കറാച്ചി: കടലിൽ മീൻ പിടിക്കാൻ പോകുമ്പോൾ അവരാരും പ്രതീക്ഷിച്ചിരുന്നില്ല, തങ്ങൾക്കായി കടലമ്മ കാത്തുവച്ച സൗഭാഗ്യം ഇത്രയേറെ വിലമതിക്കുന്നതായിരിക്കുമെന്ന്. ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി മാറിയിരിക്കുകയാണ് പാക്കിസ്ഥാനിലെ കറാച്ചിയിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ.

അപൂർവ മത്സ്യം വലയിൽ കുടുങ്ങിയതോടെയാണ് മീൻപിടുത്തക്കാർക്ക് കോളടിച്ചത്. ലേലത്തിൽ ഏകദേശം ഏഴ് കോടിയോളം പാക് രൂപ ഇവർക്ക് ലഭിച്ചു. ഇബ്രാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തിലെ ഹാജി ബലോച്ചും തൊഴിലാളികൾക്കുമാണ് തിങ്കളാഴ്ച അറബിക്കടലിൽ നിന്ന് സോവ എന്നറിയപ്പെടുന്ന ഗോൾഡൻ ഫിഷ് ലഭിച്ചത്.

വളരെ അപൂർവമായാണ് ഈ മീൻ ലഭിക്കുക. ഏഴ് കോടി രൂപക്കാണ് വിറ്റുപോയത്. ഒരു മത്സ്യത്തിന് മാത്രം 70 ലക്ഷം രൂപ ലഭിച്ചുവെന്ന് പാക്കിസ്ഥാൻ ഫിഷർമെൻ ഫോക്ക് ഫോറത്തിലെ മുബാറക് ഖാൻ പറഞ്ഞു. സോവ മത്സ്യം അമൂല്യവും അപൂർവവുമായി കണക്കാക്കപ്പെടുന്നു. ഈ മീനിന്റെ വയറ്റിൽ നിന്നുള്ള പദാർത്ഥങ്ങൾക്ക് രോഗശാന്തിക്കുള്ള ഔഷധ ഗുണങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. മത്സ്യത്തിൽ നിന്ന് ലഭിക്കുന്ന നൂൽ പോലെയുള്ള പദാർത്ഥം ശസ്ത്രക്രിയയിലും ഉപയോഗിക്കും.

20 മുതൽ 40 കിലോ വരെ ഭാരവും 1.5 മീറ്റർ വരെയുമാണ് മീനിന്റെ വളർച്ച. അപൂർവമായി ലഭിക്കുന്ന മത്സ്യത്തിന് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആവശ്യക്കാരേറെയാണ്. കറാച്ചിയിലെ തീരത്തെ പുറംകടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു. അതിനിടെയാണ് സ്വർണ്ണ മത്സ്യ ശേഖരം ശ്രദ്ധയിൽപ്പെട്ടത്. വലിയ ഭാഗ്യമായി കരുതിയെന്ന് ഹാജി പറഞ്ഞു. ഏഴു പേരടങ്ങുന്ന തന്റെ ജോലിക്കാരുമായി പണം പങ്കിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജനനകാലത്ത് മാത്രമാണ് മത്സ്യം തീരത്ത് എത്തുന്നത്.

സ്വർണമത്സ്യമെന്ന് പൊതുവെയും, 'സോവ' എന്ന് പ്രാദേശികമായും അറിയപ്പെടുന്ന മത്സ്യമാണ് ഹാജിയുടെയും തൊഴിലാളികളുടെയും തലവര മാറ്റിയത്. നിരവധി ഔഷധഗുണങ്ങളുള്ള മത്സ്യമാണിത്. കറാച്ചി കടലിൽവച്ചാണ് ഹാജിയുടെ ബോട്ടിലെ തൊഴിലാളികൾ ഈ മത്സ്യങ്ങളെ പിടിച്ചത്. ഏഴുപേരടങ്ങുന്ന സംഘത്തിനാണ് സോവ മത്സ്യങ്ങളെ ലഭിച്ചത്.

ഇബ്റാഹിം ഹൈദരി മത്സ്യബന്ധന ഗ്രാമത്തിലാണ് ഹാജി ജീവിക്കുന്നത്. തിങ്കളാഴ്ച അറബിക്കടലിൽ മത്സ്യബന്ധനത്തിനിറങ്ങിയ ഹാജിയുടെ തൊഴിലാളികളുടെ വലയിൽ അപൂർവ മത്സ്യങ്ങൾ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഇവ കറാച്ചി ഹാർബറിലെത്തിച്ച് ലേലത്തിൽവെച്ചതോടെ ഏഴ് കോടിയോളം പാക്കിസ്ഥാൻ രൂപയ്ക്കാണ് വിറ്റുപോയത്. ലേലത്തിൽ ഒരു മത്സ്യത്തിന് 70 ലക്ഷം രൂപവരെ ലഭിച്ചു.

സാംസ്‌കാരികമായിത്തന്നെ പ്രാധാന്യമുള്ള ഇവയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. പാരമ്പര്യ ഔഷധ നിർമ്മാണങ്ങൾക്കായും പാചകത്തിനായും ഇവ ഉപയോഗിക്കുന്നു.