യെരുശലേം:ശതകോടികളുടെ സ്വത്തുക്കൾ വാരിക്കൂട്ടി, ഖത്തർ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ സസുഖം വാഴുന്ന ഹമാസ് നേതാക്കൾക്ക് ഇനി ഉറക്കമില്ലാ രാത്രികൾ. ഇസ്രയേലിന്റെ പേൾ ഹാർബർ എന്ന് അറിയപ്പെടുന്ന ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രതികാരമായി ഇസ്മായിൽ ഹനിയ അടക്കമുള്ള ഹമാസ് നേതാക്കളെ വധിക്കാനുള്ള പദ്ധതി മൊസാദ് തയ്യാറാക്കിയതായാണ് ഇപ്പോൾ വാർത്ത പുറത്തുവരുന്നത്.

അതിനിടെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗസ്സയെ രണ്ടുമേഖലകളാക്കി തിരിച്ച് നടത്തുന്ന സൈനിക നീക്കത്തിലും ഗണ്യമായ പുരോഗതിയുണ്ട്. കൊടും ഭീകരരരായ രണ്ടു ഡസനോളം ഹമാസ് കമാൻഡർമാരെയാണ് ഇസ്രയേൽ ഇതുവരെ കാലപുരിക്ക് അയച്ചത്. ഗസ്സയിൽ ഹമാസ് ഉണ്ടാക്കിയ 300ഓളം തുരങ്കങ്ങൾ അവർ തകർത്തു കഴിഞ്ഞു. ഇന്നലെ ഗസ്സയിലെ രോഗികളെ ഉൾപ്പെടെ 1,000 പേരെ ബന്ദികളാക്കിയ ഹമാസിന്റെ കമാൻഡറായ അഹമ്മദ് സിയാമിനെയാണ് ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ കൊന്നൊടുക്കിയത്. അഹമ്മദ് സിയാം കൊല്ലപ്പെട്ടെന്ന വാർത്ത അതീവ പ്രാധാന്യത്തൊടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അഹമ്മദ് സിയാം എന്ന കൊടും ഭീകരൻ

ഒക്ടോബർ 7 ന്റെ ഹമാസിന്റെ ആക്രമണത്തിന് നേതൃത്വം കൊടുത്ത ഒരാളാണ് അഹമ്മദ് സിയാം. നാസർ റദ്വാൻ കമ്പനിയുടെ കമ്പനി കമാൻഡറായിരുന്നു ഇയാളെന്ന് ഐഡിഎഫ് റിപ്പോർട്ടിൽ പറയുന്നു. ഗസ്സ സിറ്റിയിലെ അൽ-ബുറാഖ് സ്‌കൂളിൽ ഒളിവിൽ കഴിയവെയാണ് അഹമ്മദ് സിയാമിനെയും മറ്റ് ഹമാസ് ഭീകരന്മാരെയും വ്യോമാക്രണത്തിലൂടെ ഇസ്രയേൽ സൈന്യം വധിച്ചത്. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന് ഇയാളുടെ ഒളിത്താവളം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗിവാറ്റി ബ്രിഗേഡ് സൈനികരാണ് യുദ്ധ വിമാനം ഉപയോഗിച്ചുള്ള ആക്രണത്തിന് നേതൃത്വം നൽകിയത്.

