ഫൈസലാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന് തിരിപ്പണമായി കിടക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ജനം റൊട്ടി വാങ്ങാൻ പോലും പണമില്ലാതെ ദുരിതത്തിലായതിന്റെയും, മരുന്നിന് മണിക്കൂറുകളോളം കാത്തുനിൽക്കുന്ന അവസ്ഥയുണ്ടായതും മറ്റും വലിയ വാർത്തകളായി പുറത്തുവന്നിരുന്നു. തേയില ഇറക്കുമതി ചെയ്യാൻ പണം ഇല്ലാതായതോടെ ചായ കുടി നിർത്താൻ പാക് മന്ത്രി ജനങ്ങളെ ഉപദേശിച്ചത് ഈയിടെ മാത്രമാണ്. ഈ പ്രതിസന്ധിക്കിടയിലും, തഴച്ചുവളരുന്ന ഒന്നുണ്ട്. അതാണ് ജിന്നയുടെ വിശുദ്ധ നാടിന്റെ ചിരകാല ശാപമായ, മതവിദ്വേഷവും വർഗീയതയും. ഈ കഷ്ടതകൾക്കിടയിൽ കഴിയുമ്പോഴും പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്, ന്യുനപക്ഷ പീഡനത്തിന്റെ വാർത്തകളാണ്.

മാസങ്ങൾക്ക് മുമ്പാണ് പാക്കിസ്ഥാനിൽ അവശേഷിക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരേ വ്യാപകമായി അക്രമം ഉണ്ടായത്. ഇതിന്റെ ഭീതി അവസാനിക്കുന്നതിന് മുമ്പ് ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കയാണ്. കഴിഞ്ഞ ദിവസം ഫൈസലാബാദിൽ ഇസ്ലാമിക മൗലികവാദികൾ സംഘം ചേർന്ന് ക്രിസ്ത്യൻ പള്ളിയിക്ക് തീയിട്ടു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിൽ ജറൻവാല റോഡിൽ സ്ഥിതി ചെയ്യുന്ന പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പള്ളി കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്.

ഖുറാനെ അവഹേളിച്ചുവെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ചാണ് ഇസ്ലാമിസ്റ്റുകൾ ദേവാലയം അഗ്നിക്കിരയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പള്ളിയുടെ പരിസരത്തോട് ചേർന്നുള്ള ക്രിസ്ത്യാനികളുടെ വീടുകളും ഇസ്ലാമിസ്റ്റുകൾ അഗ്നിക്കിരയാക്കി. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും പാക് പൊലീസ് പറഞ്ഞു.

നൂറുകണക്കിന് ഇസ്ലാമിസ്റ്റുകളാണ് പള്ളി അടിച്ചു തകർക്കാൻ ഒത്തു കൂടിയത്. സംഭവത്തിൽ ബിഷപ്പ് ആസാദ് മാർഷൽ പ്രതികരണം നടത്തി. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ, അഹമ്മദിയകൾ എന്നിവർക്കെതിരെ കഴിഞ്ഞ കുറേ വർഷങ്ങളായി പാക്കിസ്ഥാനിൽ അക്രമ പരമ്പരകൾ ഉണ്ടാകുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ നിരവധിയാണ്. ഖുറാനെ അവഹേളിച്ചുവെന്ന് തെറ്റായ വാർത്ത പ്രചരിപ്പിച്ച് പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയാണ് എന്ന് ബിഷപ്പ് ആസാദ് മാർഷൽ പറഞ്ഞു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധം നടത്തിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല.

