പാരീസ്: ഇടക്കാലത്തെ ശാന്തതക്കുശേഷം ഫ്രാൻസ് വീണ്ടും കലുഷിതമാവുന്നു. ഇസ്ലാമിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള കുടിയേറ്റ നിയമങ്ങൾക്കെതിരെ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് തലസ്ഥാനത്തടക്കം സംഘർഷാവസ്ഥ നിലനിൽക്കുന്നത്. വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ചത് അടക്കമുള്ള കടുത്ത നിയമങ്ങൾ കൊണ്ടുവരുന്നതാണ് ഇപ്പോൾ വിവാദമാവുന്നത്. എന്നാൽ അടിക്കടിയുള്ള ഭീകരാക്രമണങ്ങളും, വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ പുതിയ നീക്കമെന്നാണ് സർക്കാറിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതോടൊപ്പം രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശ ഇമാമുമാരെ പുറത്താക്കും. ഇതിനായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ നിയമവും ഉണ്ടാക്കി. ഇതോടൊപ്പം ഫോറം ഓഫ് ഇസ്ലാം എന്ന പേരിൽ ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്.

'ഫ്രാൻസ് ഒരു മതേതര രാജ്യമാണ്, എന്നാൽ ഈ മതേതരത്വത്തിന് ഫ്രാൻസിന് വലിയ വില നൽകേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്്'- പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറയുന്നു. ഫ്രാൻസിലെ ഫോറം ഓഫ് ഇസ്ലാം സംഘടനയിലേക്ക് മതനേതാക്കളെ നിയമിക്കും. മുസ്ലിം സമുദായങ്ങളെ നയിക്കുകയും ഏതെങ്കിലും തരത്തിലുള്ള മതമൗലികവാദത്തെ വേരോടെ പിഴുതെറിയാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ ആളുകളുടെ ഉത്തരവാദിത്വം.

1977-ൽ ഫ്രാൻസിൽ വന്ന നിയമപ്രകാരം നാല് മുസ്ലിം രാജ്യങ്ങൾക്ക് ഇമാമുമാരെ ഫ്രാൻസിലേക്ക് അയയ്ക്കാൻ അവസരമുണ്ട് . ഈ ഇമാമുമാർക്ക് രാജ്യത്തിനകത്ത് സാംസ്‌കാരിക ചുമതലകൾ നൽകിയിരുന്നു. എന്നാൽ ഷാർലി ഹെബ്ദോയുടെ സംഭവവും, തുടർന്നുണ്ടായ ഫ്രാൻസിനെ ഇസ്ലാമിനെക്കുറിച്ച് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

കുടിയേറ്റ നിയമത്തിനെതിരെ പ്രതിഷേധം

ഫ്രഞ്ച് സർക്കാർ അടുത്തിടെ പാസാക്കിയ, കുടിയേറ്റ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. തലസ്ഥാന നഗരമായ പാരീസിലെ ക്ലിച്ചി സ്‌ക്വയറിലേക്ക് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ മാർച്ച് നടത്തി. 400ലധികം അസോസിയേഷനുകൾ, യൂണിയനുകൾ, എന്നിവയുടെ നേതൃത്വത്തിലാണ് മാർച്ച്. വർണ്ണവിവേചനം, കൊളോണിയലിസം, ഫാസിസം എന്നിവയിൽ കെട്ടിപ്പെടുത്ത ഒരു സമൂഹം ഞങ്ങൾക്ക് വേണ്ട എന്ന് എഴുതിയ പോസ്റ്റുമായാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്.

അതിനിടെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഫ്രാൻസിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഫ്രഞ്ച് സർക്കാർ തീവ്ര വലതുപക്ഷ പദ്ധതികൾ നാട്ടിൽ നടപ്പാക്കാൻ ശ്രമിക്കയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇടതുപക്ഷത്ത് നിൽക്കുന്ന ഫ്രാൻസ് അൺബേഡ് പാർട്ടിയിൽ നിന്നുള്ള എം പിമാരായ, മട്ടിൽഡെ പനോട്ട്, കാർലോസ് മാർട്ടൻസ്, ഹാഡ്രിയൻ ക്ലൗറ്റ്, തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഫ്രഞ്ച് സർക്കാർ വലതുപക്ഷമല്ല തീവ്ര വലതുപക്ഷ സർക്കാരാണെന്ന ഹാഡ്രിയൻ ക്ലൗറ്റ് വിമർശനം ഉയർത്തി. കുടിയേറ്റ നിയമം നിലവിൽവന്നാൽ, ഫ്രഞ്ച് പൗരന്മാർക്കും വിദേശികൾക്കും ഒരേ സാമൂഹിക അവകാശങ്ങൾ നൽകാൻ കഴിയില്ലെന്നും, വിദേശികൾ അസാധാരണ നിയമ നടപടികൾക്ക് വിധേയരാവുമെന്നും സമരക്കാർ പറയുന്നു.

ഡിസംബർ 19ന് പാർലമെന്റ് അംഗീകരിച്ച കുടിയേറ്റ നിയമം, രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന വാടക സഹായവും കുടുംബ ആനുകൂല്യവും അവരുടെ തൊഴിലുമായി ബന്ധിപ്പിക്കുന്നു. അതിനാൽ വിദേശികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ ഇത് കുറവുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റം നിയന്ത്രിക്കുന്നതിനും ശല്യക്കാരായ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനും സർക്കാരിന് അധികാരം നൽകുന്ന ബിൽ, കടുത്ത പ്രതിഷേധത്തിനിടെ വലതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ 186 ന് എതിരെ 349 വോട്ടിനാണ് പാസായത്. ഫ്രഞ്ച് ജനത കാത്തിരുന്നതും രാജ്യത്തിനു ഗുണകരമായ നിബന്ധനകൾ ഉൾപ്പെട്ടതുമായ ബില്ലാണിതെന്നു പ്രധാനമന്ത്രി എലിസബത്ത് ബോൺ അവകാശപ്പെട്ടു. എന്നാൽ, ഇടതുപാർട്ടികൾ ഭിന്ന നിലപാടെടുത്തതോടെ വലിയ ബഹളത്തിനു പാർലമെന്റ് സാക്ഷിയായി. രാജ്യത്തെ ജനങ്ങൾക്കും സ്വത്തിനും ഭീഷണിയാകുന്ന കുറ്റവാളികൾക്കു കുടിയേറ്റത്തിനുള്ള അവകാശം നൽകണമെന്ന് ആർക്കാണു പറയാൻ കഴിയുകയെന്ന് ആഭ്യന്തരമന്ത്രി ഗ്രാൾഡ് ഡാർമനിൻ ചോദിച്ചു.

ഭൂരിപക്ഷമില്ലാത്ത ഇമ്മാനുവൽ മാക്രോ സർക്കാർ തീവ്രവലതുപക്ഷത്തിന്റെ പിന്തുണയോടെ ബില്ല് പാസാക്കിയത് ഭരണപക്ഷത്തു വിള്ളലുണ്ടാക്കിയിട്ടുണ്ട്. മറൈൻ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷപാർട്ടിയായ നാഷനൽ റാലിയുടെ (ആർഎൻ) പിന്തുണ ബില്ലിന് ലഭിച്ചിരിക്കയാണ്.

മനം മാറ്റിയത് തുടർച്ചയായ ആക്രമണങ്ങൾ

ലോകത്ത് എമ്പാടുമുള്ള കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത രാഷ്ട്രമായിരുന്നു സ്‌കാൻഡനേവിയൻ രാജ്യങ്ങളെ പോലെ തന്നെ ഫ്രാൻസും. പക്ഷേ ഈ കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ രാജ്യത്ത് കുറ്റകൃത്യ നിരക്കും മതപരതയും വർധിക്കുന്നതാണ് കണ്ട്. ലോകത്ത് എവിടെപ്പോയാലും ആ രാജ്യത്തിന്റെ സംസ്‌ക്കാരത്തെ സ്വാംശീകരിക്കാതെ സ്വയം ഒരു തുരുത്തായി ഇരിക്കാൻ ശ്രമിച്ച ഇസ്്ലാമിസ്റ്റുകൾ ഫ്രാൻസിൽ വലതുപക്ഷ തീവ്രവാദത്തിനും വഴിതെളിയിച്ചു. അങ്ങനെയാണ് പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും ബുർഖ നിരോധിക്കുന്ന കടുത്ത നടപടിയിലേക്ക് ഫ്രാൻസിന് കടക്കേണ്ടി വന്നത്.

