ലണ്ടൻ: ആഗോളതലത്തിൽ തന്നെസമ്പദ്രംഗം ഒരു മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ പല ഭീമന്മാർക്കും അടിതെറ്റുന്ന കാഴ്‌ച്ചയാണ് ആഗോള വിപണിയിൽ ദൃശ്യമാകുന്നത്. എലൺ മസ്‌കിന്റെ ടെസ്ലക്കും, സക്കൻബർഗിന്റെ ഫേസ്‌ബുക്കിനും പുറകെ ഇപ്പോഴിതാ ആമസോണും 1 ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്നും പുറത്തായിരിക്കുന്നു. 2020 ഏപ്രിലിനു ശേഷം ആമസോണിന്റെ മൂല്യം തുടർച്ചയായി കുറയുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചത് കുത്തനെയുള്ള ഒരു വീഴ്‌ച്ച തന്നെയാണ്.

കഴിഞ്ഞ നവംബറിനു ശേഷം ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്നും പുറത്താകുന്ന മൂന്നാമത്തെ അന്താരാഷ്ട്ര ഭീമനാണ് പ്രമുഖ ഈ കോമേഴ്സ് കമ്പനിയായ ആമസോൺ. നവംബറിനു ശേഷം കമ്പനിയുടെ വിപണി മൂല്യത്തിൽ 44 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഓഹരി മൂല്യം 5.9 ശതമാനം ഇടിഞ്ഞ് 96.79 ബില്യൺ ഡോളറായതോടെയാണ് ട്രില്യൺ ഡോളർ ക്ലബ്ബിൽ നിന്നും പുറത്തായത്.

മൊത്തത്തിൽ ആറ് വലിയ ടെക്ക്കമ്പനികൾക്ക് കൂടി 4.35 ട്രില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് എന്നിവർ പക്ഷെ ഇപ്പോഴും ട്രില്യൺ ഡോളർ ക്ലബിൽ തുടരുന്നുണ്ട്. ആൽഫബെറ്റ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് കഴിഞ്ഞ നവംബറിലായിരുന്നു ടെസ്ല ട്രില്യൺ ക്ലബ്ബിൽ നിന്നും പുറത്തായത്. അതിന്റെ ഏറ്റവും ഉയർന്ന മൂല്യത്തിൽ എത്തി ആഴ്‌ച്ചകൾക്കകമാണ്ഇത് സംഭവിച്ചത്.

ഫേസ്‌ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമകളായ മെറ്റ കഴിഞ്ഞ വർഷംജൂണിലായിരുന്നു ട്രില്യൺ ക്ലബ്ബിൽ പ്രവേശിച്ചത്. പക്ഷെ അധികകാലം അവിടെ തുടരാനായില്ല. സെപ്റ്റംബറിൽ അവിടെനിന്നും പുറത്താവുകയായിരുന്നു. ഈ കമ്പനികൾ എല്ലാം തന്നെ മൂല്യത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനു ശേഷം ഇരട്ടക്ക ശതമാനത്തിലുള്ള ഇടിവാണ് രേഖപ്പെടുത്തിയത് എന്ന് ഫോർച്യുൺ വിശകലനം ചെയ്യുന്നു.

മെറ്റക്ക് ഇടിവുണ്ടായത് 77.1 ശതമാനമാണെങ്കിൽ ആമസോണിന് ഇടിവുണ്ടായത് 45.1 ശതമാനവും ടെസ്ലക്ക് 41,8 ശതമാനവും ആയിരുന്നു. അതേസമയം ആല്ഫബെറ്റിന്റെ മാർക്കറ്റ് ക്യാപ് 38.6 ശതമാനം ഇടിഞ്ഞപ്പോൾ മൈക്രോസോഫ്റ്റിന് അഭിമുഖീകരിക്കേണ്ടി വന്നത് 32,8 ശതമാനത്തിന്റെ ഇടിവായിരുന്നു. കാര്യമായ പരിക്കുകൾ ഇല്ലാതെ പിടിച്ചു നിന്ന ആപ്പിളിനും 18. 3 ശതമാനം ഇടിവ് സംഭവിച്ചു. ഈ ഇടിവുകൾ സൂചിപ്പിക്കുന്നത് ഈ കമ്പനികളുടെ സംയുക്ത മൂല്യത്തിൽ നിന്നും 4.35 ട്രില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചു എന്നാണ്.