മലാഡ്: മുംബൈയിൽ അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം കള്ളന്മാർ മോഷ്ടിച്ചു കടത്തി. മലാഡിലുള്ള ഓവ് ചാലിന് കുറുകെ വച്ചിരുന്ന 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ ഇളക്കി കൊണ്ടുപോയത്. പാലം അഴിച്ചു മാറ്റിയ കള്ളന്മാർ കഷണങ്ങളാക്കി മുറിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോകുക ആയിരുന്നു. കമ്പനിയുടെ പരാതിയിൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.

അദാനി ഇലക്ട്രിസിറ്റി ഓഫീസിൽ കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് പോകാൻ ഉപയോഗിച്ചിരുന്ന പാലമാണ് കള്ളന്മാർഡ കൊണ്ടുപോയത്. ജൂൺ 26ന് പുലർച്ചെയാണ് പാലം മോഷണം പോയത്. മോഷണ ശേഷമുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. പാലത്തിന് അടുത്തേക്ക് വലിയ വാഹനത്തിലെത്തിയ ശേഷം പാലം അഴിച്ച് മാറ്റി കടത്തുകയായിരുന്നു. ഗ്യാസ് കട്ടിങ് മെഷീനുകൾ ഉപയോഗിച്ചാണ് പാലം മുറിച്ച് കടത്തിയത്.

ഈ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറ് കണ്ടെത്താനായതും അന്വേഷണത്തിൽ നിർണായകമായി. പാലം നിർമ്മിക്കാനായി കരാർ കൊടുത്തിരുന്ന സ്ഥാപനത്തിലെ തൊഴിലാളിയും സഹായികളുമാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. മുറിച്ച് മാറ്റിയ പാലവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങളോളം വില വരുന്ന ഇരുമ്പ്, സ്റ്റീൽ നിർമ്മിതമാണ് ഈ പാലം.

പാലം ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന രീതിയിൽ അവസാനമായി കണ്ടത് ജൂൺ ആറിനായിരുന്നു. പാലം വച്ചിരുന്ന മേഖലയിൽ സിസിടിവികൾ ഇല്ലാതിരുന്ന ധൈര്യത്തിലായിരുന്നു മോഷണം നടത്തിയത്. എന്നാൽ മേഖലയിലെ സർവൈലൻസ് ക്യാമറകൾ പൊലീസ് അരിച്ച് പെറുക്കിയതോടെയാണ് മോഷ്ടാക്കളേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുക ആയിരുന്നു.

താൽക്കാലികമായി പാലമായി ഉപയോഗിച്ചിരുന്ന ഈ നിർമ്മിതിക്ക് പകരം പാലം ഏപ്രിൽ മാസത്തിൽ സ്ഥാപിച്ചതിന് പിന്നാലെ ഈ പാലം ക്രെയിൻ ഉപയോഗിച്ച് മറ്റൊരിടത്ത് വച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ചെറു കഷ്ണങ്ങളായി മുറിച്ച് കടത്തിയത്.