പത്തനംതിട്ട: കോൺഗ്രസ് പുനഃസംഘടനയിൽ പത്തനംതിട്ട കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. പത്തനംതിട്ടയിലെ ബ്ലോക്ക് പ്രസിഡന്റുമാരിൽ ബന്ധുക്കളും പേമെന്റ് സീറ്റുകാരും പി എ മാരും ഉണ്ടെന്നാണ് ആരോപണം. കോൺഗ്രസ് ഹൈക്കമാണ്ടിന് പരാതി നൽകാനാണ് നീക്കം. ഏഴുമറ്റൂരിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ ബന്ധു പാർട്ടി മെമ്പർഷിപ് പോലും ഇല്ലാത്ത പ്രസിഡന്റായി എന്നാണ് ആരോപണം. പത്തനംതിട്ടയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ കൂടുതൽ കരുത്തുള്ളതാക്കുന്നതാണ് തീരുമാനം.

ഡോ പി കെ മോഹൻരാജിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെ പാർട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരണം ശക്തമാണ്. പി ജെ കുര്യന്റെ പിന്തുണ ഉറപ്പാക്കാൻ പ്രത്യുപകാരമായി കുരിയന്റെ പി എ ആയ ഈപ്പൻ കുര്യനെ തിരുവല്ല ബ്ലോക്ക് പ്രസിഡന്റാക്കി എന്നാണ് ആക്ഷേപം. തിരുവല്ലയിൽ മറ്റൊരാളെ ബ്ലോക്ക് പ്രസിഡന്റക്കാൻ പണം വാങ്ങി എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് കുര്യന്റെ വിശ്വസ്തൻ ആ പദവിയിൽ എത്തിയത്.

ആറന്മുളയിൽ മുൻ എം എൽ എ ശിവദാസൻ നായരുടെ അനന്തിരവൻ ശിവപ്രസാദും എത്തി. ഇതും വിവാദമാകുന്നു. എന്നാൽ ശിവപ്രസാദിന് എല്ലാ യോഗ്യതകളുമുണ്ടെന്നും വാദമുണ്ട്. ഏതായാലും വിവിധ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടലിലാണ്. ഇവിടെ ഒരു മന്ത്രിയുടെ ഓഫീസ് സെക്രട്ടറിയെ നിയമിക്കാനായിരുന്നു ആദ്യ നീക്കം. അവസാന നിമിഷം ബന്ധുവിനെ പ്രസിഡന്റാക്കിയെന്നും പറയുന്നു. പത്തനംതിട്ട പുനഃസംഘടനയിൽ ഇത്തവണ ആന്റോ ആന്റണി എം അടൂർ പ്രകാശ് എന്നീ രണ്ട് എം പി മാരുടെ നിർദ്ദേശങ്ങൾ കൂടുതൽ പരിഗണിച്ചുവെന്നും പരാതിയുണ്ട്.

ആന്റോ ആന്റണി റാന്നി,പന്തളം,പത്തനംതിട്ട,എന്നിവിടങ്ങളിൽ സ്വന്തം നോമിനികളെ നിയമിച്ചു.അടൂർ പ്രകാശിന് കോന്നിയിൽ പ്രാധാന്യം നൽകി. അതിനിടെ അനർഹരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി ക്ക് പരാതികൾ പ്രവഹിക്കുകയാണ്. പത്തനംതിട്ടയിൽ നിന്നും നിരവധി പരാതികൾ ഹൈക്കമാണ്ടിന് കിട്ടിക്കഴിഞ്ഞു. നേരത്തെ പത്തനംതിട്ട ഡിസിസി പ്രസിഡന്റായിരുന്ന ബാബു ജോർജിനെ പുറത്താക്കിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവുണ്ടായിരുന്നു. തിരിച്ചെടുക്കാൻ ആവശ്യം ഉന്നയിച്ചു കെപിസിസി ജനറൽ സെക്രട്ടറിയുടെ കത്ത് പുറത്തുവന്നു. പുറത്താക്കാൻ കൂട്ട് നിന്നു എന്ന് ബാബു ജോർജ് കുറ്റപ്പെടുത്തിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധുവാണ് ബാബുവിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ സുധാകരന് കത്തു നൽകിയത് എന്നതാണ് ശ്രദ്ധേയം. തന്റെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് ഉണ്ടായതെന്നും കത്തിൽ മധു ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിലെ ഗ്രൂപ്പിസിന്റെ ഭാഗമായാണ് സംഘർഷം ഉണ്ടായത്. പുനഃസംഘടനാ സമിതിയിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം സസ്പെൻഡ് ചെയ്തതിന്റെ പഴി ചുമക്കാൻ മനസില്ലെന്ന രീതിയിലാണ് കത്ത്. ഡിസിസി ഓഫീസിൽ നടന്ന പുനഃസംഘടനാ സമിതി യോഗം ബഹിഷ്‌കരിച്ച എ ഗ്രൂപ്പ് നേതാക്കളായ മുൻ എംഎൽഎ ശിവദാസൻ നായർ, മുൻ ഡിസിസി പ്രസിഡന്റ്മാരായ മോഹൻ രാജ്, ബാബു ജോർജ് ഡിസിസി ഓഫീസിൽ വലിയ ബഹളവും വെല്ലുവിളിയും നടത്തി. ഇതിനിടെ ബാബു ജോർജ്. ഡിസിസി പ്രസിഡന്റിന്റെ ഓഫീസിന്റെ കതക് ചവുട്ടിപ്പൊളിക്കാൻ ശ്രമിക്കുന്ന ബാബു ജോരജിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ തിരിച്ചടിച്ചു.

അതേ തുടർന്ന് കെപിസിസി ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. ആന്റോ ആന്റണി, പി ജെ കുര്യൻ, പഴകുളം മധു, അടൂർ പ്രകാശ് ഡിസിസി പ്രസിഡന്റ് എന്നിവർ കെപിസിസിയിൽ സമ്മർദം ചെലുത്തിയാണ് നടപടി എടുത്തത് എന്നായിരുന്നു ബാബു ജോർജിന്റെ ആക്ഷേപം. സംസ്ഥാനത്തെ കോൺഗ്രസിൽ ഗ്രൂപ്പ് കിടമത്സരം അവസാനിപ്പിക്കാൻ നടന്ന ചർച്ചയിലും വയനാട്ടിൽ നടന്ന കെപിസിസി ഏകദിന ശില്പശാലയിലും ഇതിനുവേണ്ടി അവശ്യം ഉയർന്നെങ്കിലും നേതൃത്വം ഗൗനിച്ചില്ല.

ഈ സാഹചര്യത്തിലാണ് കോൺഗ്രസ്സ് ദേശീയ സംഘടനാ ജനറൽ സെക്രെട്ടറി കെ സി വേണുഗോപാലിന്റെ വിശ്വസ്ഥരിൽ ഒരാളായ പഴകുളം മധു ബാബു ജോർജിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കത്ത് നൽകിയത്.