ന്യൂനപക്ഷ പീഡനം തുടർക്കഥ

സമാനതകൾ ഇല്ലാത്ത മതപീഡനമാണ്, പാക്കിസ്ഥാനിലെ ഹിന്ദുക്കൾ നേരിട്ടുകൊണ്ടിരിക്കുന്നത്. സിന്ധ് പ്രവിശ്യയിലെ അവേശേഷിക്കുന്ന ഹിന്ദുക്കളൊക്കെ ഏറ്റവും ഭയക്കുന്നത് തങ്ങളുടെ പെൺകുട്ടികൾ ബലാത്സഗം ചെയ്യപ്പെടുമോ എന്നാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുക, എന്നിട്ട് ബലാൽസംഗത്തിന് വിധേയരാക്കി മൂന്നാലു ദിവസം കൂടെ പാർപ്പിക്കുക. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയൊന്നും പൊലീസ് പരിഗണിക്കില്ല. അവസാനം ഗത്യന്തരമില്ലാതെ പെൺകുട്ടിക്ക് വിവാഹത്തിന് സമ്മതിക്കേണ്ടിവരും. അങ്ങനെ അവളെ ഇസ്ലാമിലേക്ക് മതം മാറ്റി നിക്കാഹ് കഴിക്കും. പിന്നീട് അവൾ സ്ഥലത്തെ പ്രമാണിയുടെ മൂന്നാമത്തെയോ നാലമത്തെയോ ഭാര്യയായി മാറുന്നു. അയാളുടെ ലൈംഗിക അടിമയായി അവളുടെ ജീവിതം തീരുന്നു. പാക്കിസഥാനിലെ സിന്ധ് പ്രവിശ്യയിൽ വ്യാപകമായി നടക്കുന്ന ഈ അക്രമം സിന്ധ് മതംമാറ്റ ബലാൽസംഗങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതാണ് അവിടെ ഹിന്ദു- സിഖ് കമ്യുണിറ്റി അനുഭവിക്കുന്ന പ്രധാനപ്രശ്നമെന്ന്, ബിബിസിയും, റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോഡേഴ്സ് എന്ന സംഘടനയുമൊക്കെ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തങ്ങളുടെ കുട്ടികൾ സ്‌കൂളുകളിൽ വർഗ്ഗീയ അക്രമത്തിനു ഇരയാകാതിരിക്കുവാൻ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ മാതാപിതാക്കൾ കുട്ടികൾക്ക് മുസ്ലിം നാമങ്ങൾ നൽകുവാൻ നിർബന്ധിതരാകുന്നുവെന്ന വെളിപ്പെടുത്തലുമായി, കഴിഞ്ഞ വർഷം പാക്കിസ്ഥാനിലെ കത്തോലിക്ക ബിഷപ്പ് തന്നെ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസൺ ഷുക്കാർഡാണ്, ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് (എ.സി.എൻ) നു നൽകിയ അഭിമുഖത്തിൽ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൊതുവിദ്യാലയങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ട ക്രിസ്ത്യൻ കുട്ടികൾ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനിലെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ മതന്യൂനപക്ഷങ്ങളിൽപ്പെട്ടവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനാൽ, അവരെ അവിശ്വാസികളായിട്ടാണ് പരിഗണിച്ചു വരുന്നതെന്നും, ഇസ്ലാമാണ് ഏക മതമെന്നും, ഖുറാനിലൂടെ മാത്രമാണ് മോക്ഷം സാധ്യമാവുകയുള്ളൂവെന്നുമാണ് യാഥാസ്ഥിതികരായ മുസ്ലീങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ക്രിസ്ത്യാനികൾക്ക് പുറമേ, ഹിന്ദുക്കളും മിതവാദികളായ മുസ്ലീങ്ങളും വരെ ആക്രമത്തിനിരയാവുന്നുണ്ടെന്നും, പാശ്ചാത്യ രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടാൽ പാക്കിസ്ഥാനിലെ വർഗ്ഗീയവാദികൾ ദേവാലയങ്ങൾക്കു നേരെ അക്രമം അഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈയിടെ ഫ്രാൻസിലും നെതർലൻഡിസിലും ഉണ്ടായ പ്രശ്നങ്ങളുടെ പേര പറഞ്ഞായിരുന്നു പാക്കിസ്ഥാനിലെ ചർച്ച് കത്തിക്കൽ അരങ്ങേറിയത്. ക്രിസ്ത്യൻ പെൺകുട്ടികളും ഇവിടെ തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ട്.

ഇതിനേക്കാൾ മോശമായ അവസ്ഥയാണ് ഇസ്ലാമിലെ അവാന്തര വിഭാഗമായ ഷിയാക്കൾക്കും ഖാദിയാനികൾക്കും നേരിട്ടത്. അവരും അവിടെ രണ്ടാം തരം പൗരന്മാരാണ്. ഖാദിയാനികളെ മുസ്ലിം ആയിപ്പോലും കണക്കാക്കുന്നില്ല. ഷിയാപള്ളികൾക്കുനേരെയാണ് പലപ്പോളും ചാവേർ ബോംബാക്രമണം ഉണ്ടാവാറുള്ളത്. ഇപ്പോൾ കാര്യങ്ങൾ എത്രയോ മെച്ചപ്പെട്ടിട്ടണ്ടെങ്കിലും, ഒരു മതരാഷട്രത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോളും പാക്കിസ്ഥാനിൽ നില നിൽക്കയാണ്.തീർത്തും മതാധിഷ്ഠിതമാണ് പാക്കിസ്ഥാനിലെ വിദ്യാഭ്യാസം. എല്ലാ കുട്ടികളും ഖുർആൻ പഠിക്കണം എന്ന് നിർബന്ധമാണ്. 2000 വരെ ഹിന്ദുക്കൾക്ക് സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല. 2013ൽ കൊല്ലപ്പെട്ട സൈനികൻ ഹിന്ദുവായതിനാൽ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇത്തരത്തിലുള്ള കടുത്ത പീഡനങ്ങളിലുടെയാണ് പാക്കിസ്ഥാനിലെ അനുദിനം ശോഷിച്ചുവരുന്ന ന്യൂനപക്ഷം കടന്നുപോവുന്നത്.