തിരുവനന്തപുരം: കേരള സർവകലാശാലയിലെ കൂട്ടത്തോൽവി വിവാദം കത്തി നിൽക്കേ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ വിജയിപ്പിച്ചതായും സംശയം. കോളേജുകളിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുക്കാതിരുന്ന സർവകലാശാല അധികൃതർ കുറച്ച് കുട്ടികളെ തോൽപ്പിച്ചും കുറച്ച് പേരെ ജയിപ്പിച്ചും ഫലം പ്രസിദ്ധീകരിച്ചിരിക്കുമെന്നാണ് കരുതുന്നത്.

സർവകലാശാല സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിലെ മലയാളം വിദ്യാർത്ഥികളെയാണു പരീക്ഷയ്ക്കു ഹാജരായില്ലെന്നു പറഞ്ഞു കൂട്ടത്തോടെ തോൽപിച്ചത്. ഇതിൽ പന്തളം എൻഎസ്എസ് കോളജിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ കോളജിൽ പോയി അറ്റൻഡൻസ് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ കോളേജിൽ നിന്നും കൊണ്ടു പോയിട്ടില്ലെന്ന വിവരം കുട്ടികൾ അറിയുന്നത്. ഉത്തരക്കടലാസുകൾ കോളേജിൽ നിന്നു എടുത്തു കൊണ്ട് പോകാതെയാണ് കുട്ടികളെ തോൽപ്പിച്ച് സർവ്വകലാശാല അധികൃതർ മാതൃകയായത്.

തങ്ങൾ തോറ്റെന്ന വിവരം സർവ്വകലാശാലാ വെബ്‌സൈറ്റിൽ നിന്നും മനസ്സിലാക്കിയ പന്തളം എൻഎസ്എസ് കോളജിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ കോളജിൽ പോയി അറ്റൻഡൻസ് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു. ഹാജർ രേഖ ഉണ്ടെന്ന് ഉറപ്പിച്ച വിദ്യാർത്ഥികൾ തങ്ങളെ കൂട്ടത്തോടെ തോൽപിച്ചെന്ന് കോളജ് ജീവനക്കാരോടു പറഞ്ഞപ്പോൾ ഉത്തരക്കടലാസുകൾ അവിടെനിന്നു കൊണ്ടുപോയില്ലെന്ന് കോളേജ് അധികൃതർ പ്രതികരിക്കുക ആയിരുന്നു.

മലയാളത്തിന്റെ ഉത്തരക്കടലാസുകൾ മാത്രമല്ല, ബിഎയുടെ മറ്റു വിഷയങ്ങളുടെയും ബികോമിന്റെയും ഉത്തരക്കടലാസുകൾ ഫലം വന്നശേഷം കൊണ്ടുപോയിരിക്കാമെന്ന സംശയം ഇതോടെ ഉയർന്നു. മറ്റു പേപ്പറുകൾ മൂല്യനിർണയം നടത്താതെ തന്നെ കുറച്ചുപേരെ തോൽപിച്ചും ജയിപ്പിച്ചും ഫലം പ്രസിദ്ധീകരിച്ചിരിക്കാമെന്ന് അദ്ധ്യാപകർ പറഞ്ഞു. പക്ഷേ, ഉത്തരക്കടലാസുകൾ എന്നു കൊണ്ടുപോയെന്നോ, ഏതൊക്കെ വിഷയങ്ങളുടെ പേപ്പർ ഉണ്ടായിരുന്നെന്നോ പ്രതികരിക്കാൻ കോളജ് അധികൃതർ തയാറായില്ല. വിവരങ്ങൾ പങ്കുവയ്ക്കുന്നതിനു സർവകലാശാലയിൽ നിന്നു വിലക്കുണ്ടെന്നാണ് അവർ പറഞ്ഞത്. അതേസമയംഉത്തരക്കടലാസുകൾ സർവകലാശാലാ ഉദ്യോഗസ്ഥർ ഏറ്റെടുത്തില്ലെങ്കിൽ അക്കാര്യം ഓർമിപ്പിക്കാൻ കോളജുകൾക്കു ബാധ്യതയുണ്ടെന്നാണു നിർദ്ദേശം.

അതേസമയംപരീക്ഷത്തട്ടിപ്പു ചെറുക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങളും കേരളാ സർവ്വകലാശാല ഉപേക്ഷിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ പ്രവർത്തകർ പരസ്പരം കത്തിക്കുത്തു നടത്തിയതിനെത്തുടർന്നു നടത്തിയ റെയ്ഡിലാണ് സർവകലാശാലയുടെ പരീക്ഷാ ഷീറ്റുകൾ പ്രതിയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തത്.

ഒട്ടേറെ വിവാദങ്ങൾക്കു പിന്നാലെ പരീക്ഷ കർശനമാക്കാൻ സർവകലാശാല തീരുമാനിച്ചു. ഇതനുസരിച്ച്, പരീക്ഷ കഴിഞ്ഞാൽ വൈകിട്ട് 5നു മൊത്തം വിദ്യാർത്ഥികൾ, ഹാജരായ വിദ്യാർത്ഥികൾ എന്നിവരുടെ കണക്ക് കോളജുകളിൽ നിന്നു സർവകലാശാലയ്ക്ക് അയയ്ക്കണം. ആ സംവിധാനം 6 മാസം കഴിഞ്ഞതോടെ നിലച്ചു. ഇപ്പോൾ ഹാജർ പരിശോധിക്കുന്ന സംവിധാനവുമില്ല. മുൻപു പരീക്ഷാ പേപ്പറുകൾ പരമാവധി ആഴ്ചാവസാനമെങ്കിലും സർവകലാശാലാ ജീവനക്കാർ നേരിട്ടെത്തി ഏറ്റെടുക്കുമായിരുന്നു. അടുത്ത പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകളുമായാണു ജീവനക്കാർ എത്തുന്നത്. ഇപ്പോൾ ഒരു മാസം വരെ കോളജുകളിൽ ഉത്തരക്കടലാസ് സൂക്ഷിക്കും.

ജൂൺ രണ്ടാം വാരം സമാപിച്ച ബിഎ (ആന്വൽ സ്‌കീം) അവസാന വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകൾ സർവകലാശാല ചൊവ്വാഴ്ച മുതലാണ് ഏറ്റെടുത്തു തുടങ്ങിയത്. കേരളയിൽ പിജിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണ്. ചൊവ്വാഴ്ച കൊണ്ടുപോയ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി ഫലം പ്രസിദ്ധീകരിച്ചാൽ മാത്രമേ ബിഎ ആന്വൽ സ്‌കീമിലുള്ളവർക്ക് പിജിക്ക് അപേക്ഷിക്കാൻ സാധിക്കൂ. എന്നാൽ ഇനി എപ്പോൾ മൂല്യ നിർണ്ണയം നടത്തി ഫലം പ്രസിദ്ധീകരിച്ചിട്ടാണ് തങ്ങൾ പി.ജി കോഴ്‌സുകൾക്ക് അപേക്ഷിക്കുക എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.