ന്ത്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലും കോടാനുകോടി മൺചിരാതുകൾ കണ്ണുചിമ്മിയപ്പോൾ അത് ലോകം ഏറ്റെടുത്തു. തിന്മയുടെ മേൽ നന്മയുടെ വിജയം മനസ്സിൽ നന്മ കാത്തുസൂക്ഷിക്കുന്നവർ ഏറ്റെടുത്തപ്പോൾ ദീപാവലി ലോകത്തിന്റെ തന്നെ ഉത്സവമായി മാറി. രാവണ നിഗ്രഹം നടത്തി, ലോകപാലനം ചെയ്ത ശ്രീരാമന്റെ അയോദ്ധ്യയിലേക്കുള്ള തിരിച്ചു വരവിനെ സ്വാഗതം ചെയ്യുവാൻ, ദീപാലങ്കാരങ്ങളാൽ സരയൂ നദി ഒരുങ്ങി. അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന ഭക്തിസാന്ദ്രമായ മന്ത്രോച്ഛാരണ ധ്വനികൾക്കൊപ്പം പ്രധാനമന്തിർ നരേന്ദ്ര മോദി മൺചിരാതിലെ ദീപനാളത്താൽ ആരതിയുഴിഞ്ഞപ്പോൾ തുടിച്ചത് ലോകത്തിന്റെ തന്നെ മനസ്സായിരുന്നു.

യു കെയിൽ ഇത്തവണ ദീപാവലിക്ക് ഇരട്ടി ശോഭയായിരുന്നു. മഹത്തായ ഭാരതീയ സംസ്‌കാരത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഋഷി സുനാക് യു കെയുടെ പ്രധാനമന്ത്രിയായതിന്റെ ശോഭ. ഹിന്ദു, സിക്ക്, ജൈന വിഭാഗത്തിൽ പെട്ടവർ ഒത്തുകൂടിയപ്പോൾ മറ്റു മതക്കാർക്കും ആഹ്ലാദത്തിൽ പങ്കെടുക്കാതിരിക്കാൻ കഴിഞ്ഞില്ല. തലസ്ഥന നഗരിയിലും ലെസ്റ്റർ പോലെ ഇന്ത്യൻ വംശജർ ധാരാളമായുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ദീപ ശോഭയോടെ ദീപാവലി ആഘോഷിക്കപ്പെട്ടു.

ലോകത്തെ വിഴുങ്ങാൻ നിൽക്കുന്ന അശാന്തിയെന്ന അന്ധകാരം നീക്കാൻ, സമാധാനത്തിന്റെ ദീപം തെളിച്ച്, പാടും നൃത്തവുമായി യു കെ ദീപാവലി ആഘോഷിച്ചപ്പോൾ മറ്റ് യൂറോപ്യൻ നഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. പടക്കം പൊട്ടിച്ചുംആർപ്പു വിളിച്ചും മധുരം പങ്കിട്ടും ലോകമാകെ നന്മയുടെ വിജയം ആഘോഷിച്ചു. മുൻ വിശ്വസുന്ദരി പ്രിയങ്ക ചോപ്രയുടെ ദീപാവലി ആഘോഷം പാശ്ചാത്യ മാധ്യമങ്ങളിൽ ഏറേ ശ്രദ്ധനേടുകയും ചെയ്തു.തന്റെ ഭാര്യാമാതാവിന്റെ കൈപിടിച്ച് ആദരവോടെ പ്രിയങ്കയുടെ ഭർത്താവും ഗായകനുമായ നിക്ക് ജോനാസ് ആഘോഷങ്ങൾക്ക് തുടക്കമിടുന്ന ചിത്രം സമൂഹ മാധ്യമങ്ങളിലും വൈറലായി.

അതേസമയം, ഇന്ത്യയിൽ ആഘോഷങ്ങൾക്കൊപ്പം ഭക്തിസാന്ദ്രമായ ഒരു ദിവസം കൂടിയായിരുന്നു ദീപാവലി ദിനം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്കായി പലയിടങ്ങളിലും പ്രത്യേക പൂജകൾ നടന്നു. നഗരങ്ങളും പട്ടണങ്ങളും വർണ്ണപ്രഭയിൽ മുങ്ങിയപ്പോൾ, കടകളിൽ എല്ലാം തന്നെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടു വർഷക്കാലം കൊറോണ നിയന്ത്രണങ്ങളിൽ പ്രഭ മങ്ങിപ്പോയ ദീപാവലി പഴയ പ്രതാപത്തോടെ വൻ തിരിച്ചു വരവ് തന്നെ നടത്തി.

സരയൂ നദിക്കരയിൽ 15 ലക്ഷം മൺചിരാതുകളായിരുന്നു 45 മിനിറ്റോളം ഇമവെട്ടാതെ ജ്വലിച്ചു നിന്നത്. ഏകദേശം 22, 000 സന്നദ്ധ സേവകർ, ദീപം അണയാതെ കാത്തുസൂക്ഷിക്കാൻ അവിടെയുണ്ടായിരുന്നു. രാമജന്മ സ്ഥലമായ അയോദ്ധ്യ ദീപാവലി പ്രഭയിൽ കുളിച്ചപ്പോൾ ആ പ്രഭ ലോകമാകെ പകരുന്ന പ്രതീതിയായിരുന്നു ഇന്നലെ അനുഭവവേദ്യമായത്.