ഇടുക്കി: ഉടുമ്പൻചോല മണത്തോട് ജെ സി പ്ലാന്റേഷനിൽ സംഘർഷം. സി ഐ ടി യു വനിത തൊഴിലാളികൾ കൂട്ടം ചേർന്ന് ആക്രമിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാനേജർ ഇന്ദിര കുമാരി. സിഐടിയു തൊഴിലാളികൾ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും വിളവെടുപ്പ് തടസപ്പെടുത്തിയതായുമാണ് ആരോപണം. എസ്റ്റേറ്റ് മാനേജർ ഇന്ദിര കുമാരി ഇത് സംബന്ധിച്ച് ഉടുമ്പൻചോല പൊലീസിൽ പരാതി നൽകി.

ഓരോരുത്തരും പ്രത്യേകം വിളവ് എടുക്കണമെന്നും ഇത് വൈകുന്നേരം തൂക്കി നോക്കുമെന്നും പറഞ്ഞപ്പോൾ സിഐടിയു തൊഴിലാളികൾ അത് വകവെച്ചില്ല. തുടർന്ന് കൂട്ടം ചേർന്ന് ആക്രമിച്ചെന്നും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റ് തൊഴിലാളികൾ എത്തിയാണ് രക്ഷിച്ചതെന്നും ഇന്ദിരകുമാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അതിനിടെ ഇന്ദിരകുമാരി മർദ്ദിച്ചെന്ന് ആരോപിച്ച് സിഐടിയു തൊഴിലാളികളായ വളർമതി, കവിത, ശെൽവി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മൊഴി പ്രകാരം സംഭവത്തിൽ കേസെടുത്തതായി ഉടുമ്പൻചോല പൊലീസ് അറിയിച്ചു. തങ്ങൾ ജോലി ചെയ്യുന്നത് ഇന്ദിരകുമാരി മൊബൈലിൽ വീഡിയോ എടുത്തെന്നും ഇത് ചോദ്യം ചെയ്തപ്പോൾ തങ്ങളെ ആക്രമിക്കുകയായിരുന്നെന്നുമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിഐടിയു തൊഴിലാളികൾ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഏപ്രിലിൽ എസ്റ്റേറ്റ് ജീവനക്കാരായ രാജ ,ഗോപൻ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.തൊഴിലാളികളെ സിഐടിയു-സിപിഎം പ്രവർത്തകർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നെന്നും ഒരു ലക്ഷം രൂപ പാർട്ടി ഫണ്ടിലേയ്ക്ക് നൽകാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്നും തോട്ടം ഉടമ ഉടമ തിരുവനന്തപുരം സ്വദേശി ജേക്കബ്ബ് തോമസ് ആരോപിച്ചിരുന്നു.