നസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾ ഉണ്ടാകുമ്പോഴൊക്കെ നമ്മൾ പറയുന്ന ഒരു കാര്യമുണ്ട്, പ്രതിയെ ജയിലിലടച്ച് നികുതിദായകരുടെ ചെലവിൽ ഊട്ടിയുറക്കാതെ എത്രയും പെട്ടെന്ന് തക്കതായ ശിക്ഷ നടപ്പാക്കണമെന്ന്. ക്രൂരകൃത്യങ്ങളോട് പൊരുത്തപ്പെടാൻ മടിക്കുന്ന മനസ്സിന്റെ അതിതീവ്രമായ വൈകാരിക പ്രകടനമാണ് ആ വാക്കുകൾ. എന്നാൽ അതിൽ നിന്നും മാറി ചിന്തിക്കുന്നവരും ഏറെ ഈ ലോകത്തുണ്ടെന്ന് തെളിയിക്കുകയാണ് ചില ആഡംബര ജയിലുകൾ.

ഇവിടെ അന്തേവാസികളായ എല്ലാവർക്കും തന്നെ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ കഴിയും. എന്തിനധികം ചില ജയിലുകളിൽ, കുറ്റവാളികൾക്ക് അവരുടെ പങ്കാളികൾക്കൊപ്പം തന്നെ താമസിക്കാനുള്ള സൗകര്യവുമുണ്ട്. കുതിര സവാരി, ടെന്നീസ്, നൃത്ത പരിശീലനം എന്നിവയും ഈ ജയിലുകളിൽ ഉണ്ട് എന്നറിയുമ്പോൾ ആരും തന്നെ മൂക്കത്ത് വിരൽവെച്ചു പോകും.അത്തരത്തിലുള്ള, ലോകത്തിലെ ഏറ്റവും ആഡരമുള്ള പത്ത് ജയിലുകളെ അറിയാം.

സെബു പ്രിസൺ, ഫിലിപ്പൈൻസ്

ഫിലിപ്പൈൻസിലെ സെബു പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സെബു പ്രൊവിൻഷ്യൽ ഡിറ്റെൻഷൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്റേൽ 1,600 അന്തേവാസികളാണ് ഉള്ളത്. ഫിലിപ്പൈൻസിലെ ഏറ്റവും ക്രൂരരായ കൊലപാതകികളും ബലാത്സംഗ വീരന്മാരും താമസിക്കുന്ന ഇവിടെ ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷയാണ്. 1500 പേർക്ക് മാത്രം താമസിക്കാൻ ഉദ്ദേശിച്ച് പണിതീർത്ത ഇവിടെ 2020-ൽ അക്ഷരാർത്ഥത്തിൽ തന്നെ കുറ്റവാളികളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. ഇത് കോവിഡ് വ്യാപനമുണ്ടാക്കിയേക്കും എന്ന ആശങ്കയും ഉയർത്തി.

ആഡംബര ജയിലുകളുടെ വിശേഷണങ്ങൾ ഏറെയൊന്നും ഇല്ലാത്ത ഈ ജയിലിനേയും ആഡംബര ജയിലുകളുടെ പട്ടികയിൽ പെടുത്താൻ കാരണം ഇവിടെ ഒരുക്കുന്ന വിനോദ പരിപാടികളുംകായിക വ്യായാമങ്ങളുമാണ്. പാട്ടിലും നൃത്തത്തിലുമൊക്കെ പരിശീലനം നേടുന്ന ഇവിടത്തെ ജയിൽ പുള്ളികൾ പ്രൊഫഷണൽ ട്രൂപ്പുകളെ പോലെ പ്രതിഫലം കൈപ്പറ്റി പൊതുജനങ്ങൾക്കായി പരിപാടികൾ അവതരിപ്പിക്കാറുമുണ്ട്.

