യെരുശലേം: ഹമാസ് ബന്ദികളാക്കിയ 199 പേരിൽ ഇസ്രയേലി പൗരന്മാർ മാത്രമല്ല, വിദേശികളുമുണ്ട്. പലരുടെയും വീട്ടുകാരും ബന്ധുക്കളും ഇപ്പോൾ തീ തിന്നു കഴിയുകയാണ്. ഒന്നുമറിയാത്ത അവസ്ഥ. ജീവനോടെയുണ്ടോ? ഹമാസ് അവരെ കൊന്നുകളഞ്ഞോ? അതിനിടെ, ഹമാസ് ഒരു വീഡിയോ പുറത്തുവിട്ടു. ഒക്ടോബർ 7 ന് ദക്ഷിണ ഇസ്രയേലിൽ നോവ സംഗീത പരിപാടി നടക്കുന്നയിടത്ത് നിന്ന് ഹമാസ് സായുധ സംഘം തട്ടിക്കൊണ്ടുപോയ 21 കാരിയുടെ വീഡിയോയാണ് പുറത്തുവിട്ടത്. ഇസ്രയേൽ അതിർത്തിക്ക് അടുത്തുവച്ച് നടന്ന പരിപാടിക്കിടെ, ഹമാസ് സംഘം ഇരച്ചുകയറി ആക്രമിച്ചപ്പോൾ യുവതിക്ക് അവിടെ വച്ച് വെടിയേറ്റിരുന്നു. പിന്നീട് ബന്ദിയുമാക്കി.സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ 260 പേരാണു ഹമാസ് നടത്തിയ വെടിവയ്പിൽ അന്ന് കൊല്ലപ്പെട്ടത്.

ആദ്യമായാണ് ഇവരിൽ ഒരാളുടെ വീഡിയോ പുറത്തുവിടുന്നത്. 21 വയസ്സുകാരിയായ മിയ സ്‌കീം എന്നു സ്വയം പരിചയപ്പെടുത്തുന്ന യുവതിയുടെ വീഡിയോ ആണ് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടത്. താൻ ഗസ്സ അതിർത്തിക്കടുത്തുള്ള ഒരു ചെറിയ ഇസ്രയേലി നഗരമായ സ്ദെറോത്തിൽ നിന്നുള്ളയാളാണെന്ന് യുവതി വീഡിയോയിൽ പറയുന്നു. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ, മിയയുടെ പരുക്കേറ്റ കൈയിൽ ആരോഗ്യപ്രവർത്തക ബാൻഡേജ് ഉപയോഗിച്ച് കെട്ടുന്നുണ്ട്.

കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയെന്നും യുവതി പറയുന്നു. ''അവർ എന്നെ ശുശ്രൂഷിക്കുന്നു, അവർ എന്നെ ചികിത്സിക്കുന്നു, അവർ എനിക്ക് മരുന്ന് നൽകുന്നു. എല്ലാം ശരിയാണ്. പക്ഷേ ഇവിടുന്ന് എത്രയും വേഗം വീട്ടിലേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. എന്റെ കുടുംബത്തോടും മാതാപിതാക്കളോടും എന്റെ സഹോദരങ്ങളോടും എല്ലാവരോടും ഇതുതന്നെ പറയുന്നു. ദയവായി ഞങ്ങളെ എത്രയും വേഗം ഇവിടെനിന്നു പുറത്തിറക്കൂ.'' യുവതി വീഡിയോയിൽ പറയുന്നു.

വീഡിയോ കണ്ട് മിയയുടെ അമ്മ കാരൻ സ്‌കീം പൊട്ടിക്കരഞ്ഞു. എത്രയും വേഗം എന്റെ കുഞ്ഞിനെ വീട്ടിലേക്ക് മടക്കി കൊണ്ടുവരൂ, ലോകത്തോട് ഞാൻ അപേക്ഷിക്കുകയാണ്, കാരൻ അപേക്ഷിച്ചു. ഫ്രഞ്ച്, ഇസ്രയേലി ഇരട്ടപൗരത്വമുള്ളയാളാണ് മിയ. നോവ ഫെസ്റ്റിവലിൽ കൂട്ടുകാർക്കൊപ്പം ചിരിച്ച് ഉല്ലസിച്ച് നൃത്തം ചവിട്ടുന്ന മിയയുടെ വീഡിയോയും കുടുംബം പുറത്തുവിട്ടു.

പോരാളി എന്നാണ് മകളെ കാരെൻ വിശേഷിപ്പിക്കുന്നത്. പിന്നീട് കേൾക്കുന്നത് വെടിവെപ്പിന്റെ വാർത്തയാണ്. 'അവർ ഞങ്ങളെ വെടിവെക്കുന്നു. ദയവായി ഞങ്ങളെ രക്ഷിക്കൂ, കൂടെയുണ്ടായിരുന്ന സുഹൃത്തിന് അയച്ച സന്ദേശമാണ് കുടുംബം പിന്നീട് അവളിൽ നിന്ന് കേൾക്കുന്നത്. ഇപ്പോൾ ഹമാസിന്റെ വീഡിയോയിൽ മകളെ കണ്ടതോടെ കാരെന് ആധിയേറി. അവർ മകളെ ഉപദ്രവിക്കുമോ?

' ആ പാർട്ടിയിൽ പങ്കെടുക്കാൻ പോയ പല കുട്ടികളുമുണ്ട്, ഈ ഭീകരത അവസാനിപ്പിക്കണം, എല്ലാവരെയും മടക്കി കൊണ്ടുവരണം,' കാരെൻ അഭ്യർത്ഥിച്ചു. ഒക്ടോബർ 7 ന് മകളെ കാണാതായ ശേഷം മണിക്കൂറുകളോളം താൻ മകളുടെ ഫോണിൽ വിളിച്ചു. അവളൊരു നിഷ്‌ക്കളങ്കയായ കുട്ടിയാണ്. പാർട്ടയിൽ കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാൻ പോയ അവളെ തട്ടിക്കൊണ്ടുപോയി. അവളെ വീട്ടിൽ നിന്ന് കവർന്നുകൊണ്ടുപോയി. ഈ വീഡിയോ പുറത്തുവരും വരെ അവൾ ജീവനോടെ ഉണ്ടോ എന്നറിയില്ലായിരുന്നു', കാരെൻ പറഞ്ഞു.

മിയയുടേത് മാത്രമല്ല, മറ്റ് 198 പേരുടെ കുടുംബങ്ങൾ കൂടി ഇതുപോലെ ഊണും ഉറക്കവുമില്ലാതെ കഴിയുകയാണ്.