കദിനക്രിക്കറ്റിൽ, സെഞ്ച്വറികളിൽ അർധസെഞ്ച്വറിയുമായി സച്ചിൻ ടെൻഡുൽക്കറുടെ ലോക റെക്കോഡ് മറികടന്ന ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ എത്തിയിക്കയാണെല്ലോ, ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോലി. ലോകമെമ്പാടുനിന്നും അഭിനന്ദനം കോലിയെത്തേടിയെത്തുകയാണ്. സച്ചിൻ തെണ്ടുൽക്കറും, രാഹുൽ ദ്രാവിഡും, എം എസ് ധോണിയും, രോഹിത് ശർമയും എല്ലാം ഒരാളിൽ ഒത്തുചേർന്നാൽ എങ്ങനെയിരിക്കും, അതാണ് വിരാട് കോഹ്ലിയെന്നാണ് ക്രിക്കറ്റ് പണ്ഡിതർ പറയുക. പക്ഷേ അങ്ങനെ പ്രതിഭയുടെ നെറുകയിൽ എത്തി നിൽക്കുമ്പോഴും കോലി കാരണം തുലഞ്ഞുപോയ ഒരു സമുദായം ഉണ്ട്. ആ ദയനീയ കഥയാണ് പാക്കിസ്ഥാനിലെ കോലികളുടേത്.

ഗുജറാത്ത്- മറാത്താ വേരുകളുള്ള ഉത്തരേന്ത്യൻ ഹിന്ദു വംശീയ വിഭാഗമാണ് കോലി സമുദായം. അവരിൽ കുറേപ്പർ പാക്കിസ്ഥാനിലെ സിന്ധിൽ ഉണ്ടായിരുന്നു. അവിടുത്തെ മത പീഡനം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഈ കോലി സമുദായക്കാർക്ക് പറയാനുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥയാണ്. വിരാട് കോലി ഇന്ത്യയെ അടിച്ച് ജയിപ്പിച്ചാൽ, പാക്കിസ്ഥാനിലെ മത മൗലികവാദികൾക്ക് ഒരു വിചിത്രമായ പക തീർക്കൽ ഉണ്ടായിരുന്നുവത്രേ. അവർ കോലി സമുദായത്തിലെ അംഗങ്ങളെ പിടിച്ചുകൊണ്ടുപോയി കെട്ടിയിട്ട് പൊതിരെ തല്ലും!

ഇത് വെറും കെട്ടുകഥയായി കണക്കാക്കാൻ കഴിയില്ല. ബിബിസി പാക്കിസ്ഥാനിലെ അവശിഷ്ട ന്യുനപക്ഷങ്ങളെക്കുറിച്ച് എടുത്ത ഡോക്യുമെന്റിയിലും ഇക്കാര്യം പറയുന്നുണ്ട്. ഇന്ത്യാ-പാക്ക് ക്രിക്കറ്റ് എന്നത് വെറുമൊരു കളി മാത്രമല്ല. പലപ്പോഴും അത് ദേശീയതകളുടെ ഏറ്റുമുട്ടൽ കൂടിയാവാറുണ്ട്. ഇന്തോ- പാക്ക് ക്രിക്കറ്റ് മത്സരം എന്നത് പാക്കിസ്ഥാനിൽ കഴിയുന്ന കാലത്ത് ഈ പാവങ്ങൾക്ക് വലിയ പേടിയായിരുന്നു. തോൽവിയുടെ പേരിൽ കലാപംവരെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനോടല്ല, ഇന്ത്യയോടാണ് കൂറ് എന്ന് കാരണം പറഞ്ഞ്, ഇവർ പലതവണ ആക്രമിക്കപ്പെട്ടു.

ഇപ്പോൾ കോലി സമുദായത്തിലെ നല്ലൊരു പങ്കും എങ്ങനെയൊക്കെയോ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഡൽഹിയിലും, യുപിയിലുമായി അഭയാർത്ഥികൾ ആയിക്കഴിഞ്ഞ ഇവരെ കഴിഞ്ഞവർഷം സർക്കാർ സെറ്റിൽ ചെയ്യിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ക്രിക്കറ്റിൽ വിരാട് കോലി ഒറ്റക്ക് പൊരുതി പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു. അപ്പോൾ വന്ന കമന്റുകൾ കോലി സമുദായക്കാർ പാക്കിസ്ഥാനിൽ ഇല്ലാതിരുന്നത് നന്നായി എന്നായിരുന്നു. കാരണം വിരാട് കോലി ഒറ്റക്ക് പൊരുതി പാക്കിസ്ഥാനെ അടിച്ചിട്ടതിന്റെ കണക്കുകൾ മുഴുവൻ തീവ്രവാദികൾ തീർക്കുക ആ പാവങ്ങളുടെ നെഞ്ചത്താവുമായിരുന്നു!

