ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ അവസാന നിമിഷങ്ങളുടെ വെളിപ്പെടുത്തലുകളുമായി ഒരു പുതിയ പുസ്തകം പുറത്തിറങ്ങി. രാജകുടുംബത്തിന്റെ ചരിത്രകാരനായ റോബർട്ട് ഹാർഡ്മാൻ എഴുതിയ ചാൾസ് ന്യു കിങ് ന്യു കോർട്ട് എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. തന്റെ മരണക്കിടയിൽ കിടന്നു കൊണ്ട് എലിസബത്ത് രാജ്ഞി തന്റെ പുത്രൻ ചാൾസ് രാജാവിനും ഒരു അടുത്ത സഹായിക്കും ആയി രണ്ടു കത്തുകൾ എഴുതി എന്നാണ് അതിൽ പറയുന്നത്.

രാജ്ഞിയുടെ ഒരു സേവകൻ, ആ കത്തുകൾ അടങ്ങിയ റെഡ് ബോക്സ് മരണക്കിടക്കയിൽ നിന്നും ബാൽമൊറാലിൽ എത്തിച്ചു. ചാൾസ് രാജാവിനും രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സർ എഡ്വേർഡ് യംഗിനും ഉള്ളതായിരുന്നു ആ കത്തുകൾ. രാജ്ഞിയുടെ കത്തിലെ ഉള്ളടക്കം ഒരുപക്ഷെ ഒരിക്കലും ലോകം അറിഞ്ഞേക്കില്ല, എന്നിരുന്നാലും രാജ്ഞി എന്ന പദവിയോടുള്ള ആത്മാർത്ഥതയാണ് അതിൽ നിഴലിക്കുന്നതെന്നും പുസ്തകത്തിൽ പറയുന്നു.

കത്തുകൾക്കൊപ്പം കോമൺവെൽത്ത് രാജ്യങ്ങളിലെ ഓരോ മേഖലകളിലും അനിതരസാധാരണ പ്രഭാവം പ്രദർശിപ്പിക്കുന്ന വ്യക്തികൾക്ക് നൽകുന്ന ഓർഡർ ഓഫ് മെറിറ്റ് അവാർഡ് നൽകാൻ ഉദ്ദേശിച്ചിരുന്നവരുടെ പട്ടികയും ആ റെഡ്‌ബോക്സിൽ ഉണ്ടായിരുന്നതായും പുസ്തകത്തിൽ പറയുന്നു.അതേസമയം, രാജ്ഞിയുടെ അന്ത്യനിമിഷങ്ങൾ പ്രൈവറ്റ് സെക്രട്ടറി സർ എഡ്വേർഡ് രേഖപ്പെടുത്തിയിരുന്നു. റോയൽ ആർക്കൈവിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന അതിന്റെ ഉള്ളടക്കവും പുസ്തകത്തിൽ വന്നിട്ടുണ്ട്.

ഉറങ്ങിക്കിടക്കുമ്പോൾ തന്നെ, വളരെ സമാധാനപൂർവ്വം മരണത്തിന്റെ ആഴങ്ങളിലെക്ക് ഊളിയിട്ടു പോവുകയായിരുന്നു രാജ്ഞി എന്നാണ് ആ കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മരണക്കിടക്കയിൽ പോലും ചെയ്ത് തീർക്കാൻ ഏറെ ചുമതലകൾ രാജ്ഞിക്കുണ്ടായിരുന്നു. അതെല്ലാം രാജ്ഞി നിർവഹിച്ചു എന്നും കുറിപ്പിൽ പറയുന്നു. മാത്രമല്ല, അവസാന നിമിഷങ്ങളിൽ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നവരെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

രാജ്ഞിയുടെ മരണക്കിടയ്ക്കകരികിൽ ചാൾസ് രാജാവും കാമില രാജ്ഞിയും ഒരു മണിക്കൂർ ചെലവഴിച്ചതായി പുസ്തകത്തിൽ പറയുന്നു. പിന്നീട് ആനി രാജകുമാരിയും സഹായി ഏയ്ഞ്ചല കെല്ലിയും വന്നു. വില്യം രാജുകുമാരനോടും, ഹാരി രാജകുമാരനോടും സ്‌കോട്ട്ലാൻഡിലേക്ക് എത്താൻ നിർദ്ദേശം നൽകി. ആ സമയത്ത് രാജ്ഞി ഏതാനും നാളുകൾ കൂടി ജീവിച്ചിരിക്കുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അവസാനമായി യാത്ര പറയുവാനായിരുന്നു രാജ്ഞിയുടെ കൊച്ചുമക്കളോട് അവിടെ എത്താൻ ആവശ്യപ്പെട്ടത്.

പിന്നീടാണ് മേഗൻ മെർക്കലിനെ കൊണ്ടുവരരുത് എന്ന നിർദ്ദേശം ഉണ്ടായത്. കെയ്റ്റ് രാജകുമാരി ബാൽമൊറാലിലേക്ക് വരാതെ സ്വയം ഒഴിഞ്ഞു മാറി. എന്നാൽ, കെയ്റ്റ് ഒഴിഞ്ഞുമാറിയ വിവരം രാജാവ് ഹാരിയോട് പറഞ്ഞിരുന്നില്ല. രാജ്ഞിയുടെ സമീപം ഒരുമണിക്കൂറോളം ചെലവഴിച്ച ചാൾസ് രാജകുമാരൻ പിന്നീട് കൂൺ പറിക്കുന്നതിനായി പോയി. അവിടെ നിന്നും തിരികെ വരുന്ന വഴി കാറിൽ വച്ചായിരുന്നു ചാൾസ് രാജ്ഞിയുടെ മരണ വിവരം അറിഞ്ഞതെന്നും പുസ്തകത്തിൽ പറയുന്നു.