ന്യൂഡൽഹി: ഇന്ത്യയുടെ നാവികസേനയുടെ കരുത്തുകൂട്ടാൻ കൂടുതൽ റഫാൽ പോർവിമാനങ്ങളും സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും എത്തിയേക്കും. ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും സേനയുടെ ഭാഗമാകും.

ഈയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടാകുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. സേനകൾ സമർപ്പിച്ച ശുപാർശകൾ പ്രതിരോധ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ശുപാർശ യാഥാർഥ്യമായാൽ ഇന്ത്യൻ നാവികസേനയ്ക്കു 22 സിംഗിൾ സീറ്റ് റഫാൽ മറീൻ പോർവിമാനവും 4 പരിശീലന വിമാനവും സ്വന്തമാകും.

ഇന്ത്യൻ മഹാസമുദ്രത്തിലടക്കം സുരക്ഷാഭീഷണി വർധിക്കുന്നതിനാൽ പുതിയ ആയുധങ്ങൾ എത്രയും വേഗം വേണമെന്നു നാവികസേന ആവശ്യപ്പെടുന്നുണ്ട്. പ്രോജക്ട് 75ന്റെ ഭാഗമായി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും സേന ചോദിച്ചിട്ടുണ്ട്. ഏകദേശം 90,000 കോടി രൂപയുടെ ഇടപാടാണ് ഇതെന്നാണു കരുതുന്നത്. ചർച്ചകൾക്കുശേഷം അന്തിമ തീരുമാനത്തിലെത്തിയാലേ വില സംബന്ധിച്ചു കൃത്യത വരൂ. 'മേക്ക് ഇൻ ഇന്ത്യ' പ്രകാരം നിർമ്മാണം ഇവിടെ നടത്തണമെന്നും വില കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.

ഇന്ത്യൻ മഹാസമുദ്രത്തിലടക്കം നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് അടിയന്തരമായി ഇവ വാങ്ങണമെന്ന ആവശ്യമാണ് നാവികസേന മുന്നോട്ടുവച്ചിരിക്കുന്നത് എന്നാണ് വിവരം. ഐഎൻഎസ് വിക്രമാദിത്യയിലും വിക്രാന്തിലും മിഗ് 29-ന് പകരം റഫാൽ യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്

കരാർ വ്യവസ്ഥകൾക്ക് അന്തിമരൂപമാകുന്നതോടെ മാത്രമെ ഇക്കാര്യത്തിൽ പൂർണമായ വ്യക്തതയുണ്ടാകൂ. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിൽ കരാർ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തിയശേഷം വിഷയം ദിവസങ്ങൾക്കകം ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് മുന്നിൽവെക്കും. ജൂലായ് 13, 14 തീയതികളിലാണ് പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദർശനം.

നേരത്തേ, 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 36 റഫാലുകൾക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാർ ഒപ്പിട്ടത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാൻ ശേഷിയുള്ള മധ്യദൂര മൾട്ടിറോൾ പോർവിമാനമായ റഫാൽ പാക്കിസ്ഥാൻ, ചൈന അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളങ്ങളിലാണു വിന്യസിച്ചിരിക്കുന്നത്.