്തി ഇസ്ലാമിന്റേത് അത്യുന്നത കാഴ്ചപ്പാടാണെന്നൊക്കെ പറഞ്ഞ ബിജെപി നേതാവും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളക്കെതിരെ പാർട്ടിയിൽ വിമർശനം ഉയരുന്നുണ്ട്. പ്രവാചകന്റെ മദീനയിലെ പള്ളി ഒരിക്കൽ ക്രിസ്തീയ സമൂഹത്തിനു പ്രാർത്ഥിക്കാൻ മലർക്കെ തുറന്ന് കൊടുത്ത സംഭവം ഇസ്ലാമിന്റെ ഉന്നത കാഴ്ചപാടിനെയാണ് എടുത്ത് കാണിക്കുന്നത്. യഹൂദന്റെ മൃതശരീരത്തോട് ബഹുമാനം കാണിച്ച പ്രവാചകന്റെ മാതൃക നാം പിന്തുടരണം എന്നൊക്കെയായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം. ഇതിന് മറുപടിയായി ശ്രീധരൻ പിള്ള പ്രസംഗ വേദിയിൽ പറയുന്നതല്ല സംഘപരിവാറിന്റെ രാഷ്ട്രീയത്തിന്റെ കാതലെന്നും ഗോൾവാൾക്കറുടെ സിദ്ധാന്തമാണ് ആർ എസ് എസും ബിജെപിയും നടപ്പാക്കുന്നതെന്നുമായിരുന്നു സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞത്. ബിജെപിക്ക് ഇരട്ട മുഖമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.