ഹാൾഡൻ പ്രിസൺ, നോർവേ

ലോകത്തിൽ ഏറ്റവുമധികം മനുഷ്യത്വം പ്രതിഫലിപ്പിക്കുന്ന തടവറ എന്ന ഹാൾഡൻ ജയിലിന്റെ ഖ്യാതിക്ക് വിരുദ്ധമാണ് അവിടെത്തെ അന്തേവാസികളുടെ പ്രശസ്തി. ബലാത്സംഗ വീരന്മാരും, കൊലപാതകികളും, ബാലപീഡകരുമൊക്കെയാണ് ഇവിടത്തെ അന്തേവാസികൾ. എന്നാൽ, ഇന്ന് ഈ ജയിൽ നോർവേയുടെ നീതിന്യാസ സംവിധാനത്തിന്റെ പ്രതിബിംബമായി മാറിയിരിക്കുകയാണ്.

ഒരു ചെറു കാനനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഇതിനെ അതീവ സുരക്ഷാ ജയിൽ എന്നതിനെക്കാളേറെ ഒരു പ്രകൃതി സൗഹാർദ്ദ ഹോട്ടൽ എന്ന് വിശേഷിപ്പിക്കുന്നതാകും നല്ലത്. ഓരോ സെല്ലിലും ഒരു ഫ്ളാറ്റ് സ്‌ക്രീൻ ടി വി ഉണ്ട്. മാത്രമല്ല, തടവുകാരുടെ സ്വകാര്യത സൂക്ഷിക്കാൻ ഓരോ സെല്ലിനും പ്രത്യേകം വാതിലുകളും, കുളിമുറികളും ഉണ്ട്.

നല്ല ടവ്വലുകൾ, ഓരോ തടവുകാരനും ഒരു ഫ്രിഡ്ജ്, അതുപോലെ പുറത്തെ കാനന ഭംഗി ആസ്വദിക്കുവാൻ കാഴ്‌ച്ച തടസ്സപ്പെടുത്താത്ത ജനലുകളും ഇവിടെയുണ്ട്. തികഞ്ഞസ്വകാര്യത ഉറപ്പു വരുത്തുന്ന സെല്ലുകൾക്ക് പുറമെ ഓരോ വിംഗിനും ആ വിംഗിലെ തടവുകാർക്ക് ഒത്തുകൂടാനും വിനോദങ്ങളിൽ ഏർപ്പെടാനും സിനിമ കാണുവാനും, വീഡിയോ ഗെയിം കളിക്കുവാനുമൊക്കെയായി കമ്മ്യുണിറ്റി സെന്ററുകളുമുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം, സംഗീതം റെക്കോർഡ് ചെയ്യാനുള്ള സ്റ്റുഡിയോ എന്നിവയും ഇവിടെയുണ്ട്.

സോളെന്റുണ പ്രിസൻ, സ്വീഡൻ

ഹാൽഡൻ ജയിലിലേത് പോലെ ഇവിടെയും തടവുകാർക്ക് അവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിനുള്ള ആധുനിക ജിംനേഷ്യം, സ്വയം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അടുക്കള, അതുപോലെ ടിവി കാണുവാൻ പ്രത്യേകം മുറി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനുപുറമെ തടവുകാരെ സൂര്യ വികിരണത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1,100 ചതുരശ്ര മീറ്റർ ഹരിത മേൽക്കൂരയും തീർത്തിട്ടുണ്ട്.

ജെ വി എ ഫൂൽസ്ബട്ൽ പ്രിസൺ ജർമ്മനി

ഹാംബർഗിലെ ജെ വി എ ഫൂൽസ്ബട്ൽ ജയിൽ സ്ഥിതി ചെയ്യുന്നത് നേരത്തെ ഒരു നാസി കോൺസൻട്രേഷൻ ക്യാമ്പ് സ്ഥിതിചെയ്ത സ്ഥലത്താണ്. എന്നാൽ, പഴയകാലത്തിന്റെ ഓർമ്മകൾ പടെ മായ്ച്ചു കളയുന്ന രീതിയിലുള്ള ആഡംബരമാണ് ഇന്നിവിടെയുള്ളത്. ദീർഘകാല തടവ് അനുഭവിക്കുന്നവർക്ക് വസ്ത്രം അലക്കാനുള്ള വാഷിങ് മെഷീൻ വരെ ഇവിടെ നൽകിയിട്ടുണ്ട്. ബോട്ടിക് ഹോട്ടലുകൾക്കും ഹോളിഡേ റിസോർട്ടുകൾക്കും സമാനമായ ഈ ജയിലിൽ തടവുകാർക്ക് മനപരിവർത്തനം വരുത്തുന്നതിനുള്ള നടപടികളും ഉണ്ട്.

