മാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഷേക്ക് ഹസൻ യൂസഫ്. ഹമാസിനുവേണ്ടി തോക്കെടുത്ത് പോരാടുകയും, ഇസ്രയേലിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്ത വ്യക്തി. പക്ഷേ അദ്ദേഹത്തിന്റെ മകൻ മൊസാബ് യൂസഫിന് മറ്റൊരു വിധിയായിരുന്നു. ഹമാസിന്റെ ക്രുരതകൾ കണ്ട് ഇസ്ലാം ഉപേക്ഷിച്ച ഇയാൾ ക്രിസ്തുമത അനുയായി മാറി. മാത്രമല്ല, പതുക്കെ ഇസ്രയേൽ പക്ഷത്തേക്ക് മാറിയ മൊസാബ്, ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ സേവനമായ ഷിൻ ബെറ്റിൽ 1997 മുതൽ 2007 വരെ രഹസ്യമായി പ്രവർത്തിച്ച ഒരു ഫലസ്തീനിയാണ്!

മൊസാബ് നൽകിയ വിവരങ്ങൾ ഡസൻ കണക്കിന് ചാവേർ ആക്രമണങ്ങളും കൊലപാതകങ്ങളും മൊസാദിന് തടയാനായി. അദ്ദേഹത്തിന്റെ പിതാവും ഹമാസ് നേതാവ് ഷെയ്ഖ് ഹസ്സൻ യൂസഫിനെ തടവിലാക്കുന്നതിന് സഹായിച്ചതും ഈ ഇന്റലിജൻസ് ഇൻപുട്ടുകൾ ഉപകാരപ്പെട്ടു. 1999ൽ യൂസഫ് ക്രിസ്തുമതം സ്വീകരിച്ചു. 2007-ൽ അദ്ദേഹം അമേരിക്കയിലേക്ക് മാറി. വധഭീഷണിയെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ രാഷ്ട്രീയ അഭയം നൽകാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥയെ തുടർന്നാണിത്.

2010 മാർച്ചിൽ അദ്ദേഹം തന്റെ ആത്മകഥ 'സൺ ഓഫ് ഹമാസ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഹമാസ് എങ്ങനെയാണ് കൊച്ചുകുട്ടികളുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്നത് എന്നത് ആ പുസ്തകം കൃത്യമായി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഹമാസിന്റെ ഹിറ്റ് ലിസ്റ്റിലെ ആദ്യ പേരുകാരിൽ ഒരാളാണ് മൊസാബ് യൂസഫ്. ഇസ്രയേൽ -ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മൊസാബ് യൂസഫ് വീണ്ടും രംഗത്തിറങ്ങിയരിക്കയാണ്. ഇസ്ലാമിക രാഷ്ട്രമാണ് ഹമാസിന്റെ ലക്ഷ്യമെന്നു അത് എങ്ങനെയാണ് കുട്ടികളെ ലക്ഷ്യമിടുന്നത് എന്നുമുള്ള മൊസാബിന്റെ വാക്കുകൾ വൈറലാണ്.