2022-ലെ ട്വന്റി ട്വന്റി ലോകകപ്പിൽ പാക്കിസ്ഥാന്റെ ഹൃദയം തകർന്നുപോകുന്ന പ്രകടനമാണ് കിങ്ങ് കോലി എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയൂടെ റൺ മെഷീൻ നടത്തിയത്. മൂന്നുവർഷമായി മികച്ച ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്നു, വിരാടിന്റെ ശക്തമായ തിരിച്ചുവരവിന്റെ ആഘോഷം കൂടിയായി ആ മത്സരം. ഇപ്പോൾ കോലി 50 സെഞ്ച്വറികൾ നേടിയതിന്റെ പേരിലും ചിലപ്പോൾ പാക്കിസ്ഥാനിൽ കോലി സമുദായം അടിവാങ്ങിയേനെ. പക്ഷേ യഥാർത്ഥത്തിൽ വിരാട് കോലി ഈ പറയുന്ന കോലി സമുദായക്കാരനല്ല എന്നതാണ് യാഥാർത്ഥ്യം!

ആരാണ് കോലി സമുദായക്കാർ?

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു വംശീയ വിഭാഗമാണ് കോലി സമുദായം. എന്നിരുന്നാലും, കാലങ്ങളായി അവർ മഹാരാഷ്ട്രക്കാരാണ്. ഭക്ഷണം, വസ്ത്രം, പൊതു സ്വഭാവം എന്നിവയിൽ തികച്ചും വ്യത്യസ്തരായ കോലികൾ. പരമ്പരാഗതമായി മത്സ്യം പിടിച്ച് വിറ്റ് ഉപജീവനം കണ്ടെത്തുന്ന സമൂഹമാണിവർ. സ്വന്തം വല നെയ്യുന്നതും നന്നാക്കുന്നതും മീൻ വെയിലിൽ ഉണക്കുന്നതും അവരുടെ മറ്റ് ജോലികളിൽ ഉൾപ്പെടുന്നു. എല്ലാ വേനൽക്കാലത്തും മെയ്-ജൂൺ മാസങ്ങളിൽ മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്നതിനാൽ ജോലി ഒരു സീസണൽ ആണ്. ഗുജറാത്തിലും ഇവർ ധാരാളം ഉണ്ട്. ഇവയിൽ ഒരു വിഭാഗം നെയ്ത്തുകാരുമാണ്. ഇക്കുട്ടരാണ് പാക്കിസ്ഥാനിലെ സിന്ധിയിൽ ഉണ്ടായിരുന്നു.

പക്ഷേ യഥാർത്ഥത്തിൽ ക്രിക്കറ്റ് താരം വിരാട് കോലി ഈ സമുദായക്കാരനല്ല എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കോഹ്ലി എന്ന സർനെയിം പറഞ്ഞ് പറഞ്ഞ് കോലി ആയതാണ്. ബിസിനസിലേക്ക് മാറിയ ക്ഷത്രിയ സമുദായമാണ് പഞ്ചാബി ഖത്രിയാണ് വിരാട് ജനിച്ച സമുദായം എന്നാണ് പറയുന്നത്. പക്ഷേ താൻ ആദ്യം ഒരു മനുഷ്യനും, രണ്ടാമത് ഒരു ഇന്ത്യാക്കാരനുമാണെന്നും, ജാതിയും മതവുമൊന്നും തനിക്ക് ഒരു പ്രശ്നമല്ലെന്നുമാണ് ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് കോലി ക്ഷുഭിതനായി പ്രതികരിക്കുന്നത്. തുടർന്ന് ക്രിക്കറ്റിലേക്ക് ചോദ്യം ഫോക്കസ് ചെയ്യാനാണ് അദ്ദേഹം മാധ്യമ പ്രവർത്തകനെ ഉപദേശിക്കുന്നത്.