കോഴിക്കോട്: പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും ഒക്കെ വക്താക്കളാണ് എഴുത്തുകാർ എന്നാണ് പൊതുവെ പറയുക. പക്ഷേ ഇന്ന് കേരളത്തിലെ പ്രമുഖരായ എഴുത്തുകാർ സോഷ്യൽ മീഡിയയുടെ നിശിതമായ വിമർശനത്തിന് ഇരയാവുകയാണ്. 'തിരികെ വന്നാൽ മനോഹരം' എന്ന പേരിൽ ഓണദിനത്തിൽ മലയാള മനോരമ പത്രത്തിൽ വന്ന ഒരു ഫീച്ചറാണ്, കൽപ്പറ്റ നാരായണനും, ഗ്രേസിയും, മനു എസ് പിള്ളയും, റോസ്മേരിയുമൊക്കെ ഉൾപ്പെടുന്ന കേരളത്തിലെ എഴുത്തുകാരെ എയറിൽ ആക്കിയിരിക്കുന്നത്്. ഭൂതകാലക്കുളിരിൽ ജീവിക്കുന്ന അറുപിന്തിരിപ്പൻ ആശയക്കാരാണ് നമ്മുടെ എഴുത്തുകാർ എന്ന് പച്ചക്ക് വെളിവായിരിക്കയാണെന്നാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ എഴുതുന്നത്.

മഹാബലി ചക്രവർത്തി കേരളത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ആഘോഷമായിട്ടാണല്ലോ ഓണം ആഘോഷിക്കുക. ഇങ്ങനെ കേരളത്തിലേക്ക് തിരിച്ചുവരണം എന്ന് വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്. കലാ -സാഹിത്യ രംഗത്തെ പത്തുപേർ മറുപടി പറയുന്നു. ഈ ക്യാപ്ഷനുമായിട്ടാണ്, തിരികെ വന്നാൽ മനോഹരം എന്ന ശ്രീജിത്ത് പെരുന്തച്ചൻ എഴുതിയ ഫീച്ചർ തുടങ്ങുന്നത്.

അറു പിന്തിരിപ്പൻ ആശയങ്ങൾ

എന്നാൽ ഇതിന് മറുപടിയായി അറുപിന്തിരിപ്പൻ ആശയങ്ങളാണ് പലരും പറയുന്നത്. ബോസ് കൃഷ്ണമാചാരി പറയുന്നത് എല്ലാവരും നഗ്ന പാദരായി നടന്നിരുന്ന കാലം തിരിച്ചുവന്നിരുന്നെങ്കിൽ എന്നാണ്. മണ്ണിൽ, വെള്ളത്തിൽ, ചെളിയിൽ, പുല്ലിൽ ഒക്കെ ചവിട്ടിനിൽക്കുന്ന കാലം എന്നെ വിളിക്കുന്നുവെന്നാണ് ബോസ് പറയുന്നത്. ഇതിൽ ഏറ്റവും ട്രോൾ ഏറ്റവാങ്ങിയത് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ ആണ്. 'കുതിരപ്പുറത്ത് യാത്രചെയ്ത കാലം തിരിച്ചുവരണം, ഓഫീസിലും ചന്തയിലുമൊക്കെ കുതിരപ്പുറത്ത് പോകണം. എതിരെനിന്ന് കുതിരപ്പുറത്തുവരുന്നവരെ വിഷ് ചെയ്യാൻ എന്ന് രസമായിരിക്കും''- കൽപ്പറ്റ നാരായണൻ ചോദിക്കുന്നു.

എഴുത്തുകാരൻ മനു എസ് പിള്ളക്ക് പഴയ പേരുകൾ തിരിച്ചുവരണം എന്നാണ് ആഗ്രഹം. ചിരുത, അപ്പുണ്ണി, തെയ്യുണ്ണി, ആദിച്ചൻ, തേവി, കുഞ്ഞി, എന്നീ പഴയപേരുകൾ തിരിച്ചുവന്നാൽ അത് ഫാഷനായി മാറുമെന്നും മനു എസ് പിള്ള പറയുന്നു. ഇതും വലിയ ട്രോൾ ആയി. പരോക്ഷമായി ജാതി വ്യവസ്ഥ്യയെ ന്യായീകരിക്കയാണോ മനു ചെയ്യുന്നത് എന്നും ചോദ്യമുയർന്നു. എഴുത്തുകാരി ഗ്രേസിക്ക് കാളയുമായി വീട്ടിലേക്ക് മടങ്ങുന്ന കാലം തിരിച്ചുവരണം എന്നാണ് ആഗ്രഹം. 'കോണോക്കുന്തപ്പന്മാരായ കാർന്നോമ്മാർ, കലപ്പയും തോളിലേന്തി, കാളകൾക്ക് പിന്നാലെ വീട്ടിലേക്ക് മടങ്ങുന്ന കാലം വരണമെന്നാണ്' ഗ്രേസി പറയുന്നത്. റോസ്മേരിക്ക് പാൻസിന് പകരം യുവാക്കൾ മുണ്ടുടുക്കണം എന്നാണ് ആഗ്രഹം. ഭർത്താവിനോട് ആദ്യമായി പ്രണയം തോന്നിയപ്പോൾ അതായിരുന്നു അദ്ദേഹത്തിന്റെ വേഷമെന്നും, റോസ് മേരി പറയുന്നു

.

