ണ്ടാം ബിൻ ലാദൻ! കഴിഞ്ഞ ദിവസം ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ലെഫ്റ്റനന്റ് കേൺ റിച്ചാഡ് ഹെച്ചാ, ഇങ്ങനെ വിശേഷിപ്പിച്ച ഈ വ്യക്തിയാണ്, ഇസ്രയേലിനെ ഞെട്ടിച്ച തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരൻ എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. അതാണ് തീപ്പൊരി പ്രാസംഗികനും, സംഘാടകനുമായ ഈ ഹമാസ് നേതാവിന്റെ തലക്ക് ഇപ്പോൾ മൊസാദ് ലക്ഷങ്ങൾ വിലയിട്ടിരിക്കയാണ്.

നേരത്തെ, ഇസ്രയേൽ ആക്രമണത്തിന്റെ സൂത്രധാരൻ ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ് ആണെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഗസ്സാം ബ്രിഗേഡിനെ നയിക്കുന്നത് ദെയ്ഫ് ആണ്. ഓപറേഷൻ അൽ അഖ്‌സ ഫ്‌ളഡ് എന്ന പേരിലാണ് പുതിയ ആക്രമണം ദെയ്ഫ് പദ്ധതിയിട്ടത്. എല്ലാ ഫലസ്തീൻകാരും ഇതിൽ ഭാഗമാകണമെന്ന് ദെയ്ഫ് ആവശ്യപ്പെട്ടിരുന്നു.

ഇതിന് മുമ്പ് 2021 മെയ് മാസത്തിലാണ് ദെയ്ഫിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വന്നത്. നിരവധി തവണ ഇസ്രയേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നേതാവാണ് ദെയ്ഫ്. ഒരുവേള ബോംബാക്രമണത്തിൽ പെട്ടുവെന്നും ശരീരം തളർന്നുവെന്നും വാർത്തകളുണ്ടായിരുന്നു. പിന്നീട് വീൽചെയറിലാണ്് ഇദ്ദേഹം എന്നും വാർത്തകൾ വന്നിരുന്നു. ഇസ്രയേൽ സൈന്യം പലതവണ പിടിക്കാൻ ശ്രമിച്ച വ്യക്തിയാണ് ഇദ്ദേഹം. ഒരു സ്ഥലത്ത് പതിവയി തങ്ങാത്ത ഇദ്ദേഹത്തെ ഹമാസ് നേതാക്കൾക്കിടയിലെ അതിഥി എന്നാണ് അറിയപ്പെടുക. രണ്ടുപതിറ്റാണ്ടായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാത്ത നേതാവാണ് ദെയ്ഫ്. 2014ൽ ഇസ്രയേൽ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുമകനും കൊല്ലപ്പെട്ടിരുന്നു.

പക്ഷേ ഇപ്പോൾ ദെയ്ഫിനേക്കാൾ വലിയ ഭീകരനാണ്, യഹിയ സിൻവാർ എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. രണ്ടാം ബിൻലാദൻ എന്ന് അയാൾ വിശേഷിപ്പിക്കപ്പെടുന്നതും അങ്ങനെ തന്നെ.

24 വർഷം ഇസ്രയേൽ ജയിലിൽ

1962-ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലാണ് സിൻവാർ ജനിച്ചത്. 24 വർഷത്തോളം ഇസ്രയേൽ ജയിലിലായിരുന്നു സിൻവാർ. അട്ടിമറി പ്രവർത്തനങ്ങളുടെ പേരിൽ 1982-ലാണ് സിൻവാർ ആദ്യമായി അറസ്റ്റിലാവുന്നത്. 2002-ൽ ഇസ്രയേൽ വധിച്ച സലാഹ് ഷെഹാദുമായി ചേർന്ന് ഫലസ്തീനിയൻ മുന്നേറ്റങ്ങളിലെ ഇസ്രയേൽ ചാരന്മാരെ കണ്ടെത്താനുള്ള ഒരു സംഘത്തെ ഉണ്ടാക്കി. 1987-ൽ ഹമാസ് രൂപീകരിച്ചപ്പോൾ സിൻവാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘം അതിന്റെ ഭാഗമായി.

1988- ൽ വീണ്ടും അറസ്റ്റിൽ. രണ്ട് ഇസ്രയേൽ സൈനികരുടേയും നാല് ഫലസ്തീൻ പൗരന്മാരുടേയും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിനാണ് ആറു പേരേയും സായുധസംഘം വധിച്ചത്. ഈ സംഭവത്തിൽ നാല് ജീവപര്യന്തം തടവിനാണ് സിൻവാറിനെ ശിക്ഷിച്ചത്.

