ലണ്ടൻ: പി എസ് എച്ച് ഇ ക്ലാസ്സിൽ 11 കാരനായ ഓട്ടിസം ബാധിതനായ കുഞ്ഞിന് നൽകിയ എക്സർസൈസ് ലിംഗ വൈവിധ്യത്തെ കുറിച്ചും അതുപോലെ ലിംഗമാറ്റത്തെ കുറിച്ചും എഴുതാൻ. മുൻ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക കൂടിയായ കുഞ്ഞിന്റെ അമ്മ പറയുന്നത് മകന്റെ പാഠ്യപദ്ധതിയിൽ ഇത്തരത്തിൽ വിവാദപരമായ ഉള്ളടക്കമുണ്ട് എന്ന വസ്തുത തന്നെ അറിയിച്ചില്ല എന്നാണ്.

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശ രേഖ പ്രസിദ്ധീകരിക്കാൻ സമയമെടുക്കുമെന്നും അതുവരെ സ്‌കൂളുകൾ കരുതലോടെ ഈ വിഷയത്തെ സമീപിക്കണം എന്നും എഡ്യുക്കേഷൻ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബ്രിട്ടണിലെ സെക്‌സ് വിദ്യാഭ്യാസം പുതിയ വിവാദത്തിലെത്തുകയാണ്.

അത്തരത്തിലൊരു പരിശീലന പാഠഭാഗം തന്റെ മകന് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് 46 കാരിയായ അമ്മ ലൂസി പറയുന്നു. റിലേഷൻഷിപ്പ് ആൻഡ് സെക്സ് എഡ്യുക്കേഷനുമായി ബന്ധപ്പെട്ട ഏറെ പ്രശ്നം പിടിച്ച ഉള്ളടക്കങ്ങളെ കുറിച്ച് കഴിഞ്ഞ മാസം ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം ക്ലാസ്സ് മുതൽ ഇവയിൽ പലതും നിർബന്ധമാക്കിയിട്ടുമുണ്ട്. കൗമാര പ്രായത്തിൽ എത്തുന്നതിനു മുൻപ് തന്നെ കുട്ടികളെ ഏനൽ സെക്സിനെ കുറിച്ചും രതിമൂർച്ഛയെ കുറിച്ചും പഠിപ്പിക്കുന്നതായി ആറിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ സൂക്ഷിക്കുന്ന രഹസ്യാത്മക സ്വഭാവം കാരണം ആദ്യം അക്കാര്യം അറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് ലൂസി പറയുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പറഞ്ഞ അവർ, എന്തുകൊണ്ടാണ് കൂടുതൽ കൂടുതൽ ആളുകൾ കുട്ടികളെ സ്‌കൂളുകളിൽ നിന്നും തിരിച്ചു വിളിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലാകുന്നു എന്നും പറഞ്ഞു.

തന്റെ മകൻ ഓട്ടിസം ബാധിച്ച കുഞ്ഞാണെന്നും, 11 വയസ്സുകാരൻ ഇപ്പൊൾ സംസാരിക്കുന്നത് സ്വയംഭോഗത്തെ കുറിച്ചാണെന്നും അവർ പറയുന്നു. ഈ പ്രായത്തിൽ ഇത്തരമൊരു കാര്യത്തിൽ അറിവ് നേടേണ്ടതുണ്ടോ എന്നും അവർ ചോദിക്കുന്നു. മാത്രമല്ല, ലിംഗമാറ്റം എന്ന ആശയം കുട്ടികൾക്ക് പകർന്ന് കൊടുക്കുക വഴി, അത്തരമൊരു പ്രവൃത്തി ചെയ്യുവാൻ അവർ പ്രേരിതരായെക്കും എന്നും ആ അമ്മ പറയുന്നു.