മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം അമരമ്പലം സൗത്തിൽ വൈദ്യൂതി വേലിയിൽ നിന്നും ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം. ഷോക്കേറ്റത് കാട്ടുപന്നികളെ തുരത്താൻ സ്ഥാപിച്ച വേലിയിൽ നിന്ന്. കോവിലകം ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്ന അറക്കൽ ഉണ്ണിക്കൃഷ്ണനെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു.

അസാം ബഗാരിച്ചാർ സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്‌മത്തുള്ള യാണ് (13) മരിച്ചത്. ഇന്നു രാവിലെ 10.30ഓടെയാണു 13കാരനെ പൂക്കോട്ടുംപാടത്തെ കൃഷി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഭാഗത്തു വൈദ്യുതി ലൈനും ഉണ്ടായിരുന്നു. തുടർന്നു നാട്ടുകാർ പൂക്കോട്ടുംപാടം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്നു പൊലീസെത്തി നടത്തിയ പരിശോധനയിലാണു വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നു കണ്ടെത്തിയത്. അപകടം നടന്ന കൃഷി സ്ഥലം പട്ടത്തിന് എടുത്തു നടത്തിവരികയായിരുന്നു ഉണ്ണിക്കൃഷ്ണനെതിരെയാണു പൊലീസ് കേസെടുത്തത്. അപകടം അറിഞ്ഞതോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. കൃഷിക്കു കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെയാണു പ്രദേശത്തു വൈദ്യുതി വേലി സ്ഥാപിച്ചതെന്നാണു പറയുന്നത്.

എന്നാൽ സ്ഥലത്തുവന്ന കുട്ടിക്കു വൈദ്യുതി വേലിയുള്ള കാര്യം അറിവില്ലായിരുന്നു. സമീപത്തുആരും ഉണ്ടാകാതിരുന്നതിനാലാണു അപകടം അറിയാൻ വൈകിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അമരമ്പലം സൗത്ത് ഇഷ്ടിക കളത്തിൽ ജോലി ചെയ്യുന്ന അസം കുടുംബത്തിലെ പയ്യനാണ് മരിച്ച റഹ്‌മത്തുള്ള. ഓട്ടു കമ്പനിക്ക് സമീപമുള്ള തോടിനരികിലുള്ള കൃഷി സ്ഥഥലത്താണു മരിച്ച നിലയിൽ കാണപ്പെട്ടത്. നിലമ്പൂർ ഡി വൈ എസ് പി സാജു കെ എബ്രഹാം ഉൾപ്പെടെയുള്ള പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

അതേ സമയം പ്രദേശത്ത് വൈദ്യുതി എത്തിച്ചത് അനധികൃതമാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഷോക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അന്വേഷണ നടത്തുമെന്നും കെ എസ് ഇ ബി വാണിയമ്പലം സെക്ഷൻ ഓഫീസ് അധികൃതരും പറഞ്ഞു.