ചാമ്പ്- ഡോളോൺ പ്രിസൺ, സ്വിറ്റ്സർലാൻഡ്

വൻ സുരക്ഷാ സംവിധാനമൊരുക്കിയിട്ടുള്ള ചാമ്പ്- ഡോളോൺ ജയിൽ 1977-ൽ വെറും 200 തടവുകാരെ താമസിപ്പിക്കാൻ ആയി നിർമ്മിച്ചതാണ്. ഒരു റിമാൻഡ് സ്ഥലമായതിനാൽ ഇവിടത്തെ അന്തേവാസികളിൽ 60 ശതമാനം പേരും വിചാരണ കാത്തിരിക്കുന്നവരാണ്. ആളുകളുടെ ബാഹുല്യം നിമിത്തം പകർച്ച വ്യാധികളും മറ്റും നിത്യ സംഭവമായപ്പോൾ 2011 ൽ 32 മില്യൺ പൗണ്ട് ചെലവഴിച്ച് ഇവിടെ മാറ്റങ്ങൾ വരുത്തി.

ഇന്ന് മൂന്ന് പേർക്ക് താമസിക്കാവുന്ന,, ബാത്ത് അറ്റാച്ച്ഡ് മുറികളാണ് ഇവിടത്തെ ഓരോ സെല്ലുകളും. അതുപോലെ ജയിലിന്റെ പുറം ഭാഗവും മോടികൂട്ടുകയും നിരവധി വിനോദ പരിപാടികൾക്ക് സാഹചര്യമൊരുക്കുകയും ചെയ്തു. ൻ

അരൻജുവെസ് പ്രിസൺ, സ്പെയിൻ

ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യത്തെ കുടുംബ ജയിൽ ആയിരിക്കാം ഇത്. കൊലപാതക കേസിലോ, മയക്കുമരുന്നു കടത്തിലോ ഉൾപ്പെട്ട കുറ്റവാളികളായ മാതാപിതാക്കൾക്ക് ഒപ്പം ജയിലിൽ കഴിയുമ്പോൾ തന്നെ അവരുടെ കുട്ടികൾക്ക് നഴ്സറി സ്‌കൂളുകളിലോ മറ്റ് സ്‌കൂളുകളിലോ പഠിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട് ഇവിടെ.

ഡിസ്നി കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ചുമരുകളാണ് ഫൈവ് സ്റ്റാർ സെല്ലുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ജയിലിലെ സെല്ലുകളുടെ പ്രത്യേകത. മാതാപിതാക്കളുമായുള്ള ബന്ധം ഒഴിയാതെ കുട്ടികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുകയാണ് ഇവിടെ. സെല്ലുകൾക്ക് പുറത്ത് കുട്ടികൾക്ക് കളിക്കാനായുള്ള പ്രത്യേക മൈതാനവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

ജസ്റ്റിസ് സെന്റർ ലിയോബെൻ, ആസ്ട്രിയ

ആസ്ട്രിയയുടെ പർവ്വത മേഖലകളിൽ സ്ഥിതി ചെയ്യുന്ന ജസ്റ്റിസ് സെന്റർ ലിയോബെൻ പല തവണ ലോകത്തിലെ മികച്ച ജയിലുകളിൽ ഒന്നായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമ സ്വഭാവമില്ലാത്ത 205 തടവുകാർക്ക് താമസിക്കാനായി പണി തീർത്ത ഇവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കും. ഓരോ തടവുകാരനും കുളിമുറി, അടുക്കള, ടി വി, പ്രകൃതിദൃശ്യങ്ങൾക്ക് തടസ്സം സൃഷ്ടിക്കാത്ത ജനൽ എന്നിവയോടു കൂടിയ ഒരു മുറിയാണ് ലഭിക്കുക.

