കറാച്ചി: ഇന്ത്യയുടെ ശത്രുക്കളായ കൊടും ഭീകരർ വിദേശരാജ്യങ്ങളിൽ കൊല്ലപ്പെടുന്നത് തുടരുന്നു. ആഗോള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ അടുത്ത അനുയായിയായ, കൊടും ഭീകരൻ ദാവൂദ് മാലിക്കാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പാകിസ്ഖാനിലെ ഖൈബർ പഖ്തൂൻഖ്വാ പ്രവിശ്യയിലെ വസീറിസ്ഥാനിൽ വച്ചായിരുന്നു സംഭവം.

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കഴിഞ്ഞ ആഴ്ച സമാന രീതിയിൽ പാക്കിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ഗുജ്രാൻവാലയ്ക്ക് സമീപം മോർ അമീനബാദിൽ വെച്ച് അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. മോട്ടോർ ബൈക്കിലെത്തിയ ആളാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്.

2019ലെ പുൽവാമ ആക്രമണം ഉൾപ്പെടെ ഇന്ത്യയ്‌ക്കെതിരായ നിരവധി ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയാണ് ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ കൂടിയായ മസൂദ് അസ്ഹർ. 2019 ൽ, മസൂദ് അസ്ഹറിനെ 'ആഗോള തീവ്രവാദി'യായി പ്രഖ്യാപിച്ചിരുന്നു. അസ്ഹറിന്റെ വലംകൈയായി കണക്കാക്കപ്പെട്ടിരുന്ന മാലിക് ജെയ്‌ഷെ ഇഎം, ലഷ്‌കർ-ഇ-ജാങ്വി തുടങ്ങിയ നിരവധി ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിൽ മാലിക് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഭീകരരെ കൊലപ്പെടുത്തിയതിന്റെ മറ്റൊരു കൂട്ടിച്ചേർക്കലാണ് മാലിക്കിന്റെ മരണം. ഈ മാസമാദ്യം കറാച്ചിയിൽ വെച്ച് അജ്ഞാതരായ തോക്കുധാരികകൾ, ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ, ജെയ്‌ഷെ ഭീകരൻ ഖൈസർ ഫാറൂഖിനനെയ വധിച്ചിരുന്നു.

റോയും മൊസാദ് മോഡലിൽ

വിദേശ മണ്ണിൽ ദുരൂഹമായി കൊല്ലപ്പെട്ട ഇന്ത്യാ വിരുദ്ധനായ 17-ാമത്തെ ഭീകരനാണ് മാലിക്. ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിച്ച നിരവധി ഭീകരരെ വിദേശ മണ്ണിൽ അജ്ഞാതരായ അക്രമികൾ കൊലപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ, കാനഡയിലെ ഖാലിസ്ഥാൻ ഭീകരരായ ഹർദീപ് സിങ് നിജ്ജാർ, സുഖ്ദൂൽ സിങ് എന്നിവരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യാ-കാനഡ ബന്ധവും വഷളായിരുന്നു. 1999ൽ കാഠ്മണ്ഡുവിലേക്ക് പോയ ഇന്ത്യൻ എയർലൈൻസ് ഫ്‌ളൈറ്റ് 814 ഹൈജാക്കർമാരിൽ ഒരാളായ സഹൂർ മിസ്ത്രി കഴിഞ്ഞ വർഷം കറാച്ചിയിൽ വെടിയേറ്റ് മരിച്ചതോടെയാണ് ഇന്ത്യാ വിരുദ്ധ ഭീകരരുടെ വധം പുറംലോംകം അറിയുന്നത്.

2019 മുതൽ, പ്രത്യേകിച്ച് കഴിഞ്ഞ 24 മാസങ്ങൾക്കുള്ളിൽ, ഇന്ത്യയുടെ ഒരു ഡസനിലധികം ശത്രുക്കൾ വിദേശത്തുള്ള അവരുടെ സുരക്ഷിത താവളങ്ങളിൽ കൊല്ലപ്പെട്ടു. അതോടെ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിനെ പോലെയുള്ള ദൗത്യത്തിന് ഇന്ത്യ തുടക്കമിട്ടിട്ടുണ്ടോ എന്നാണ് ചിലരുടെ സംശയം. അടുത്തിടെ പാക്കിസ്ഥാനിൽ നടന്ന സ്ഫോടനങ്ങളിൽ പോലും ഇന്ത്യൻ ചാരസംഘടനയായ ' റോ' യെയാണ് പാക്കിസ്ഥാൻ സംശയിക്കുന്നത് .

വെറും 90 ലക്ഷം ജനങ്ങൾ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല എന്നതാണ് പലപ്പോഴും അത്ഭുതകരമായി തോന്നുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ തേടുന്ന ഭീകരർ കൊല്ലപ്പെടുമ്പോൾ പലരും മൊസാദിനോട് സാമ്യപ്പെടുത്തുകയാണ് റോ' യേയും. രവി സിൻഹ റോ ഡയറ്ടർ ആയതോടെയാണ്, ഡോവലും, അമിത്ഷായുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽ തുടങ്ങിയ പുതിയ ഡിഫൻസ് സ്‌ക്വാഡ് ഏറെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യ ഔദ്യോഗികമായി ഇതൊന്നും അംഗീകരിച്ചിട്ടില്ല. കാനഡയിൽ അടക്കം ഇന്ത്യയുടെ ശത്രുക്കൾ കൊല്ലപ്പെടുമ്പോൾ തങ്ങൾക്ക് ഒന്നും അറിയില്ല എന്ന നിലപാട് ആണ് ഇന്ത്യ എടുക്കാറുള്ളത്.