കോഴിക്കോട്: ഹമാസ് ഭീകരവാദികൾ ആണോ പോരാളികൾ ആണോ? ഇസ്രയേലിൽ കടന്നു കയറി 1,800 പേരെ അതിനിഷ്ഠൂരമായി വധിക്കുകയും, മൃതദേഹങ്ങളിൽ തുപ്പുകയും, 200 ഓളം പേരെ ബന്ദിയാക്കുകയും ചെയ്തിട്ടും, കേരളത്തിലെ ഇടതുപക്ഷ നേതാക്കൾക്ക് പോലും ഹമാസ് ഒരു ഭീകരസംഘടനയാണെന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല. മുമ്പ് മലയാളി നഴ്സ് കൊല്ലപ്പെട്ടപ്പോൾ ഭീകരാക്രമണം എന്ന് പറഞ്ഞ് പോസ്റ്റിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അത് തിരുത്തേണ്ടി വന്നിരുന്നു. ഇപ്പോൾ എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കൾക്കും സാംസ്കാരിക നായകർക്കും ഹമാസ് ഭീകരവാദികൾ അല്ല പോരാളികൾ ആണ്.

ഇങ്ങനെയിരിക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി എന്ന് പറഞ്ഞ്, കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് ഇന്ന് സമ്മേളനം നടത്തുന്നത്. ഹമാസ്, പോരാളികൾ ആണെന്ന് മുസ്ലിംലീഗിന്റെ എക്കാലത്തെയും വലിയ നിലപാട്. ഈ സമ്മേളനത്തിന്റെ ഉദ്ഘാടകൻ കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗവും എംപിയുമായ ശശി തരുർ ആയിരുന്നു. എന്നാൽ ആയിരങ്ങൾ തിങ്ങി നിറഞ്ഞ സമ്മേളനത്തിൽ ഹമാസിനെ ഭീകരവാദികൾ എന്ന് എന്നാണ് ശശി തരുർ വിശേഷിപ്പിച്ചത്. 'ഇസ്രയേലിൽ ആക്രമണം നടത്തിയത് ഭീകരവാദികൾ ആണ്. രണ്ടുഭാഗത്തുനിന്നും ഭീകരവാദി ആക്രമണം ഉണ്ടായി. പക്ഷേ ഇസ്രയേലിന്റെ പ്രതികരണം അതിരുകടന്നു'- ശശി തരൂർ പറഞ്ഞു. ഇത് ഫലത്തിൽ മുസ്ലിം ലീഗിന് വലിയ അടിയായി മാറിയിരിക്കയാണ്. തരൂരിനെ പങ്കെടുപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ലീഗ് അണികൾ പ്രതിഷേധം ഉയർത്തുന്നുണ്ട്.

'ഇത് ഒരു മുസ്ലിം പ്രശ്നമല്ല'

'ഗസ്സയിൽനടക്കുന്നത് കടുത്ത മനുഷ്യാകാശ ലംഘനമാണ്. സിവിലിയന്മാർ മരിച്ചുവീഴുന്നത് എല്ലാ യുദ്ധ നിയമങ്ങളുടെയും ലംഘനമാണ്. മുസ്ലിംലീഗ് നടത്തുന്നതുകൊണ്ട് ഇത് ഒരു മുസ്ലിം പ്രശ്നമായി കാണരുത്.''- കോഴിക്കോട് കടപ്പുറത്ത് സംസാരിക്കവെ തരൂർ പറഞ്ഞു.

പശ്ചിമേഷ്യയിൽ നടക്കുന്നത് സഹോദരീ സഹോദരന്മാർ തമ്മിലുള്ള പോരാട്ടമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. 'ഇസ്രയേലിന്റെ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. അവിടെ നിന്നുവരുന്ന മരണക്കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1,400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി. അതിന്റെ മറുപടിയായി ഇസ്രയേൽ ഗസ്സയിൽ ബോംബിങ് നടത്തി 6000 പേരെ കൊന്നുകഴിഞ്ഞു'- തരൂർ പറഞ്ഞു.