ഒട്ടാഗോ കറക്ഷൻസ് ഫസിലിറ്റി, ന്യു സീലാൻഡ്

മിൽട്ടണിലെ ഒട്ടാഗോ കറക്ഷൻസ് ഫസിലിറ്റി 2007 ൽ ആയിരുന്നു തുറന്നത്. വളരെ കുറവ് അല്ലെങ്കിൽ ഇടത്തരം സുരക്ഷ മാത്രം ആവശ്യമുള്ള തടവുകാർക്ക് ഉള്ളതാണിത്. ഉയരം കൂടീയ വേലിക്കെട്ടിനാൽ ചുറ്റപ്പെട്ടതാണെങ്കിലും അകത്ത് തടവുകാർക്ക് വിനോദങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ സ്ഥലസൗകര്യമുണ്ട്. എന്നാൽ, മറ്റു ജയിലുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഓരോ തടവുകാർക്കും അവരുടെ നൈപുണികൾ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ അവസരം നൽകുന്നുഎന്നതിലാണ്.

എച്ച് എം പി അഡീവെൽ, സ്‌കോട്ട്ലാൻഡ്

എഴുന്നൂറോളം തടവുകാരെ പാർപ്പിക്കാൻ ഉദ്ദേശിച്ച് നിർമ്മിച്ച ഈ ജയിലിൽ നിന്നും പുറത്തു വരുന്ന ഓരോ കുറ്റവാളിയും പുറത്തെ ലോകത്ത് ജീവിക്കാൻ ആവശ്യമായ എന്തെങ്കിലും കഴിവുകൾ നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒന്നാണ്. പഠിക്കുന്നതിനുള്ള ജയിൽ എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. തടവുകാർക്ക് തൊഴിൽ സാധ്യതകൾ ഉണ്ടാക്കി, അവരെ കുറ്റകൃത്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.

ബാസ്റ്റോയ് പ്രിസൺ, നോർവേ

ആൾത്താമസമില്ലാത്ത ഒരു ദ്വീപിൽ 1982 ൽ നിർമ്മിച്ച ഈ ജയിൽ സ്ഥിതി ചെയ്യുന്നത് ഒരു ചതുരശ്രമൈലോളം വ്യാപിച്ചു കിടക്കുന്ന പൈൻ മരക്കാടുകൾക്ക് ഇടയിലാണ്. കൊലപാതകികളും ബലാത്സംഗ വീരന്മാരുമായി 100 ഓളം ക്രൂര കുറ്റവാളികളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. സെല്ലുകൾക്ക് ഉള്ളിൽ ഇരുന്ന് അതിമനോഹരമായ സമുദ്രക്കാഴ്‌ച്ച ആസ്വദിക്കാൻ ഉതകും വിധമാണ് ഇതിന്റെ രൂപ കല്പന.

തടവുകാർക്ക് നേരം പോക്കിനായി കുതിര സവാരി, ഫിഷിങ്, ടെന്നിസ് എന്നിവ ഏർപ്പെടുത്തിയിരിക്കുന്നതിനു പുറമെ കടൽത്തീരങ്ങളിലെത്തി വെയിൽ കായാനും കഴിയും. ഇവിടെ യഥാർത്ഥത്തിൽ സെല്ലുകൾ അല്ല ഉള്ളത്, മറിച്ച് കോട്ടേജുകളാണ്. ഓരോ തടവുകാരനും, കൃഷിയിടത്തോടുകൂടിയ ഒരു കോട്ടേജാണ് അനുവദിച്ചിരിക്കുന്നത്. ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങുന്ന കുറ്റവാളികൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ യൂറോപ്പിലെ തന്നെ ഏറ്റവും കുറവ് നിരക്കുള്ള ജയിലാണിത്.