ഗസ്സയിലെ ഏക പീഡിയാട്രിക് കാൻസർ വാർഡുള്ള ഗസ്സ സിറ്റിയിലെ അൽ-റാന്റിസി ഹോസ്പിറ്റലിൽ ആയിരത്തോളം സാധാരണക്കാരെ ബന്ദികളാക്കിയതായി ഐഡിഎഫിന് വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സിയാമിനെ വധിക്കാൻ ഇസ്രയേൽ സൈന്യം തീരുമാനമെടുത്തത്. ഈ ബന്ദിയാക്കലിന്റെ സൂത്രധാരൻ സിയാം ആണെന്നാണ് വിവരം. ഗസ്സ മുനമ്പിലെ സാധാരണക്കാരെയാണ് ഇയാൾ മനുഷ്യ കവചമായി ഉപയോഗിച്ചത്. ഹമാസ് രോഗികളെ പോലും മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് അഹമ്മദ് സയാമിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നതായി ഇസ്രയേൽ വ്യക്തമാക്കി. ആശുപത്രികളെ ഹമാസ് ഭീകരർ താവളങ്ങളായി ഉപയോഗിക്കുകയും അവയ്ക്ക് താഴെയുള്ള തുരങ്കങ്ങളിൽ ആയുധങ്ങൾ ഒളിക്കുകയും ചെയ്യുന്നുവെന്നും ഇസ്രയേൽ സൈന്യം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

ഒക്ടോബർ ഏഴിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയ നിരവധി ഹമാസ് ഭീകരരെ ഇസ്രയേൽ സൈന്യം ഇതിനകം തന്നെ വധിച്ചിട്ടുണ്ട്. അലി ഖാദി, മുതാസ് ഈദ്, സക്കറിയ അബു മഅമർ, ജോദ് അബു ഷ്മല, ബെലാൽ അൽഖദ്ര, മെറാദ് അബു മെറാദ് എന്നിവരുൾപ്പെടെയുള്ള ഭീകരരെ ഇസ്രയേൽ ഇല്ലാതാക്കിയിട്ടുണ്ട്. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും ആയിരക്കണക്കിന് ഭീകരരെ കൊലപ്പെടുത്തിയതായി ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.

രണ്ടു ഡസനോളം കമാൻഡമാർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട പ്രധാന ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ലിസ്റ്റ് ഇങ്ങനെയാണ്:

1 അലി ഖാദി-ഒക്ടോബർ 14 ന് ഇസ്രയേൽ സൈന്യം നുഖ്ബ സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡർ അലി ഖാദിയെ ഹമാസ് താവളത്തിൽ വച്ച് വധിച്ചിരുന്നു. ഒക്ടോബർ 7 ന് ഇസ്രയേലിൽ സിവിലിയന്മാർക്കെതിരായ ആക്രമണത്തിന് അലി ഖാദിയാണ് നേതൃത്വം നൽകിയത്. ഇസ്രയേൽ പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 2005ലാണ് ഖാദിയെ അറസ്റ്റ് ചെയ്തിരുന്നു. 2011-ൽ റിലീസ് ഉടമ്പടി പ്രകാരം അദ്ദേഹം മോചിതനായി.

2 അബു മാമർ - ഹമാസിന്റെ വിദേശകാര്യ മേധാവി അബു മമറും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.

3 ബിലാൽ അൽ കദ്ര- നുഖ്ബ ഖാൻ യൂനിസ് അസോൾട്ട് കമ്പനിയുടെ കമാൻഡറായിരുന്ന ബിലാൽ അൽ കദ്രയെയും ഇസ്രയേൽ സൈന്യം വധിച്ചു.

4 മുതാസ് ഈദ്- ഇസ്രയേൽ സേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നാലാമത്തെ ഹമാസ് കമാൻഡറാണ് മുതാസ് ഈദ്. ഹമാസിന്റെ തെക്കൻ ഡിസ്ട്രിക്റ്റിന്റെ ദേശീയ സുരക്ഷാ കമാൻഡറായിരുന്നു.

5 ജോയ്ദ് അബു- ഹമാസ് ഗവൺമെന്റിന്റെ ധനമന്ത്രി ജോയ്ദ് അബുവും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

6 മെറാദ് അബു- ഹമാസിന്റെ വ്യോമസേനയുടെ തലവൻ മെറാദ് അബു ആക്രമണത്തിൽ കൊല്ലപ്പെട്ടു.

