തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർവാഹന വകുപ്പ് പ്രവർത്തിക്കുന്നത് പ്രൈവറ്റ് വാഹനങ്ങളുടെ നിയമലംഘനങ്ങൾ പരിശോധിക്കാൻ മാത്രമാണോ? ഇത്തരം വിമർശനങ്ങൾ ഇപ്പോൾ സൈബറിടത്തിൽ അടക്കം സജീവമാണ്. കാരണം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ബസിന്റെ സ്റ്റിക്കറുകൾ അടക്കം കീറി നിയമം പാലിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയത്.

അതേസമയം വാഹനങ്ങളിലെ രൂപമാറ്റത്തിനുള്ള പിഴ 5000-ൽനിന്ന് 10,000 ഉയർത്തിയത് ടൂറിസ്റ്റ് ബസുകൾക്ക് മാത്രമല്ല എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു. വാഹനങ്ങളിൽ വരുത്തുന്ന ഓരോ മാറ്റവും വ്യത്യസ്ഥ കേസുകളായി പരിഗണിച്ച് ഓരോനിന്നും 10,000 രൂപ വീതം പിഴ ഈടാക്കാനാണ് നീക്കം. ഇതോടെ തിരുവനന്തപുരത്ത് നഗരക്കാഴ്‌ച്ചക്കായി ഒരുക്കിയ കെഎസ്ആർടിസി ബസിന്റെ കാര്യത്തിൽ അടക്കം പ്രതിസന്ധി ഉടലെടുത്തിരിക്കയാണ്.

വടക്കഞ്ചേരിയിൽ അതിവേഗത്തിൽപോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിൽ ഇടിച്ച് ഒമ്പതുപേർ മരിച്ചതിനെ തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയാനാണ് പിഴ ഉയർത്തിയത്. 2019-ലെ കേന്ദ്ര മോട്ടോർവാഹനനിയമ ഭേദഗതിയിലാണ് രൂപമാറ്റത്തിനുള്ള പിഴ 10,000 രൂപയായി ഉയർത്തിയത്. എന്നാൽ പിഴ കൂടുതലാണെന്ന അഭിപ്രായമുയർന്നതിനെത്തുടർന്ന് പലതും സംസ്ഥാന സർക്കാർ പകുതിയാക്കിയിരുന്നു. രൂപമാറ്റത്തിന് 5000 രൂപയേ ഈടാക്കിയിരുന്നുള്ളൂ.

നിയമലംഘനങ്ങളും രൂപമാറ്റവും നിയന്ത്രണാതീതമായതോടെ കേന്ദ്രസർക്കാർ നിശ്ചയിച്ച 10,000 രൂപ പിഴ ഈടാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി. ഇതുസംബന്ധിച്ച ചട്ടഭേദഗതി അന്തിമഘട്ടത്തിലാണ്.

അതിതീവ്ര പ്രകാശമുള്ള ഹെഡ് ലൈറ്റുകളുടെ ഉപയോഗം, വേഗംകൂട്ടാനുള്ള കൃത്രിമ സംവിധാനങ്ങൾ, പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ടയറുകളും ഡിസ്‌കുകളും ഉപയോഗിക്കുക, ശബ്ദം കൂട്ടാൻ സൈലൻസറുകളിൽ മാറ്റംവരുത്തുക, സസ്‌പെൻഷനിൽ മാറ്റം വരുത്തുക, വാഹനത്തിന്റെ ഘടന മാറ്റുക തുടങ്ങിയ കുറ്റങ്ങൾക്കായിരിക്കും പരമാവധി പിഴചുമത്തുക.

അതേസമയ ടൂറിസ്റ്റ് ബസുകളിലെ ക്രമക്കേടുകൾ തടയാൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷൻ ഫോക്കസ് പരിശോധന ഞാറാഴ്ച സമാപിച്ചെങ്കിലും പരിശോധന തുടരും. രൂപമാറ്റംവരുത്തിയ കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്‌ക്കെതിരേ തുടർന്നും നടപടിയുണ്ടാകും. ഇരുചക്രവാഹനങ്ങളിൽ ഹാൻഡിൽ, ടയർ, സൈലൻസർ എന്നിവയിൽ മാറ്റംവരുത്തുന്നതും പിഴ ക്ഷണിച്ചുവരുത്തും.