ലണ്ടൻ: കാമില രാജ്ഞി സഞ്ചരിച്ചിരുന്ന വിമനത്തിന് പക്ഷിയിടിച്ചതിനെ തുടർന്ന് തകരാറ് സംഭവിച്ചു. ബംഗലൂരുവിൽ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സിന്റെ ബോയുംഗ് 777-200 ഇ ആർ വിമാനമാണ് അപകടത്തിൽ പെട്ടത്. ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് അല്പം മുൻപായി ആണ് സംഭവം നടന്ന്ത്. ബക്കിങ്ഹാം കൊട്ടാരം ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, ബംഗലൂരുവിൽ നിന്നും ചികിത്സ കഴിഞ്ഞ് മടങ്ങിയ കാമില രാജ്ഞി അതിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

വിമാനത്തിന്റെ മുൻവശത്ത് വെതർ റഡാർ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്താണ് പക്ഷിയിടിച്ചത്. ആ ഭാഗം ഏതാണ്ട് പൂർണ്ണമായി തന്നെ തകർന്നു എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ, വിമാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഈ അപകടത്തിൽ ഉണ്ടായിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വതവെ വിമാനയാത്ര ചെയ്യാൻ ഭയമുള്ള ആളാണ് എന്ന് പരസ്യമായി സമ്മതിച്ചിട്ടുള്ള വ്യക്തിയാണ് കാമില രാജ്ഞി. ഒരിക്കൽ ഒരു ചെറിയ സ്വകാര്യ വിമാനത്തിൽ കയറൻ മടിച്ച്, അതിന്റെ പടികളിൽ ഇരുന്ന് വാർത്ത സൃഷ്ടിച്ച വ്യക്തികൂടിയാണവർ.

വിമാനത്തിനകത്ത് തന്നെ ഭർത്താവ് ചാൾസിന്റെ കൈകളിൽ മുറുകെ പിടിച്ച് അവർ ഇരിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. അതേസമയം, ഒരു പൈലറ്റ് കൂടിയായ ചാൾസ് മൂന്നാമൻ തന്റെ ഭാര്യയുടെ ഈ ഭയത്തോട് എപ്പോഴും അനുതാപപൂർവ്വം തന്നെയാണ് പ്രതികരിക്കാറുള്ളത്. ചാൾസ് തന്റെ ഔദ്യോഗിക ചുമതലകളുമായി തിരക്കേറിയ ജീവിതം മുൻപോട്ട് കൊണ്ടു പോകുമ്പോൾ, 75 കാരിയായ കാമില ബംഗലൂരുവിൽ ചെറിയൊരു ഒഴിവുകാല യാത്രക്ക് എത്തിയതായിരുന്നു.

യോഗ, ആയുർവേദ, ഹോമിയോപതി, ചികിത്സകളും, പ്രകൃതി ചികിത്സയും നൽകുന്ന സൗഖ്യ ഹോളിസ്റ്റിക് ഹെൽത്ത് റിട്രീറ്റിൽ ഇത് ഏഴാം തവണയാണ് അവർ സുഖ ചികിത്സക്കായി എത്തുന്നത് 30 ഏക്കറോളം ഓർഗാനിക് ഫാമിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ നൂറോളം രോഗങ്ങൾക്കുള്ള സമഗ്ര ചികിത്സയും നൽകിവരുന്നുണ്ട്. 2019-ൽ ഇവിടെ വച്ചായിരുന്നു ചാൾസിന്റെ 71-ാം പിറന്നാൾ ആഘോഷിച്ചത്. അന്ന് ഇരുവരും ചേർന്ന് ഇവിടത്തെ സസ്യാഹാരം കഴിച്ച് പിറന്നാൾ ആഘോഷിച്ചത് വാർത്തയായിരുന്നു.