തീവ ഗുരുതരാവസ്ഥയിൽ, ജീവൻ രക്ഷോപാധികളുടെ സഹായത്തോടെ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്ന ഇൻഡി ഗ്രിഗറി എന്ന എട്ട് മാസം മാത്രം പ്രായമുള്ള കുരുന്നിന്റെ മാതാപിതാക്കൾക്ക് നിയമ പൊരാട്ടത്തിൽ വീണ്ടും തിരിച്ചടി. മകളെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന ഹർജി ഹൈക്കോർട്ട് തള്ളി.യതോടെ ഇനിയെന്ത് എന്ന ആലോചനയിലാണ് ഇവർ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗാവസ്ഥയാണ് ഉള്ളത്. ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന ഒരു രോഗാവസ്ഥയാണിത്.

ജീവൻ രക്ഷാ ഉപാധികൾ എടുത്തുമാറ്റുവാൻ ഇൻഡിയെ ചികിത്സിക്കുന്ന ആശുപത്രി തീരുമാനിച്ചതോടെയായിരുന്നു മാതാപിതാക്കളുടെ നിയമ പോരാട്ടം ആരംഭിച്ചത്. മകൾക്ക് ഏറെ ഭേദമായിട്ടുണ്ടെന്നും, അൽപ കാലം കൂടി ഇങ്ങനെ പോയാൽ മകൾ രക്ഷപ്പെടും എന്നുമായിരുന്നു മാതാപിതാക്കൾ വാദിച്ചത്. എന്നാൽ, പ്രതീക്ഷകൾക്ക് വകയില്ലെന്നാണ് വൈദ്യശാസ്ത്രം വിവിധ കോടതികളെ അറിയിച്ചത്. അതോടെ മാതാപിതാക്കളുടെ അപേക്ഷ എല്ലായിടങ്ങളിലും നിരാകരിക്കപ്പെടുകയായിരുന്നു.

റോമിലുള്ള ഒരു പീഡിയാട്രിക് ഹോസ്പിറ്റൽ ഇൻഡി ഗ്രിഗറിക്ക് പ്രത്യേക ചികിത്സ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട് എന്നാണ് മാതാപിതാക്കളെ പിന്താങ്ങുന്ന കാമ്പെയ്ൻ ഗ്രൂപ്പ് ആയ ക്രിസ്റ്റ്യൻ ലീഗൽ സെന്റർ തിങ്കളാഴ്‌ച്ച പറഞ്ഞത്. എന്നാൽ, ഇറ്റലിയിലേക്ക് മാറ്റുന്നത് എട്ട് മാസം പ്രായമുള്ള ഇൻഡിയുടെ നല്ലതിന് വേണ്ടി ആയിരിക്കില്ല എന്നാണ് വ്യാഴാഴ്‌ച്ച ജസ്റ്റിസ് പീൽ തന്റെ എഴുതിത്തയ്യാറാക്കിയ വിധിയിൽ പറയുന്നത്.തുടർന്ന് മാതാപിതാക്കളുടെ അപേക്ഷ നിരസിക്കുകയായിരുന്നു.

താൻ നേരത്തെ നൽകിയ വിധി തിരുത്തുന്നതിനോ, അതിൽ മാറ്റങ്ങൾ വരുത്തുന്നതിനോ ആവശ്യമായ സാഹചര്യങ്ങളോ പരിസ്ഥിതിയോ ഇപ്പോഴുമില്ല എന്ന് ജഡ്ജി നിരീക്ഷിച്ചു. അതുകൊണ്ട് ഈ അപേക്ഷ നിരസിക്കുന്നു എന്നും ഉത്തരവിൽ പറയുന്നു. നിലവിൽ ഇൻഡിയെ ചികിത്സിക്കുന്ന, നോട്ടിങ്ഹാമിലെ ക്യുൻസ് മെഡിക്കൽ സെന്റർ ഈ അപേക്ഷ തള്ളിക്കളയണം എന്ന് വാദിച്ചിരുന്നു. ഇപ്പോൾ ഈ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള ആലോചനയിലാണ് മാതാപിതാക്കളായ ക്ലെയർ സ്റ്റാൻഫോർത്തും ഡീൻ ഗ്രിഗറിയും.

തികച്ചും നിരാശപ്പെടുത്തിയ വിധി എന്നായിരുന്നു കോടതിവിധിയെ കുറിച്ച് അവരുടെ പ്രതികരണം. ഇൻഡിയെ മികച്ച ചികിത്സയും ശ്രദ്ധയും വാഗ്ദാനം നൽകിയ ഇറ്റലിയിലേക്ക് മാറ്റുന്നത് അവളുടെ നല്ലതിനായിരിക്കില്ല എന്ന് പറയുന്നതിലെ യുക്തി എന്താണ് എന്ന് ഡീൻ ഗ്രിഗറി ചോദിക്കുന്നു. തങ്ങൾ സമീപിച്ച രണ്ട് ആരോഗ്യ വിദഗ്ധരും ഇത് നല്ലതിനാണെന്നാണ് പറഞ്ഞത് എന്നും ഗ്രിഗറി ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ മരുന്നുകളുടെ സ്വാധീനത്തിലല്ലാത്തപ്പോഴൊക്കെ ഇൻഡി നല്ല രീതിയിൽ പ്രതികരിച്ചു തുടങ്ങിയതായും ഗ്രിഗറി അറിയിച്ചു.