ജാതിവ്യവസ്ഥയും തിരിച്ചുവരണോ?

ഇതിനെതിരെയെല്ലാം രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽനിന്ന് ഉയരുന്നത്. ഇനി ജാതിവ്യവസ്ഥപോലും തിരിച്ചുവന്നാൽ എഴുത്തകാർക്ക് സന്തോഷമാവുമോ എന്ന് ഇവർ ചോദിക്കുന്നു. മനുഷ്യകുലം നേടിയ പുരോഗതികളെയെല്ലാം പരിഹസിക്കുന്ന ഈ മനോഗതി, വിചിത്രമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽമീഡിയാ ആക്റ്റീവിസ്റ്റും ജനകീയാരോഗ്യ പ്രവർത്തകനുമായ ഡോ മനോജ് വെള്ളനാട് ഇങ്ങനെ എഴൂതുന്നു.

'ഇനി എന്റെ ചില ആഗ്രഹങ്ങൾ.

1. പണ്ട് ഓണത്തിനായിരുന്നു പുതിയ ഡ്രസ് എടുക്കുന്നതും കാര്യമായി നല്ല ഭക്ഷണം ഒക്കെ കഴിക്കുന്നത്. ദാരിദ്ര്യവും പട്ടിണിയും കടവും കടപ്പാടുമൊക്കെ നിറഞ്ഞ ആ നല്ല കാലം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ..

2. പണ്ടൊക്കെ എന്തുമാത്രം യുദ്ധങ്ങൾ നടന്നിരുന്ന നാടാണ്. ഇന്നത്തെ തലമുറയ്ക്ക് ഒരു കുരുക്ഷേത്ര യുദ്ധം പോലും കാണാൻ പറ്റിയിട്ടില്ല. കുറഞ്ഞതൊരു കുളച്ചൽ യുദ്ധമെങ്കിലും..

3. ഒരു ജാതി മനുഷ്യർ വഴിയിലൂടെ നടന്നാൽ മറ്റു ജാതിക്കാർ കല്ലെറിഞ്ഞ് കൊല്ലുന്ന കാഴ്ചകൾ ഇന്ന് കാണണമെങ്കിൽ യുപിയിലോ മധ്യപ്രദേശിലോ പോണം. അങ്ങനെ എന്തുമാത്രം നയനാനന്ദകരമായ ആചാരങ്ങൾ നിലനിന്നിരുന്ന നാടാണ് കേരളം. അത്തരം കാഴ്ചകൾ തിരിച്ചു വരണം എന്നാഗ്രഹിക്കാത്തവർ ആരുണ്ട്.

4. എന്ത് രസമുള്ള വസ്ത്രമാണ് കോണകം. ഇന്ന് കേരളത്തിലെ സാഹിത്യകാരന്മാർ പോലും വിഐപിയും ജോക്കിയുമാണത്രേ ഇടുന്നത്. ഒരറ്റം അഴിഞ്ഞു വീണ ആ പഴയ കോണകവുമായി കുറച്ചു കഥാകൃത്തുക്കളെയെങ്കിലും വഴിയിൽ കാണാനായെങ്കിൽ..
5. പണ്ടൊക്കെ ഒരു ചൂട്ടും കത്തിച്ച് ഏതെങ്കിലും വീടിന്റെ ഉമ്മറത്ത് ചെന്ന് കേറിയാൽ പിന്നെ അവിടെ പൊറുതിയായി, നാലോ അഞ്ചോ പിള്ളേരായി. ഇന്ന് ഒന്ന് തോണ്ടിയാൽ പോലും മീ ടുവും വാട്സാപ്പ് ഓഡിയോ ലീക്കും. അഭിമാനത്തോടെ ഒന്ന് ബലാത്സംഗം ചെയ്യാൻ പോലും ഇന്ന് കേരളത്തിൽ പറ്റാതായി.. ആ നല്ലകാലം ഒന്ന്..

6. കക്കൂസില്ലാത്തതിനാൽ വല്ലവരുടെയും പറമ്പിൽ പോയിരുന്നുള്ള.. ആ ഒരു ഫീൽ എത്ര സ്റ്റാർ റേറ്റിംഗുള്ള ക്ലോസറ്റിലിരുന്നാൽ കിട്ടും. ആ സുഗന്ധ സുന്ദര നല്ലകാലം ഒന്ന് കൂടി..

7. കൃമികടി എന്ത് നല്ലൊരു അസുഖമായിരുന്നു. ചെരുപ്പും വിരയിളക്കാനുള്ള മരുന്നും ചേർന്ന് ഇല്ലാതാക്കിയത് ചൊറിച്ചിലിന്റെയും കടിയുടെയും ആ നല്ല കാലത്തെയാണ്. അതും തിരിച്ചു വേണം.''- ഇങ്ങനെയാണ് ഡോ മനോജ് ഇതിന്റെ ട്രോളുന്നത്. അതേസമയം ഇത്തരം പൈങ്കിളി ജേർണലിസം മനോരമ കാലങ്ങളായി തുടരുന്നതാണെന്നും, എഴുത്തുകാർ പറയുന്നതിൻെ അറ്റവും മൂലയും മാത്രം കൊടുത്ത്, അവരെക്കൂടി വെട്ടിലാക്കുക്കുകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.