7 ഇബ്രാഹിം അൽ-സാഹെർ: ഗസ്സ മുനമ്പിൽ ഇസ്രയേലി വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ ഹമാസിന്റെ നോർത്തേൺ ബ്രിഗേഡിന്റെ ടാങ്ക് വേധ മിസൈൽ ശ്രേണിയുടെ തലവനായ ഇബ്രാഹിം അൽ സഹെർ കൊല്ലപ്പെട്ടു.

8 തയ്സിർ മുബാഷർ- ഹമാസിന്റെ നോർത്ത് ഖാൻ യൂനിസ് ബറ്റാലിയൻ കമാൻഡർ തയ്സിർ മുബാഷറിനെ ഇസ്രയേൽ സൈന്യം വധിച്ചു. മുമ്പ് ഹമാസിന്റെ നാവികസേനയുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.

9 കമാൻഡർ മുഹമ്മദ് കത്മാഷ്- ഹമാസിന്റെ പീരങ്കി ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് കത്മാഷിനെ ഇസ്രയേൽ വധിച്ചു. സെൻട്രൽ ക്യാമ്പ് ബ്രിഗേഡിൽ ഫയർ ആൻഡ് ആർട്ടിലറി മാനേജ്‌മെന്റിന്റെ ചുമതല കത്മാഷിനായിരുന്നു.ഹമാസ് ഭീകര സംഘടനയുടെ റീജിയണൽ ആർട്ടിലറി റെജിമെന്റിന്റെ ഉപമേധാവിയായിരുന്നു.ഗസ്സ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളെ പരാജയപ്പെടുത്തുന്നതിൽ പ്രധാന പങ്കുണ്ട്.

10 അയ്മാൻ നോഫൽ-ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡർ അയ്മാൻ നോഫൽ കൊല്ലപ്പെട്ടു. ഹമാസിന്റെ ജനറൽ മിലിട്ടറി കൗൺസിൽ അംഗമായിരുന്നു അയ്മാൻ.

11 അബ്ദുൽ ഫത്താഹ് ദുഃഖാൻ: ഹമാസിന്റെ സ്ഥാപക അംഗം അബു ഒസാമ എന്നറിയപ്പെടുന്ന അബ്ദുൽ ഫത്താ ദുഃഖാൻ ചൊവ്വാഴ്ച ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.അബ്ദുൽ ഫതഹ് ദുഃഖാൻ ഇസ്രയേലിനെ ഇല്ലാതാക്കാൻ അഭ്യർത്ഥിച്ച 1987-ലെ ഹമാസിന്റെ ചാർട്ടർ തയ്യാറാക്കിയത് ദുഃഖാനാണ്.

12- സാമി അൽഹാസ്നി: അൽ-അഖ്സ ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു സമി.ഗസ്സ മുനമ്പിൽ നടന്ന ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

13-മബെദു ഷലാബി-ഹമാസിന്റെ ഉന്നത കമാൻഡർ മബെദു ഷലാബിയും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

14-അബ്ദുറഹ്‌മാൻ: ഗസ്സ അതിർത്തിയിലുള്ള ഇസ്രയേൽ കർഷകകുട്ടായ്മയായ കിബുടസ് ബാരിയിൽ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പങ്കാളിയായിരുന്നു നുജിറാത്ത് ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡർ അബ്ദുറഹ്‌മാൻ.ഇസ്രയേൽ സൈന്യം ഇയാളെ വധിച്ചു.

15-ഖലീൽ മഹ്ജാസ്: ഇസ്രയേൽ ആക്രമണത്തിൽ സമാധാന ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡർ ഖലീലും കൊല്ലപ്പെട്ടു.

16-ഖലീൽ തെത്താരി: ഗസ്സ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ ആക്രമണത്തിൽ ഷെയ്ഖ് റദ്വാൻ ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡർ ടെത്താരിയും കൊല്ലപ്പെട്ടു.

17-ഹുസൈൻ ഹാനി അൽ-തവീൽ: ഇസ്രയേൽ വ്യോമാക്രമണത്തിൽ കമാൻഡർ ഹുസൈൻ ഹാനി അൽ-തവീലും സഹപ്രവർത്തകരും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.