ലോകത്ത് ആദ്യമായി ബുർഖ നിരോധിക്കുന്നത് ഫ്രാൻസിലാണ്. 2011 ഏപ്രിലിൽ പൊതുവിടങ്ങളിൽ അടക്കം ബുർഖ ധരിച്ചുവരുന്നത് ഫ്രാൻസ് നിയമം മൂലം നിരോധിച്ചു. നിയമം ലംഘിച്ച് ബുർഖ ധരിച്ചുവരുന്നവരിൽ നിന്ന് 150 യൂറോയും മുഖം മറയ്ക്കാൻ യുവതികളെ നിർബന്ധിക്കുന്നവരിൽ നിന്ന് 30,000 യൂറോയും പിഴ ഈടാക്കുകയും ചെയ്യും. ഫ്രാൻസിന് പിന്നാലെ 2011ൽ ബെൽജിയവും ബുർഖ നിരോധനം നടപ്പിലാക്കി. ബെൽജിയത്തിന് പിന്നാലെ നെതർലാൻഡ്‌സും മുഖം മറച്ചുള്ള വസ്ത്രധാരണത്തിനെതിരെ രംഗത്തെത്തി.

ഇതിനെതിരെ പക്ഷേ മുസ്ലിം സ്ത്രീകളെ അണി നിരത്തി വലിയ ബഹളമാണ് ഇസ്ലാമിസ്റ്റുകൾ ഉയർത്തിയത്. പക്ഷേ 2014ൽ ശിരോവസ്ത്ര നിരോധന യൂറോപ്യൻ മനുഷ്യാവകാശ കോടതി അംഗീകരിച്ചു. അത് സമത്വത്തിന് എതിരാണെന്നുള്ള ഫ്രാൻസിന്റെ വാദമാണ് അവിടെയും അംഗീകരിക്കപ്പെട്ടത്. അതിനിടെയാണ് 2015ൽ ഷാർലിഹെബ്ദോ ആക്രമണം ഉണ്ടായത്.

പ്രവാചകന്റെ കാർട്ടൂൺ വരച്ചതിന് 2015 ജനുവരി ഏഴിന് വാരികയുടെ പാരീസ് ഓഫീസിൽ മുഖംമൂടി ധരിച്ച തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഫ്രാൻസിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഇതേ കാർട്ടുൺ 2022ൽ പുനപ്രസിദ്ധീകരിക്കപ്പെട്ടപ്പോഴും വൻ വിവാദമുണ്ടായി. ഇതോടെയാണ് ഫ്രാൻസിൽ തീവ്ര വലതുപക്ഷം ശക്തമായതും ഇസ്ലാമോ ഫോബിയ വ്യാപകമായതും.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യ ഫ്രാൻസിലാണ്, പ്രകടമായ ഏറ്റവും വലിയ മുസ്ലിം വിരുദ്ധതയും ഇവിടെത്തന്നെ എന്നത് ശ്രദ്ധേയമാണ്. അതിനുശേഷ ചെറുതും വലുതുമായ നിരവധി തീവ്രവാദ ആക്രമണങ്ങൾ ഫ്രാൻസ് കണ്ടു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ, ഷാർലി ഹെബ്ദോയുടെ കാർട്ടൂണുകൾ കാണിച്ചു എന്ന കുറ്റത്തിന് സാമുവൽ പാറ്റി എന്ന അദ്ധ്യാപകനെയും, ഇസ്‌ലാമിക ഭീകരവാദികൾ കഴുത്തറത്തുകൊന്നിരുന്നു. ഇതോടെയാണ് ഇസ്ലാമിസ്റ്റുകളെ നിയന്ത്രിക്കാനുള്ള കടുത്ത നടപടി ക്രമങ്ങളിലേക്ക് ഫ്രാൻസ് കടന്നത്.