ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൂട്ടുന്നത് ഗുജറാത്ത് ഓപ്പറേഷന് വേണ്ടി തന്നെ. സിസോദിയ വൈകാതെ അറസ്റ്റിലാകുമെന്ന് പറയുന്ന ബിജെപി വക്താവ് സംബിത് പത്ര ഇതിന്റെ സൂചനകളാണ് നൽകുന്നത്. അപ്പോൾ ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് എത്ര ശതമാനം കൂടുമെന്നും അദ്ദേഹം ചോദിച്ചു. ഇതിൽ നിന്ന് തന്നെ ഗുജറാത്ത് പക സിസോദിയയ്‌ക്കെതിരെ ഉണ്ടെന്ന് വ്യക്തമാകുകയാണ്.

സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയപ്പോൾ ഗുജറാത്തിൽ ആം ആദ്മി പാർട്ടിക്ക് 4% വോട്ട് കൂടിയെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാൾ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി വക്താവ്. ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിലായപ്പോൾ നിരപരാധിയാണെന്ന് ആർത്തുവിളിച്ചയാളാണ് കേജ്രിവാൾ. 4 മാസം ജയിലിൽ കിടന്നിട്ടും ജെയിന് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. കുറ്റം ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് ജാമ്യം കിട്ടാത്തത്- പത്ര വിശദീകരിച്ചു.

ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐ റെയ്ഡ് നടന്ന ശേഷം ഗുജറാത്തിൽ എ.എ.പിയുടെ വോട്ട് ഷെയർ നാല് ശതമാനം വർധിച്ചതായി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുമ്പോഴേക്കും അത് ആറ് ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സർക്കാരിന്റെ മദ്യ നയത്തിലെ ക്രമക്കേട് ആരോപിച്ച് സിസോദിയയുടെ താമസ സ്ഥലമടക്കം 31 ഇടത്താണ് സിബിഐ റെയ്ഡ് നടത്തിയത്. സിസോദിയ അടക്കം 15 പേരെ ചേർത്ത് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു.

'സിസോദിയക്കെതിരേ ചുമത്തിയിരിക്കുന്നത് വ്യാജ കേസാണ്. അദ്ദേഹം അന്വേഷണത്തെ സ്വാഗതം ചെയ്തതാണ്. അപകീർത്തിപ്പെടുത്തി ഭീഷണിപ്പെടുത്താമെന്ന് നോക്കേണ്ട. സിസോദിയെ അറസ്റ്റ് ചെയ്യാൻ സിബിഐക്ക് മുകളിൽ വലിയ സമ്മർദമാണുള്ളത്' - കെജ്രിവാൾ ആരോപിച്ചു. എംഎ‍ൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി 20 കോടിമുതൽ 50 കോടി വരെ ചിലവഴിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും പണിയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോയെന്നും കെജ്രിവാൾ ചോദിച്ചു. എന്റെ രണ്ട് കുട്ടികളും ഐ.ഐ.ടിയിൽ പഠിച്ചതാണ്. ഇതേ വിദ്യാഭ്യാസം എല്ലാവർക്കും നൽകണമെന്നാണ് എന്റെ ആഗ്രഹമെന്നും കെജ്രിവാൾ പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതി കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി സിബിഐ അറസ്റ്റിന്റെ സൂചനകൾ തന്നിരുന്നു. എന്നാൽ അറസ്റ്റ് നടന്നിട്ടില്ല. എഫ്ഐആറിൽ പേരുള്ള 15 പേർക്കെതിരെയാണ് സിബിഐയുടെ നോട്ടിസ്. പ്രതികൾ രാജ്യം വിടാതിരിക്കാനാണ് സിബിഐ നടപടി. കേജ്രിവാളും മനീഷ് സിസോദിയയും പ്രചരണത്തിനായി ഗുജറാത്തിൽ എത്താനിരിക്കെയാണ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. സിസോദിയയുടെ കൂട്ടാളിയെയും സിബിഐ കേസിൽ ചോദ്യം ചെയ്തിരുന്നു.

ഡൽഹിക്ക് പിന്നാലെ പഞ്ചാബ് സർക്കാരിന്റെ മദ്യ നയത്തിനെതിരെയും ആരോപണമുയരുകയാണ്. പഞ്ചാബ് മദ്യ നയവും സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ്സും, ശിരോമണി അകാലി ദള്ളും ആവശ്യപ്പെട്ടു. ഡൽഹി മദ്യനയ അഴിമതി സംബന്ധിച്ചുള്ള സിബിഐ അന്വേഷണം പഞ്ചാബ് സർക്കാരിനെയും പ്രതിസന്ധിയിൽ ആക്കുകയാണ്. പഞ്ചാബ് മദ്യ നയവും രൂപീകരിച്ചത് മനീഷ് സിസോദിയുടെ നിർദ്ദേശം അനുസരിച്ച് ആണെന്നും, ഇക്കാര്യവും സി ബി ഐ അന്വേഷിക്കണമെന്നും കോൺഗ്രസ്സും, ശിരോമണി അക്കാലി ദള്ളും ആവശ്യപ്പെട്ടിരുന്നു.