18-മഹ്ദി മുഹമ്മദ് അതാവി: തെക്ക് ലെബനനിലെ കുനിൻ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള പോരാളിയായ അതാവി കൊല്ലപ്പെട്ടു.

19- ഹുസൈൻ മുഹമ്മദ് അലി ഹരീരി (ഹിസ്ബുള്ള കമാൻഡർ) വോ്യാമക്രമണത്തിൽ കൊല്ലപ്പെട്ടു.

20-അലി ഇബ്രാഹിം ജവാദ് (ഹിസ്ബുള്ള പോരാളി)- ഇസ്രയേൽ സേനയുമായുള്ള വെടിവെപ്പിൽ കൊല്ലപ്പെട്ടു.

ഹിസ്ബുല്ലക്കും കനത്ത നാശം

ഒരു വശത്ത് ഗസ്സ മുനമ്പിൽ നിന്ന് ഹമാസിനെയും മറുവശത്ത് ലെബനനിൽ നിന്ന് ഹിസ്ബുള്ളയും തുരത്തുകയാണ് ഇസ്രയേലിന്റെ പദ്ധതി. ഹമാസ് കമാൻഡർ കൊല്ലപ്പെടുന്നതായി ഇസ്രയേൽ സൈന്യം മാത്രമാണ് നിലവിൽ സ്ഥിരീകരിക്കുന്നത്. അതേസമയം, തങ്ങളുടെ അംഗങ്ങൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. ഇതിന് പ്രതികാര നടപടിയെന്ന് വിശേഷിപ്പിച്ചുള്ള വീഡിയോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. ഇസ്രയേലിലെ മെതുല നഗരത്തിൽ കാർ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈൽ തൊടുത്തുവിടുന്നതാണ് ദൃശ്യം.

നേരത്തെ യുദ്ധത്തിൽ പങ്കെടുക്കാൻ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്ക് അവർ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2006-ൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷം തുടങ്ങിയതിന് ശേഷം അതിർത്തിയിലെ ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.

നേരത്തെ വടക്കൻ മുനമ്പിൽ യുദ്ധം ചെയ്യാൻ ഇസ്രയേലിന് താൽപ്പര്യമില്ലെന്നും ഹിസ്ബുള്ള സ്വയം സംയമനം പാലിക്കുകയാണെങ്കിൽ ഇസ്രയേലും അതിർത്തിയിലെ സ്ഥിതിഗതികൾ അതേപടി നിലനിർത്തുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഹിസ്ബുല്ലക്കും ഇറാന്റെയും തുർക്കിയുടെയും പിന്തുണയുണ്ട്.

ഗസ്സയിൽ അഞ്ചൂറ് കിലോമീറ്റർ നെറ്റവർക്കിൽ ഉണ്ടാക്കിയ തുരങ്കങ്ങളിൽ ഒളിച്ച ഹമാസ് ഭീകരരെ പിടിക്കാനായി ഇസ്രയേൽ വീസെൽസ് അഥവാ ചെങ്കീരികൾ എന്ന് വിളിക്കുന്ന പ്രത്യേക സേനയെ ഇറക്കിയിരിക്കയാണ്്. 2004 മുതൽ തുരങ്കത്തിൽ ഇറങ്ങാനായി ഇവർക്ക് കഠിന പരിശീലനമാണ് നൽകുന്നത്. ഗസ്സയിലെ 1,300 ലേറെ വരുന്ന തുരങ്കങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാനാണ് ഇസ്രയേൽ നീക്കം. പക്ഷേ അത് സമയമെടുക്കും. കാരണം, ഇപ്പോൾ ഹമാസ് ബന്ദികളാക്കിയ 250ഓളം പേരെ ഒളിപ്പിച്ചിരിക്കുന്നതും ഇവിടെയാണെന്നാണ് കരുതുന്നത്.