ഹാരിയുടെയും മേഗന്റെയും ജീവചരിത്രമെഴുതിയ എഴുത്തുകാരൻ ഓമിഡ് സ്‌കോബിയുടെ പുറത്തു വരാനിരിക്കുന്ന പുസ്തകത്തിൽ ചാൾസ് രാജാവിന്റെ വ്യക്തിജീവിതവും പരാമർശിക്കപ്പെടുന്നു എന്ന സൂചനകൾ പുറത്തു വന്നു. തന്റെ ഷൂ ലേസുകൾ പോലുമിസ്തിരിയിട്ട് വൃത്തിയാക്കണമെന്ന നിർബന്ധ ബുദ്ധിക്കാരനാണത്രെ ചാൾസ് രാജാവ്. അതുപോലെ 1000 ത്രെഡ്- കൗണ്ട് ബെഡ് ലിനനുമായി യാത്രചെയ്യുവാൻ താത്പര്യപ്പെടുന്ന വ്യക്തിയുമാണ്.

അതുപോലെ, പല്ലു തേക്കുന്നതിനായി ബ്രഷിൽ കൃത്യം ഒരിഞ്ച് പേസ്റ്റ് വേണമെന്ന നിർബന്ധവും രാജാവിനുണ്ടത്രെ. ഇനിയും പുറത്തിറങ്ങാത്ത എൻഡ് ഗെയിം എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ദി സൺ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പറഞ്ഞിരിക്കുന്നത്, ഷൂ ലേസിന്റെ ഒരു ചെറിയ നൂൽ പോലും പുറത്തുപോയാൽ, ഉടനടി, ജീവനക്കാരിലൊരാൾ ഇസ്തിരിയിട്ട് വെടിപ്പാക്കിയ മറ്റൊരു ലേസ് കൊണ്ടുവന്ന് നൽകും എന്നാണ്.

നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയിലൂടെ കുടുംബ കലഹം പരസ്യപ്പെടുത്തിയപ്പോൾ ചാൾസ് തന്റെ പുത്രൻ ഹാരിയെ വിഢി എന്നായിരുന്നു പരാമർശിച്ചത് എന്നും പുസ്തകത്തിന്റെ, സൺ പ്രസിദ്ധീകരിച്ച ഭാഗത്തിൽ പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തെ കുറിച്ചൊന്നും പ്രതികരിക്കാനില്ല എന്നായിരുന്നു ബക്കിങ്ഹാം കൊട്ടാരത്തിന്റെ പ്രതികരണം. കെയ്റ്റ് രാജകുമാരി എന്തെങ്കിലും ചെയ്യാൻ ഭയപ്പെടുന്ന സ്ത്രീയാണെന്നും എന്നാൽ ഫോട്ടോയിൽ പ്രത്യക്ഷപ്പെടാനുള്ള ഒരു അവസരവും പാഴാക്കില്ല എന്നും പറഞ്ഞതിന് ശേഷം സ്‌കോബി രാജകുടുംബത്തെ കുറിച്ച് നടത്തുന്ന മറ്റൊരു വെളിപ്പെടുത്തലാണിത്.

ഇന്ന് ദൃശ്യമാകുന്ന, കെയ്റ്റ് ഉണ്ടാക്കിയ ചെറിയ നേട്ടങ്ങൾ ഒരുപക്ഷെ രാജകുടുംബത്തിലെ മറ്റൊരംഗമാണ് ഉണ്ടാക്കിയതെങ്കിൽ ആരും കാണാതെ പോകുമെന്നും.പുസ്തകവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സ്‌കോബി പറഞ്ഞിരുന്നു. വളരെക്രൂരമായ പരാമർശം എന്നാണ് കെയ്റ്റിനോട് അടുത്ത വൃത്തങ്ങൾ ഇതിനോട് പ്രതികരിച്ചത്. ഇത് തീർച്ചയായും രാജകുടുംബത്തെ പ്രകോപിപ്പിക്കുമെന്നും അവർ പറയുന്നു.

ചാൾസിനെ കാര്യപ്രാപ്തിയില്ലാത്ത പിതാവായും, പുറകിൽ നിന്നും കുത്തുന്നവനുമായാണ് പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് മെയിൽ ഓൺ സൺഡെ പറയുന്നു. വില്യം രാജകുമാരനെതിരെയും പുസ്തകത്തിൽ ആക്രമണങ്ങൾ ഉണ്ട്. ജീവനക്കാരുമായി ചേർന്ന് ഉപജാപങ്ങൾ നടത്തുന്ന വ്യക്തിയായിട്ടാൺ' വില്യമിനെ ചിത്രീകരിച്ചിരിക്കുന്നത്. മേഗൻ മെർക്കലിനെ ആദ്യം മുതൽ തന്നെ ഇഷ്ടമില്ലാതിരുന്ന വില്യം, ഹാരിയുടെ വിവാഹശേഷം ഹാരിയുമായി അകലം പാലിക്കുകയായിരുന്നു എന്നും അതിൽ പറയുന്നു.