തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന് 750 കോടി രൂപകൂടി അനുവദിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. സിപിഐ.യുടെ വകുപ്പിനെ അവഗണിക്കുന്നതായും എൽ.ഡി.എഫ്. ഇടപെടണമെന്നും ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. പണം നൽകുന്നില്ലെന്ന പരാതി മാധ്യമങ്ങളിലും മന്ത്രി അനിൽ ചർച്ചയാക്കി. ഇതോടെയാണ് പ്രശ്‌ന പരിഹാരം സാധ്യമായത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിങ്കളാഴ്ച ഭക്ഷ്യമന്ത്രിയുമായി സംസാരിച്ചു. കൂടുതൽ തുക അനുവദിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഭക്ഷ്യവകുപ്പ് പരാതിയുമായി രംഗത്തിറങ്ങിയെങ്കിലും ഏറ്റുമുട്ടലിനില്ലെന്ന നിലപാടിലാണ് ധനവകുപ്പ്.

ഓണക്കാലം കണക്കിലെടുത്ത് സപ്ലൈകോയുടെ വിപണി ഇടപെടലിനും മറ്റുമായി ഭക്ഷ്യവകുപ്പിന് ആയിരംകോടി രൂപ അനുവദിക്കാൻ നേരത്തേ ധാരണയായിട്ടുണ്ടെന്നാണ് ധനവകുപ്പിന്റെ വാദം. ഇതിൽ 250 കോടി രൂപയാണ് ശനിയാഴ്ച അനുവദിച്ചതെന്നും ധനവകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മതിയായ തുക നൽകാതെ അവഗണിക്കുന്നെന്ന ആക്ഷേപത്തിൽ അടിസ്ഥാനമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. അതുകൊണ്ട് തന്നെ ഓണക്കിറ്റുകൾ ഇത്തവണ വെട്ടിച്ചുരുക്കും. മഞ്ഞക്കാർഡുകാർക്കു മാത്രം കിറ്റുകൾ നൽകും. അവശവിഭാഗങ്ങൾക്കും കിറ്റുകൾ നൽകാം. ഓണക്കിറ്റുകൾ ഇത്തവണ എട്ടു ലക്ഷമായി ചുരുക്കണം. ഒരു കിറ്റിന് 450 രൂപ ചെലവും കണക്കാക്കിയിട്ടുണ്ട്. മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കും.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി മന്ത്രിസഭയിൽ സിപിഎം-സിപിഐ പോര് ഉണ്ടെന്ന സൂചനകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഡൽഹിയിലെ ധൂർത്തിന് പോലും പണം ചെലവാക്കുന്ന ധനവകുപ്പ് അത്യാവശ്യത്തിന് പോലും പണം നൽകുന്നില്ലെന്നായിരുന്നു പരാതി. ഓണക്കാലം അടുത്തിട്ടും സപ്ലൈകോയുടെ കുടിശ്ശിക തീർക്കാൻ ധനവകുപ്പ് പണം നൽകാത്തതിൽ ഭക്ഷ്യവകുപ്പ് പരാതിയുമായി എത്തി. ഇങ്ങനെ പോയാൽ ആർക്കും ഓണത്തിന് കിറ്റി കിട്ടാത്ത അവസ്ഥ വരും.

പണം അനുവദിച്ചില്ലെങ്കിൽ ഓണക്കാലത്ത് പിടിച്ചുനിൽക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഇടതുമുന്നണിക്കു പരാതി നൽകി. സിപിഎമ്മിന്റെ വകുപ്പുകൾക്ക് പണത്തിനു തടസ്സമില്ലെന്നും ഭക്ഷ്യവകുപ്പ് സിപിഐ.യുടേതായതിനാൽ അവഗണിക്കുന്നുവെന്നുമാണ് പരാതി.
ഭക്ഷ്യവകുപ്പിന് പണമനുവദിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതലയോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടുവെന്നാ് ആഖ്ഷേപം, പലവട്ടം പരാതിപ്പെട്ടിട്ടും ധനവകുപ്പ് അനുകൂല നടപടിയെടുത്തില്ല. ഇതോടെയാണ് പരാതി പറച്ചിൽ. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാനുള്ള വിപണി ഇടപെടൽ നടത്തിയതിന് 1432.33 കോടി കുടിശിക കിട്ടാനുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ 149.11 കോടിയും അതിഥിത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് കോവിഡ്കാല ക്വാറന്റീൻ കിറ്റുകൾ വിതരണം ചെയ്തതിന് 29.25 കോടിയും കിട്ടേണ്ടതുണ്ട്. നെല്ലുസംഭരണം (2022 മെയ് മുതൽ 2023 ജൂൺ വരെ) 846.69 കോടിയാണ് നൽകേണ്ടത്. ഭക്ഷ്യഭദ്രത ചെലവുകൾ 256.74 കോടിയും. പൊതുവിതരണം, നെല്ലുസംഭരണം, വിപണി ഇടപെടൽ തുടങ്ങിയവയിലെ മറ്റു ചെലവുകൾക്ക് 502.1 കോടിയാണ് ലഭിക്കേണ്ടത്. ഈ സീസണിലെ നെല്ലുസംഭരണ കുടിശ്ശിക 1200 കോടി വരും. ഇങ്ങനെ ആകെ 4416.22 കോടി രൂപയാണ് ഭക്ഷ്യവകുപ്പിന് കിട്ടേണ്ടത്.

ഓണക്കാലത്തേക്കുമാത്രം സപ്ലൈകോയ്ക്ക് 600-700 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടൽ. മുൻകാലങ്ങളിൽ സാധനങ്ങൾ വാങ്ങിയ വകയിൽ 700 കോടി രൂപ കച്ചവടക്കാർക്കു നൽകാനുണ്ട്. ഇതെല്ലാം പരാതിയായ സാഹചര്യത്തിലാണ് ധനമന്ത്രി ഇടപെട്ട് പണം കുറച്ച് അനുവദിച്ചത്.