എല്ലാം മതപഠനത്തിന്റെ മറവിൽ

മൊസാബ് യൂസഫ് പറയുന്നത് ഗസ്സയിൽ കുട്ടികൾക്ക് അഞ്ചു വയസ്സാകുമ്പോൾ മുതൽ മത പഠനം തുടങ്ങുമെന്നാണ്. ഈ മത പഠനം ഒരു 'മോറൽ കോൺഷ്യസ്നെസ്' ഉണർത്തുന്ന പ്രക്രിയ ആണെങ്കിൽ അത് തീർച്ചയായും നല്ലതാണ്. അതിനു പകരം പിഞ്ചു കുട്ടികളായിരിക്കുമ്പോൾ തന്നെ അവരിൽ യഹൂദ വിരോധവും, ഇസ്രയേൽ വിരുദ്ധ വികാരവുമൊക്കെ കുത്തി വെക്കപ്പെടുകയാണ്. ഇങ്ങനെ പത്തിരുപതു വർഷം കഴിയുമ്പോൾ, മത പഠനം ഉൾക്കൊള്ളുന്ന യുവാക്കൾ 'ചാവേറുകളായി' പരിണമിക്കുകയാണ്. 'സ്യൂയിസൈഡ് സ്‌ക്വാഡ് മൈൻഡ്‌സെറ്റ്' വളരെ വർഷങ്ങളായുള്ള 'ബ്രെയിൻ വാഷിങ്' മൂലം മാത്രം സംഭവിക്കുന്നതാണ്. ഹമാസിലുള്ളവർക്ക് ഇസ്രയേലുകാരോടോ, യഹൂദരോടോ മാത്രമല്ല, ഫലസ്തീൻകാരുടെ ജീവനോട് പോലും യാതൊരു മമതയുമില്ലാ എന്നാണ് മൊസാബ് യൂസഫ് പറയുന്നത്. അവർക്ക് 'ശഹീദാവുക' എന്നത് മാത്രമാണ് ലക്ഷ്യം എന്നാണ് മൊസാബ് യൂസഫ് പറയുന്നത്. ഗസ്സയിൽ നിന്ന് പുറത്തുകടന്നപ്പോൾ മാത്രമാണ് തനിക്കും ഇതിനെ കുറിച്ച് ബോധോദയം വന്നത് എന്നും പുള്ളി പറയുന്നുണ്ട്. ഇത്തരം ഒരു 'മൈൻഡ്സെറ്റിൽ' നിന്ന് രക്ഷപെട്ടത് തന്റ്‌റെ മഹാഭാഗ്യമായി കണക്കാക്കുന്നു എന്നും മൊസാബ് പറയുന്നുണ്ട്.

'ഫലസ്തീനികളുടെ ജീവിതത്തെക്കുറിച്ച് ഹമാസ് ശ്രദ്ധിക്കുന്നില്ല, ഇസ്രയേലികളുടെയോ അമേരിക്കക്കാരുടെയോ ജീവിതത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. അവർ സ്വന്തം ജീവിതത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. അവരുടെ പ്രത്യയശാസ്ത്രത്തിനുവേണ്ടി മരിക്കുന്നത് ഒരു ആരാധനാരീതിയായി അവർ കരുതുന്നു. നിങ്ങൾക്ക് എങ്ങനെ ആ സമൂഹത്തിൽ തുടരാനാകും? ഹമാസ് സഹവർത്തിത്വവും വിട്ടുവീഴ്ചയും ആഗ്രഹിക്കുന്നില്ല. ഇസ്രയേൽ രാഷ്ട്രത്തിന്റെ നാശം മാത്രമല്ല ഹമാസിന്റെ അന്തിമ ലക്ഷ്യസ്ഥാനം.

ഹമാസിന്റെ അവസാന ലക്ഷ്യസ്ഥാനം ഇസ്ലാമിക ഖിലാഫത്ത് നിർമ്മിക്കുക എന്നതാണ്, അതായത് മറ്റെല്ലാ നാഗരികതയുടെയും അവശിഷ്ടങ്ങൾക്ക് മുകളിൽ ഒരു ഇസ്ലാമിക രാഷ്ട്രം. ഇതാണ് പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അല്ലാതെ ഫലസ്തീന്റെ മോചനമോ, ഇസ്രയേലിന്റെ നാശമോ അല്ല''- മൊസാബ് പറയുന്നു. ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെറൽ ആവുന്നത്.

എന്നാൽ ഹമാസ് നേതൃത്വമാവട്ടെ ഈ വാക്കുകളൊക്കെ തള്ളിക്കളയുകയാണ്. സഹോദരൻ ഉവൈസ് ഒറ്റുകാരൻ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. പിതാവ് ഷേക്ക് ഹസൻ യൂസഫും ഈ പിഴച്ച മകനെ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.