കോഴിക്കോട്: മാധ്യമ പ്രവർത്തകർ കൂട് വിട്ട് കൂടുമാറുന്നത് ആധുനിക കാലത്ത് ഒരു പുതിയ സംഭവമൊന്നുമല്ല. കേരളത്തിൽ ഒരുപാട് മാധ്യമ പ്രവർത്തകർ ഇങ്ങനെ ചാനലുകൾ മാറിയിട്ടുണ്ട്. പക്ഷേ അങ്ങനെ മാറുമ്പോൾ നമ്മുടെ വ്യക്തിപരമായി നിലപാടുകളും മാറുമോ. അല്ലെങ്കിൽ മാനേജ്മെന്റിനെ സുഖിപ്പിക്കാനായി രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കേണ്ടതുണ്ടോ. മീഡിയാവൺ ചീഫ് എഡിറ്ററും, കഥാകൃത്തുമായ പ്രമുഖ മാധ്യമ പ്രവർത്തകൻ, പ്രമോദ് രാമനാണ് തന്റെ മാറിയ നിലപാടുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ എയറിൽ ആയിരിക്കുന്നത്.

ഏഷ്യാനെറ്റിലും, ഇന്ത്യാവിഷനിലും, മനോരമന്യുസിലുമൊക്കെ പ്രവർത്തിച്ച പരിചയ സമ്പന്നന്നായ മാധ്യമ പ്രവർത്തകനാണ് പ്രമോദ് രാമൻ. അവിടെയൊക്കെ പ്രവർത്തിക്കുമ്പോൾ അദ്ദേഹം തുല്യതക്കും ലിംഗനീതിക്കും വാദിക്കുന്ന ഒരു പുരോഗമന ആശയക്കാരനായിരുന്നു. എന്നാൽ മീഡിയവണ്ണിൽ ചേർന്നതോടെ, ഇസ്ലാമിക ആശയയത്തോട് ചേർന്ന് നിൽക്കുന്ന ഇരവാദമാണ് പലപ്പോഴും പ്രമോദ് നയിക്കുന്ന ചർച്ചകളിൽ കാണാറുള്ളത്. പ്രമോദിന്റെ ഇരട്ടത്താപ്പ് പ്രകടമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മനോരമ ന്യുസിൽ ആയിരുന്നപ്പോൾ അദ്ദേഹം ഒരു ചർച്ചയിൽ ആഞ്ഞടിച്ചത്, ഇസ്ലാം ആണിനെയും പെണ്ണിനെയും, രണ്ടുരീതിയിൽ കാണുന്ന മതമെന്നായിരുന്നു. എന്നാൽ മീഡിയാവണ്ണിൽ എത്തിയപ്പോൾ പ്രമോദിന് ഇസ്ലാം തുല്യതയുടെ മതമായി!

അന്ന് പറഞ്ഞതും ഇന്ന് പറഞ്ഞതും

ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോ ഇങ്ങനെയാണ്. മീഡിയവണ്ണിന്റെ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കയായിരുന്നു പ്രമോദ്. നിഷാദ് റാവുത്തർ, അജിംസ് എന്നിവരും ചർച്ചയിൽ ഒപ്പമുണ്ട്. പ്രമോദ് ഇങ്ങനെ പറയുന്നു. ''എന്റെ അറിവ് വെച്ച്, ഞാൻ മനസ്സിലാക്കുന്നത് ഇസ്ലാം മതത്തിൽ എപ്പോഴും, തുല്യത എന്ന് പറയുന്നത് വളരെ പ്രഥമഗണനീയമായ കാര്യമായിട്ടാണ്. അത് എറ്റവും അടിസ്ഥാനപരമായ ഒരു ആശയമാണ് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം. നമ്മൾ എല്ലാവരും മണ്ണിന്റെ മക്കളാണ്. മദർഹുഡ് എന്ന് പറയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി പറയുന്നത്. ആപ്പോൾ തുല്യത കൈവരിക്കുക എന്നതിലേക്കാണ്, ഇസ്ലാം മതത്തിൽ പലപ്പോഴും ആശയങ്ങൾ നവീകരിക്കപ്പെട്ടിട്ടുള്ളത്. ''- പ്രമോദ് പറയുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രമോദ് രാമൻ മനോരമ ന്യുസിൽ ആയിരുന്നപ്പോൾ നടത്തിയ ചർച്ച ആ വീഡിയോയിൽ തുടർന്ന് കാണിക്കുന്നു. ജസ്ല മാടശ്ശേരി, ഷാഹിദ കമാൽ എന്നിവർക്കൊപ്പം ജമാഅത്തെ ഇസ്ലാമി പ്രതിനിധിയായി പി റുക്സാന എന്ന വനിതയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ഈ ചർച്ചയിൽ റുക്സാന ഇങ്ങനെ പറയുന്നു '' നേരത്തെ സൂചിപ്പിച്ചതുപോലെ ഫേസ്‌ബുക്കിൽ ആങ്ങളമാരുടെ കമന്റുകൾ കാണുമ്പോൾ, ചില യുവാക്കൾ അതുമായി, ബന്ധപ്പെട്ട് പ്രതികരിക്കുന്നത് കാണുമ്പോൾ, ഏറെ അമർഷം തോന്നാറുണ്ട്. അതൊന്നും ഇസ്ലാമിന്റെ നീതിയല്ല, ഇസ്ലാം പഠിപ്പിക്കുന്നതല്ല.'' എന്നാൽ അപ്പോഴേക്കും റുക്സാനയെ പൂർത്തീകരിക്കാൻ പോലും അനുവദിക്കാതെ അവതാരകൻ പ്രമോദ് രാമൻ ചാടി വീഴുകയാണ്. '' എവിടെയാണ് റുക്സാന, ആണിനെയും പെണ്ണിനെയും രണ്ടുരീതിയിൽ കാണുന്ന ഒരു മതത്തിന്റെ, ഉപോൽപ്പന്നമാണ് ഈ ആങ്ങളമാർ. അത്തരത്തിലുള്ള മത വിശ്വാസത്തിന്, ബലം നൽകുന്ന ഒന്നാണ് ഈ ആങ്ങളമാരും ചെയ്യുന്നത്. അല്ലാതെ അവർ ഇതിന് പുറത്തല്ല. ഈ മതം തന്നെ നൽകുന്ന അത്തരം വേർ തിരിവ്, ആണിനെയും പെണ്ണിനെയും, രണ്ടായി വേർതിരിച്ചുകൊണ്ട് കാണുന്ന ആ സമീപനം, ആ വിശ്വാസ പ്രമാണമാണ് അവരെയും ഇതിന് പ്രേരിപ്പിക്കുന്നത്. ''- ഇങ്ങനെയാണ് പ്രമോദ് അന്ന് കത്തിക്കയറിയത്.



അതായത് രണ്ടുചാനലുകളിലും കൃതമായ രണ്ട് അഭിപ്രായങ്ങൾ. ഇതോടെ സോഷ്യൽ മീഡിയ പ്രമോദിനെ ട്രോളിക്കൊല്ലുകയാണ്. ഉദരനിമിത്തം ബഹുകൃതവേഷം എന്നാണ് ഏറെയും കമന്റുകൾ. മീഡിയാവണ്ണിന്റെ മൗദൂദിസം പ്രമോദിനെ ബാധിച്ചുവെന്നും, പലരും വിമർശിക്കുന്നുണ്ട്.