കൊച്ചി: ശാരീരിക വിഷമതകളും, ഭിന്നശേഷി ഉള്ളവർക്കും മാത്രം ജോലി നൽകുന്ന ഒരാളുണ്ട് കൊച്ചിയിൽ, പേര് ബിജിൽ ബിനോയി. മറ്റു ജോലികൾ ചെയ്യാൻ കഴിയുന്നവർക്കൊന്നും തന്റെ പക്കൽ ജോലി നൽകാനില്ലെന്ന് പറയുന്ന എറണാകുളം കൂത്താട്ടുകുളം സ്വദേശി ബിജിൽ കെ. ബിനോയി പുറത്തിറക്കിയ 'ഊമ പെണ്ണിന്റെ പ്രതികാര കഥ' പറയുന്ന 'ഊമ' എന്ന ഷോർട്ട്ഫിലിം സോഷ്യൽ ചർച്ചയാകുകയാണിപ്പോൾ. പുറത്തിറക്കിയ മൂന്നാംദിവസം തന്നെ രണ്ടരക്ഷത്തിലധികം പേർ യൂട്യൂബിൽ കണ്ട ഈ ഷോർട്ട്ഫിലിം പൊതുസമൂഹത്തിലെ യാഥാർഥ്യങ്ങൾ പച്ചക്ക് തുറന്നുകാട്ടുകയാണെന്നും കഥയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ബിജിൽ ബിനോയി പറയുന്നു.

പത്തു മണിക്കൂറുകൊണ്ട് ഷൂട്ട് ചെയ്ത ഷോട്ട് ഫിലിം ഭിന്നശേഷിക്കാർക്ക് എതിരെയുള്ള ലൈംഗികാതിക്രമത്തെ ആസ്പദമാക്കിയുള്ളതാണ്. ആതിരയാണ് കേന്ദ്രകഥാപാത്രമായ ഊമപ്പെണ്ണായി അഭിനയിച്ചത്. അനുയോജ്യമായ കാസ്റ്റിങ് നടത്തി പുറത്തിറക്കിയിരിക്കാൻ താൻ കാത്തിരുന്നത് ഒന്നര വർഷമാണെന്നും ബിജിൽ പറയുന്നു. പൊതുഇടങ്ങളിൽ മാത്രമല്ല, സ്വന്തം വീടകങ്ങളിൽപ്പോഴും ഭിന്നശേഷിക്കാർക്കെതിരെ വ്യാപകമായി അതിക്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇവക്കു ഒരു അറുതിവരുത്താനോ, ഇവരുടെ വിഷയം പൊതുജനങ്ങൾക്കിടയിൽ ചർച്ചയാകാനും ശ്രദ്ധിക്കപ്പെടുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു വിഷയം എടുക്കാൻ കാരണമെന്നും ബിജിൽ പറഞ്ഞു.

ഒന്ന് പ്രതികരിക്കാൻ പോലും കെൽപ്പില്ല എന്ന് തോന്നുമ്പോൾ, ഭിന്നശേഷിക്കാരോട് ഈ സമൂഹത്തിലെ ചില നീച ശക്തികൾ നടത്തുന്ന സെക്ഷ്വൽ അബ്യൂസ് അതി ഭീകരമാണ്. എന്നാൽ അതിലൊരാൾ പ്രതികരിക്കാൻ ഒരുമ്പെട്ടാൽ അതിന്റെ പരിണിത ഫലം എന്താണെന്ന് 'ഊമ' പ്രേക്ഷകർക്ക് കാട്ടിത്തരും.
നേരത്തെ 4.8 കോടി പേർ യൂടൂബിൽ കണ്ട പെണ്ണ് എന്ന ഷോർട്ട്ഫിലിമിൽ വില്ലൻ കഥാപാത്രമായി അഭിനയിച്ചാണ് ഷോർട്ട്ഫലിം രംഗത്തേക്കുവന്നത്. ഇതിൽ ഒരു ക്യാമറാമാൻ ആയാണ് അഭിനയിച്ചത്. തുടർന്ന് ജീവിതത്തിലും ക്യാമറാമാനായി മാറുകയും വിവിധ സെലബ്രറ്റികളുടെ സ്പെഷ്യൽ ഫോട്ടോഗ്രാഫറും, വീഡിയോ ഗ്രാഫറുമായി പ്രവർത്തിക്കുന്നുണ്ട്.

സെലിബ്രറ്റി ഓൺലൈൻ പ്രമോട്ടറും, സെലിബ്രറ്റി ഫോട്ടോഗ്രാഫറുമായ ബിഗിൽ 'യൂവി ഫിലിംസ്' എന്ന പേരിൽ ഒരു ഓൺലൈൻ പ്രമോഷൻ സ്ഥാപനം നടത്തിവരുന്നുണ്ട്. ഇതിന്റെ ഓൺലൈൻ പ്രമോഷൻ ജോലിക്കുവേണ്ടിയായാണ് ശാരീരിക വിഷമതകളുള്ളവരെ മാത്രം നിയമിക്കുന്നത്. മറ്റുജോലികളൊന്നും ചെയ്യാൻ കഴിയാത്തവർക്ക് മാത്രമാണ് യൂവി ഫിലിംസ് ഓൺലൈൻ പ്രമോഷൻ സ്ഥാപനത്തിൽ ജോലിനൽകുന്നത്. പുറത്തുവന്നു ജോലിചെയ്യാൻ
കഴിയാത്തവരെയാണ് ഇങ്ങനെ നിയമിക്കുന്നതെന്നും ഈ യുവാവ് പറയുന്നു.

ശരീരം അനങ്ങിയാൽ എല്ലുകൾ ഒടിഞ്ഞു നുറുങ്ങുന്ന(ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട, ബ്രിട്ടിൽ ബോൺ ഡിസീസ്) അസുഖമുള്ള നാലുപേരും, ഭിന്നശേഷിയുള്ള ഒരാളും അടക്കം നിരവധി പേർ ഇവിടെ ജോലിചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടയിൽ സമാന അസുഖങ്ങളുള്ള 10 ലധികംപേർക്ക് ഇത്തരം ജോലി നൽകിയിരുന്നതായും ബിജിൽ പറഞ്ഞു. സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയാ പേജുകൾ കൈകാര്യം ചെയ്യൽ, ട്രോൾ പേജുകളുടെ പ്രവർത്തനം എന്നിവയാണ് ഇവരുടെ ജോലി. മലയാളത്തിലെ വിവിധ സെലിബ്രിറ്റികളുടെ പേജുകൾ നിലവിൽ ബിജിൽ കൈകാര്യംചെയ്യുന്നുണ്ട്. തന്റെ സ്ഥാപനത്തിൽ അംഗപരിമിതർ ഉൾപ്പെടെയുള്ള മറ്റു ജോലികൾ ചെയ്യാൻ പ്രയാസമുള്ളവർക്ക് ഇനിയും ജോലി നൽകാൻ ആഗ്രഹമുണ്ടെന്നും സ്ഥാപനത്തിന്റെ ഓരോ ഉയർച്ചയിലും ആവശ്യമാകുന്ന മുറക്ക് ഇത്തരത്തിലുള്ളവരെ കൂടുതലായി നിയമിക്കണമെന്നാണ് ആഗ്രഹമെന്നും ബിജിൽ പറഞ്ഞു