2006-ൽ ഹമാസിന്റെ ഇസ്സത് ദീൻ അൽ ഖസം ബ്രിഗേഡ്‌സ് തുരങ്കം നിർമ്മിച്ച് ഇസ്രയേൽ ഭൂപ്രദേശത്തുകയറി സൈനിക പോസ്റ്റ് ആക്രമിച്ചു. രണ്ടു സൈനികരെ കൊലപ്പെടുത്തി, ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഗിലാദ് ഷാലിത് എന്ന സൈനികനെ ബന്ദിയാക്കി. ഇയാളെ അഞ്ചു വർഷം ഹമാസ് തടവിൽവെച്ചു. 2011-ൽ ഗിലാദ് ഷാലിതിനെ മോചിപ്പിക്കുന്നതിന് പകരമായി ഹമാസ് ആവശ്യപ്പെട്ടത് സിൻവാറിനെ സ്വതന്ത്രനാക്കുക എന്നായിരുന്നു. ഒടുവിൽ ഇസ്രയേലിന് ഹമാസിന്റെ ആവശ്യത്തിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. ഇതിനൊപ്പം 1,027 ഫലസ്തീൻ- ഇസ്രയേലി അറബ് തടവുകാരേയും ഇസ്രയേലിന് മോചിപ്പിക്കേണ്ടതായി വന്നു. 2011- വരെ 22 വർഷമാണ് സിൻവാറിന് അന്ന് തുടർച്ചയായി ജയിലിൽ കഴിയേണ്ടിവന്നത്.

കണ്ണില്ലാത്ത കൊലകൾ

പിന്നീട് ഹമാസിനുള്ളിൽ പെട്ടെന്നായിരുന്നു സിൻവാറിന്റെ വളർച്ച. ഹമാസിന്റെ സൈനിക വിഭാഗത്തിലായിരുന്നു സിൻവാർ പ്രവർത്തിച്ചത്. 2015-ൽ അമേരിക്കയുടെ അന്തർദേശീയ തീവ്രവാദി നോട്ടപ്പുള്ളികളുടെ പട്ടികയിൽ. 2017-ലാണ് ഇയാൾ ഹമാസിന്റെ തലവനാകുന്നത്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായ ഇസ്മായിൽ ഹനിയയ്ക്കു ശേഷം സായുധസംഘത്തിൽ രണ്ടാമനാണ് സിൻവാർ. ഹനിയ ഒളിവിൽ കഴിയുമ്പോൾ ഗസ്സയുടെ അനൗദ്യോഗിക തലവൻ തന്നെയാണ് സിൻവാർ.

ഇസ്രയേലുമായി ഒത്തുതീർപ്പിനു വഴങ്ങേണ്ടെന്നും സായുധപോരാട്ടമാണ് ആവശ്യമെന്നും വാദിക്കുന്നയാളാണ് സിൻവാർ. ഹമാസ് നേതൃത്വത്തോട് പൂർണ്ണവിധേയത്വം അണികളിൽനിന്ന് ആവശ്യപ്പെടുന്ന സിൻവാർ, തീപ്പൊരി പ്രസംഗങ്ങളുടെ പേരിലും പ്രസിദ്ധനാണ്. ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽനിന്ന് അറബിക് സ്റ്റഡീസിൽ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

ചിലയവസരങ്ങളിൽ സ്വന്തം അണികൾക്കുനേരേയും കടുത്ത നടപടിയെടുക്കാൻ സിൻവാർ മടിക്കാറില്ല. ഹമാസ് കമാൻഡറായിരുന്ന മഹ്‌മൂദ് ഇഷാൻവിയുടെ വധമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2015-ൽ ഇയാൾക്കെതിരെ പണാപഹരണ ആരോപണം വന്നു. തുടർന്ന് അടുത്ത വർഷം ഇയാളെ തൂക്കിലേറ്റുകയായിരുന്നു. പിന്നീട് ഇയാൾക്കെതിരെ സദാചാരവിരുദ്ധ കുറ്റങ്ങളും ആരോപിക്കപ്പെട്ടു. ഇതിൽ പ്രധാന ആരോപണം, ഇഷാൻവി സ്വവർഗാനുരാഗിയാണ് എന്നതായിരുന്നു.

യഹിയ സിൻവാറിനെ തിന്മയുടെ മുഖമെന്ന് വിശേഷിപ്പിച്ചത് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ലെഫ്റ്റണന്റ് കേൺ റിച്ചാഡ് ഹെച്ചായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് നേതൃത്വം നൽകിയ ബിൻലാദനെപ്പോലെ ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് സിൻവാറെന്നായിരുന്നു ഐഡിഎഫിന്റെ ആരോപണം. 'ഫലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തിയാണ് സിൻവാർ തന്റെ സ്ഥാനമുറപ്പിച്ചത്. ഇതാണ് ഇയാളെ ഖാൻ യൂനിസിലെ കശാപ്പുകാരൻ എന്ന് വിശേഷിപ്പിക്കാൻ കാരണം. സിൻവാറും അയാളുടെ സംഘവും ഞങ്ങളുടെ ദൃഷ്ടിയിലുണ്ട്. അയാളിലേക്കും ഞങ്ങൾ എത്തിച്ചേരും, ഇതൊരു നീണ്ട ശ്രമമാണ്',- ഐഡിഎഫ്. വക്താവ് കൂട്ടിച്ചേർത്തു.

നേരത്തെ തന്നെ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലുള്ള നേതാവാണ്, യഹിയ. ഇനിയങ്ങോട്ട് യഹിയയെ വധിക്കുക തന്നെയായിരിക്കും മൊസാദിന്റെ ഏറ്റവും വലിയ ദൗത്യവും.