യുദ്ധ നിയമങ്ങളുടെ ലംഘനങ്ങളാണ് ഗസ്സയിൽ കാണുന്നത്. ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എല്ലാം ഇസ്രയേൽ നിർത്തി. എന്നിട്ട് ഗസ്സയിൽ ആക്രമണം നടത്തുമെന്നും ഉടൻ അവിടം വിട്ടുപോകാനും ആവശ്യപ്പെടുന്നു. ഇന്ധനമില്ലാതെ വ്യക്തികൾ എങ്ങനെയാണ് ഗസ്സയിൽനിന്ന് പുറപ്പെടുക? 19 ദിവസത്തെ യുദ്ധത്തിൽ ഏതാണ്ട് 70 ലോറികൾ മാത്രമേ റഫ അതിർത്തിവഴി സഹായങ്ങളെത്തിച്ചുള്ളൂ. അതിന്റെ 20 ഇരട്ടിയിലേറെ ഓരോ ദിവസവും അവിടെ ആവശ്യമുണ്ട്. ആശുപത്രികൾക്ക് വെള്ളവും വെളിച്ചവും നൽകാതെ ബുദ്ധിമുട്ടിക്കുന്നു.- തരൂർ പറഞ്ഞു.

ഗസ്സയിലും ലബനനിലും വെസ്റ്റ് ബാങ്കിലുമെല്ലാം ഇസ്രയേൽ നിരവധി പേരെ കൊന്നൊടുക്കി. 'ഇരുമ്പിന്റെ വാൾ' എന്നാണ് ഇസ്രയേൽ ഈ ഓപ്പറേഷനു നൽകിയിരിക്കുന്ന പേര്. എത്ര കുഞ്ഞുങ്ങളുടെ രക്തത്തിൽ മുക്കിയ വാളാണിതെന്ന് തരൂർ ചോദിച്ചു.ഗാന്ധിയുടെ കാലം മുതൽ ഇന്ത്യ ഫലസ്തീനൊപ്പമാണ്. ഫലസ്തീൻ അറബികളുടെ ഭൂമിയാണ്. അവിടെ കൈയേറുന്ന ഇസ്രയേൽ നടപടി തെറ്റാണ്. നെഹ്‌റുവും ഇന്ധിരാഗാന്ധിയും എല്ലാം ആ നിലപാട് സ്വീകരിച്ചവരാണ്. യു.എന്നിൽ ജോലിചെയ്തിരുന്ന സമയത്ത് യാസർ അറഫാത്തിനെ പലതവണ കാണാൻ അവസരമുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം ഇന്ധിരാഗാന്ധിയെ നന്ദിയോടെ സ്മരിച്ചുവെന്നും ശശി തരൂർ വ്യക്തമാക്കി.

എല്ലാവരെയും സ്വീകരിക്കുന്ന, എല്ലാവരും ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൽ ജൂതരെ സ്‌നേഹത്തോടെയാണ് നാം സ്വീകരിച്ചത്. ലോകത്ത് അഭയാർഥികളായെത്തിയ ജൂതർക്കെതിരേ ഒരു തരത്തിലുള്ള വിവേചനവും കാണിക്കാത്ത ഒരേയൊരു നാട് കേരളം മാത്രമേയുള്ളൂവെന്നും തരൂർ പറഞ്ഞു.

കേന്ദ്ര സർക്കാർ ഇസ്രയേലിനെ വെള്ളപൂശുന്നുവെന്നു റാലി ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. 'ഇസ്രയേലിനെ പിന്തുണയ്ക്കുന്നവർ ഭീകരതയുടെ കൂട്ടുപിടിക്കുന്നവരാണ്. ലോകത്തെ ഏറ്റവും വലിയ ഭീകര രാഷ്ട്രം ഇസ്രയേലാണ്. വാജ്പേയി പോലും ഫലസ്തീൻ അനുകൂല നിലപാടാണ് എടുത്തത്. അതുപോലും ഇന്നത്തെ ബിജെപി സർക്കാർ തള്ളിക്കളയുകയാണ്'' - സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രാർത്ഥനയും ഐക്യദാർഢ്യവുമാണ് നമ്മുടെ ആയുധമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി