യെരുശലേം: ഇസ്രയേൽ സേനക്ക് ചെറിയ തിരിച്ചടികൾ കിട്ടുമ്പോഴേക്കും കേരളത്തിൽ ഉയരുന്ന പ്രചാരണം, അവർ തകർന്നു തരിപ്പണമായി എന്നാണ്. രണ്ടു ദിവസം മുമ്പ് കേരളത്തിൽ ഇസ്ലാമോ- ലെഫ്റ്റ് ആഘോഷിച്ച വാർത്തയായിരുന്നു ഹൂതികളുടെയും, ഹിസ്ബുല്ലയുടെയും ആക്രമണങ്ങൾ. ഹമാസിന്റെ തുരങ്കങ്ങളിലെ ചെറുത്തുനിൽപ്പുമുലം ഇസ്രയേൽ സേന ആകെ വലഞ്ഞെന്നും, അവർ പിന്മാറിയെന്നുപോലും, പലരും വാർത്ത കൊടുത്തു.

എന്നാൽ ഇതൊന്നും, യാഥാർത്ഥ്യമായിരുന്നില്ല. ഗസ്സയിലെ ഹമാസിന്റെ തുരങ്കങ്ങൾ നിർവീര്യമാക്കുക എന്ന ലക്ഷ്യത്തിന് സമയമെടുക്കുമെന്ന് ഐഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ നൂറ്റമ്പതോളം തുരങ്കങ്ങൾ ഇതിനകം അവർ തകർത്തുകളഞ്ഞിരുന്നു. ചെങ്കടലിൽ ഭീതി ഉയർത്തുന്ന ഹൂതികളെ മെരുക്കാനായി അമേരിക്കയടക്കമുള്ള സംയുക്ത സേന ഇറങ്ങിക്കഴിഞ്ഞു. ഇസ്രയേൽ നേവിയും ഒപ്പമുണ്ട്. ഇതിനിടെ ലെബനനിലെ ഹിസ്ബുള്ളക്കെതിരെയും അവർ ആക്രമണം ശക്തമാക്കി. അതായത് മൂന്ന് ഭാഗത്തുനിന്നുമുള്ള ശക്തികളെ ഒരുപോലെ നേരിടുകയാണ് ഈ കുഞ്ഞൻ രാഷ്ട്രം.

പക്ഷേ ഇസ്രയേലിന് ഇത് പുത്തരിയല്ല. 48ൽ പിറന്നുവീണ അന്നുതൊട്ട്, അറബ്രാഷ്ട്രങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണം നേരിട്ടവരാണ് അവർ. 67ൽ വെറും ആറു ദിവസം കൊണ്ടാണ് ഈജിപ്ത് അടക്കമുള്ള 11 ഇസ്ലാമിക രാജ്യങ്ങളെ ഈ കൊച്ചുരാഷ്ട്രം തകർത്ത് എറിഞ്ഞത്. ആ പാരമ്പര്യം ഇസ്രയേൽ ഇപ്പോഴും നിലനിർത്തുന്നു. അന്നത്തെ അവസ്ഥവെച്ചു നോക്കുമ്പോൾ, ഇസ്രയേലിനെ സംബന്ധിച്ച് എത്രയോ കൊച്ചുയുദ്ധമാണ് ഇപ്പോൾ നടക്കുന്നത്.

ഒറ്റരാത്രി കൊണ്ട് ഹിസ്ബുല്ലയെ വിറപ്പിച്ചു

കഴിഞ്ഞ രാത്രിയിൽ ഇസ്രയേൽ, ലെബനോൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുല്ല ഭീകരരെ ശരിക്കും വിറപ്പിച്ചു. തെക്കൻ ലെബനനിൽ ഒറ്റരാത്രി കൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെയാണ് അവർ വധിച്ചത്. ്അതിർത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടിൽ മുതിർന്ന ഹമാസ് ഭീകരനെ വധിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഹിസ്ബുള്ള ഭീകരർക്കും ഇസ്രയേൽ വൻ തിരിച്ചടി നൽകിയിരിക്കുന്നത്.

ഒക്ടോബർ 7 ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചത് മുതൽ ഭീകരരെയെല്ലാം വകവരുത്തുന്നതിനായുള്ള ശ്രമത്തിലാണ് ഇസ്രയേൽ. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്-ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കാൻ ആരംഭിച്ചത്.

ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തിൽ ലെബനനിൽ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രയേൽ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഹമാസ് ഭീകര നേതാവ് സാലിഹ് അൽ-അരൂരി അടക്കം ആറ് ഭീകരരെയും തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിൽ വച്ച് ഇസ്രയേൽ വധിച്ചിരുന്നു. ഹിസ്ബുല്ലയുടെ ഒരു ഡസനിലേറെ കമാൻഡർമാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തങ്ങളുടെ കമാൻഡർമാർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം

ഹമാസിനും വ്യാപക നാശം

ഇസ്രയേൽ-ഹമാസ് യുദ്ധം മൂന്നു മാസം പിന്നിടുമ്പോൾ ഹമാസ് ഭീകരർ വ്യാപകമായി കൊല്ലപ്പെടുകയാണ്. 5000ത്തോളം ഹമാസ് സൈനികരെ കൊന്നുവെന്നു, മുന്നൂറിലേറെ തുരങ്കങ്ങൾ തകർത്തുവെന്നും ഇസ്രയേൽ സൈന്യം പറയുന്നു. നുറ്റമ്പതോളം ഹമാസിന്റെ കമാൻഡർമാർ തന്നെ കൊല്ലപ്പെട്ടുകഴിഞ്ഞു.

ഒക്ടോബർ 7 ന് ഇസ്രയേലിൽ സിവിലിയന്മാർക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയ നുഖ്ബ സ്‌പെഷ്യൽ ഫോഴ്‌സ് കമാൻഡർ അലി ഖാദി അടക്കമുള്ളവർ കൊല്ലപ്പെട്ടു കഴിഞ്ഞു. അതുപോലെ ഹമാസിന്റെ വിദേശകാര്യ മേധാവി അബു മമർ, നുഖ്ബ ഖാൻ യൂനിസ് അസോൾട്ട് കമ്പനിയുടെ കമാൻഡറായിരുന്ന ബിലാൽ അൽ കദ്ര, ഹമാസിന്റെ തെക്കൻ ഡിസ്ട്രിക്റ്റിന്റെ ദേശീയ സുരക്ഷാ കമാൻഡറായിരുന്ന മുതാസ് ഈദ്, ഹമാസ് ഗവൺമെന്റിന്റെ ധനമന്ത്രി ജോയ്ദ് അബു, വ്യോമസേനയുടെ തലവൻ മെറാദ് അബു, നോർത്തേൺ ബ്രിഗേഡിന്റെ ടാങ്ക് വേധ മിസൈൽ ശ്രേണിയുടെ തലവനായ ഇബ്രാഹിം അൽ സഹെർ, നോർത്ത് ഖാൻ യൂനിസ് ബറ്റാലിയൻ കമാൻഡർ തയ്സിർ മുബാഷർ, പീരങ്കിപ്പടയുടെ ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് കത്മാഷ്, മുതിർന്ന കമാൻഡർ അയ്മാൻ നോഫൽ, ഹമാസിന്റെ സ്ഥാപക അംഗം അബു ഒസാമ എന്നറിയപ്പെടുന്ന അബ്ദുൽ ഫത്താ ദുഃഖാ, അഖ്സ ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു സമി അൽഹാസ്നി, ഹമാസിന്റെ ഉന്നത കമാൻഡർ മബെദു ഷലാബി തുടങ്ങിയ രണ്ടുഡസനിലേറെ പ്രമുഖരെയാണ് പ്രത്യാക്രമണത്തിൽ ഇസ്രയേൽ സേന കൊന്നൊടുക്കിയത്. നേതാക്കൾ കൊല്ലപ്പെടുന്നതോടെ ഹമാസ് ശരിക്കും ഞെട്ടിയിരിക്കയാണ്.

ഗസ്സയിലും വ്യാപക മരണം

ഇതിനിടെ ഗസ്സയുടെ ജനങ്ങളുടെ ദുരിതം സമാനതകൾ ഇല്ലാത്തതാണ്. ഗസ്സയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇരുപതിനായിത്തോളം പേർ ഇതുവെരെ ഈ കൊച്ചുനാട്ടിൽ രണ്ടുമാസത്തിനുള്ളിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇതിൽ എട്ടായിരത്തോളം പേർ കുട്ടികളാണ്. അയ്യായിരത്തോളം സ്ത്രീകളും. അമ്പതിനായിരത്തോളം പേർക്ക് പരിക്കേറ്റു. ദ ജറുസലേം പോസ്റ്റ് , ഫലസ്തീൻ അതോരിറ്റിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ കണക്കുകൾ പെരുപ്പിച്ചതാണെന്നും, മരണ സംഖ്യ ഇതിലും എത്രയോ കുറവാണെന്നുമാണ് ഇസ്രയേൽ പറയുന്നത്.

സ്ത്രീകളെയും കുട്ടികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നിനാലാണ് മരണ നിരക്ക് ഇത്രയേറെ കൂടുന്നത്. ഗസ്സയിലെ തുരങ്കങ്ങൾ പലതും അവസാനിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. വീടുകൾക്ക് ഉള്ളിലും, സ്‌കുളുകൾക്ക് ഉള്ളിലും, ആശുപത്രികൾക്കുള്ളിലും തുരങ്കങ്ങൾ ആണ്. ഈ തുരങ്കങ്ങളിൽ പതിയിരുന്നാണ് ഇവർ റോക്കറ്റ് വിടുന്നത്. അവിടെക്ക് ഇസ്രയേലിന്റെ ഓട്ടോ സെൻസറുകളിൽനിന്നുള്ള റോക്കറ്റ് പതിക്കുമ്പോൾ, തകരുക ഒരു ആശുപത്രിയോ, സ്‌കൂളോ ആയിരിക്കും. ആശുപത്രികൾ ആക്രമിച്ചാൽ ലോക മനസാക്ഷി തങ്ങൾക്ക് എതിരെ തിരിയുമെന്ന് നന്നായി അറിയുന്നവരാണ് ഇസ്രയേൽ. പക്ഷേ ഹമാസ് സ്ത്രീകളെയും കുട്ടികളെയും വച്ചാണ് എപ്പോളും പരിച ഒരുക്കുന്നത്. ഒരു വശത്ത് ഗസ്സ മുനമ്പിൽ നിന്ന് ഹമാസിനെയും മറുവശത്ത് ലെബനനിൽ നിന്ന് ഹിസ്ബുള്ളയും, ഒപ്പം ചെങ്കടലിൽ നിന്ന് ഹൂതികളെയും തുരത്തുകയാണ് ഇസ്രയേലിന്റെ പദ്ധതി.