ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മണിപ്പുർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ ഓഫീസിന് സമീപമുള്ള പൊലീസ് സ്റ്റേഷൻ വളഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവെച്ച് പൊലീസ്. ഇതോടെ വീണ്ടും സ്ഥിതിഗതികൾ വഷളാകുകയാണ്. വലിയ പ്രതിസന്ധിയിലാണ് മണിപ്പൂർ.

തലസ്ഥാനമായ ഇംഫാലിലെ ഓഫീസിനു സമീപമുള്ള സ്റ്റേഷനിലാണ് സംഭവം. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പലതവണ പൊലീസ് വെടിവെച്ചു. നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ആരംബയ് തെങ്കോൽ എന്നു പേരുള്ള പ്രാദേശിക യുവജന കൂട്ടായ്മയാണ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. പൊലീസ് സ്റ്റേഷനിൽനിന്ന് ആയുധങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തീർത്തും വിചിത്രമായ ആവശ്യം. അതുകൊണ്ട് തന്നെ അംഗീകരിക്കാനും കഴിഞ്ഞില്ല.

മോറേയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്‌പ്പിൽ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്താം ആനന്ദ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാർ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർ സ്റ്റേഷനിലെത്തി ആയുധങ്ങൾ ആവശ്യപ്പെട്ടത്. സ്വയം സുരക്ഷ ഒരുക്കാൻ ആയുധം വേണമെന്നതായിരുന്നു ആവശ്യം.

തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. ഡ്യൂട്ടിയിലായിരുന്ന ആനന്ദ് ടൗണിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെ വയറിൽ വെടിയേൽക്കുകയായിരുന്നു. സ്നൈപ്പർ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ത്യ - മ്യാന്മർ അതിർത്തിയിലുള്ള മോറേ ടൗണിലാണ് അപകടം നടന്നത്. രാജ്യത്തിന് പുറത്തു നിന്നുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും സംശയമുണ്ട്. മെയ്‌തെയ് വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

കുക്കി സായുധ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസും രാജ്ഭവനും എല്ലാം സമീപമുള്ള ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തിന് നേർക്കുണ്ടായ പൊലീസ് വെടിവെപ്പിൽ 3 പേർക്ക് പരിക്കേറ്റു. ഇതിനിടെ ക്യാംങ്‌പോപി ജില്ലയിൽ കുക്കിസംഘടന 48 മണിക്കൂർ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തു.

വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു. നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സർക്കാർ. വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം.

ഇന്റർനെറ്റ് നിരോധനം പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. പിന്നലെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്.