ലണ്ടൻ: വിദ്യാഭ്യാസത്തിന്റെ മറവിൽ കുടിയേറ്റം വർദ്ധിക്കുന്നതായി മുൻ മന്ത്രി ലോർഡ് ജോ ജോൺസൺ. അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന വ്യാജ അപേക്ഷകൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസരംഗം രാഷ്ട്രീയ സഹനത്തിന്റെ പരിധിയിൽ എത്തിയിരിക്കുകയാണെന്നും കോഴ്സുകൾ ഇടക്ക് വെച്ച് നിർത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം എക്കാലത്തേക്കാളും വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ സർക്കാർ സഹായം ലഭ്യമാക്കുന്ന കാലം കഴിഞ്ഞു എന്നും യൂണിവേഴ്സിറ്റീസ് യു കെ സംഘടിപ്പിച്ച ഇന്റർനാഷണൽ സ്റ്റുഡന്റ്സ് റിക്രൂട്ട്മെന്റ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 140 ൽ അധികം ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണിത്. തദ്ദേശവാസികളായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ വിദ്യാഭ്യാസം നൽകാൻ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളെ പ്രധാനമായും സഹായിക്കുന്നത് വിദേശ വിദ്യാർത്ഥികൾ നൽകുന്ന ഉയർന്ന ഫീസാണ്.

പത്ത് വർഷം മുൻപ് വരെ യൂണിവേഴ്സിറ്റികളുടെ വരുമാനത്തിൽ 10 ശതമാനം വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള ഫീസ് ആയിരുന്നെങ്കിൽ ഇന്നത് 20 ശതമാനമായി ഉയർന്നിരിക്കുന്നു. ബ്രിട്ടീഷ് സമ്പദ്ഘടനക്ക് വിദേശ വിദ്യാർത്ഥികൾ 42 ബില്യൺ പൗണ്ടിന്റെ സംഭാവന നൽകുന്നുണ്ടെങ്കിലും, ചില യൂണിവേഴ്സിറ്റികൾ വിദ്യാഭ്യാസമല്ല, കുടിയേറ്റമാണ് സാധ്യമാക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. അതുകൊണ്ടു തന്നെ വ്യാജ അപേക്ഷകൾ നിരസിക്കേണ്ടതുണ്ട്.

ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പഠനം പകുതിവഴിക്ക് നിർത്തുന്നത്. പകുതി വഴിക്ക് പഠനം നിർത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 25 ശതമാനമായി എന്നും ജോൺസൺ പറഞ്ഞു. ഇത് ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയുടെ യശസ്സിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാസ്റ്റേഴ്സ് വിദ്യാർത്ഥികൾക്ക് ആശ്രിതര കൊണ്ടുവരുന്നതിലടക്കം വിലക്ക് കൽപിച്ചു കൊണ്ട് കഴിഞ്ഞ മാസം ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ സ്റ്റുഡന്റ് വിസ നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയിരുന്നു.

അതേസമയം, പഠനം പൂർത്തിയാക്കിയതിനു ശേഷവും രണ്ട് വർഷക്കാലം വരെ ബ്രിട്ടനിൽ തുടരാനും ജോലി ചെയ്യാനും വിദ്യാർത്ഥികൾക്ക് അനുമതി നൽകുന്ന ഗ്രാഡ്വേറ്റ് റൂട്ട് സർക്കാർ നിർത്തലാക്കിയിട്ടില്ല. വിസ നിയമത്തിലുണ്ടായ മാറ്റങ്ങൾ വിദേശ വിദ്യാർത്ഥികളുടെ വരവ് കുറച്ചിട്ടുണ്ട് എന്ന് സ്റ്റുഡന്റ് റിക്രൂട്ട്മെന്റ് സൈറ്റ് ആയ ഐ ഡി പി നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞിരുന്നു.