അയോധ്യ: ''പ്രശ്‌നം പുറത്തുള്ളവർക്കാണ്, ഇവിടെ ഞങ്ങളെല്ലാം സഹോദരങ്ങളായാണ് കഴിയുന്നത്.''- അയോധ്യാ ക്ഷേത്രത്തിന്റെ തൊടടുത്താണ് ഇഖ്ബാൽ അൻസാരിയുടെ വീട്. അതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് അൻസാരിയുടെ മറുപടിയാണ് ഇത്. ബാബറി മസ്ജിദിനായി സുപ്രീംകോടതിയിൽ പോരാടിയ അയോദ്ധ്യയിലെ ഇഖ്ബാൽ അൻസാരിക്ക് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണവും കിട്ടി. താൻ തീർച്ചയായും പോകുമെന്ന് അൻസാരി പറഞ്ഞു. 2020-ൽ ക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങിലേക്കും ക്ഷണമുണ്ടായിരുന്നു.

ഡിസംബർ 30ന് അയോദ്ധ്യയിൽ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇദ്ദേഹം പുഷ്പവൃഷ്ടി നടത്തിയത് വാർത്തയായിരുന്നു. തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ ആദ്യകാല കക്ഷി ആയിരുന്ന ഹാഷിം അൻസാരിയുടെ പുത്രനാണ്. ഹാഷിം അൻസാരി 2016 ജൂലായിൽ 96-ാം വയസിൽ മരിച്ച ശേഷം ഇഖ്ബാലാണ് കേസ് നടത്തിയത്. സന്തോഷം, പ്രതിഷേധമില്ലശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഇഖ്ബാൽ അൻസാരി പ്രതികരിച്ചു. ഹിന്ദു-മുസ്ലിം-സിഖ്-ക്രിസ്ത്യൻ ഐക്യത്തിന്റെ മണ്ണാണ് അയോദ്ധ്യ. സുപ്രീംകോടതി വിധിയെ രാജ്യത്തെ മുസ്ലിം സമുദായാംഗങ്ങൾ ബഹുമാനിച്ചു. എവിടെയും പ്രതിഷേധമില്ല. അയോദ്ധ്യയിലെ ജനങ്ങളും താനും സന്തോഷത്തിലാണെന്ന് പറയുന്ന അൻസാരി.

1950-കളിൽ തുടങ്ങിയതാണ് അയോധ്യയിലെ ഭൂമിതർക്കം. കീഴ്ക്കോടതികളും ഹൈക്കോടതിയും കടന്ന് കേസ് സുപ്രീംകോടതിയിലെത്തിക്കുന്നതിനിടെ, 2016-ൽ ഹാഷിം അൻസാരി മരിച്ചതോടെ വ്യവഹാരം മകൻ ഏറ്റെടുത്തു. വീടിന്റെ മുന്നിലുള്ള ചെറിയ ചായ്പിൽ അൻസാരിയുടെ ബന്ധുക്കളോടൊപ്പമിരുന്ന് തീ കായുന്നവരുടെ കൂട്ടത്തിൽ ഹിന്ദുസന്ന്യാസിമാരും ഇപ്പോഴുണ്ട്. ആർക്കും അൻസാരിയോട് പരിഭവമില്ല. 'ഇവിടത്തെ സന്ന്യാസിമാർക്കും ഞങ്ങളോട് സൗഹൃദമാണ്. ഞങ്ങൾ പോരാടിയത് കോടതിയിലാണ്. ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത് പരമോന്നത കോടതിയാണ്. അതിൽ ഹിന്ദുസഹോദരങ്ങൾക്കുള്ള സന്തോഷം ഞങ്ങളും പങ്കിടുന്നു'' -അൻസാരി പറയുന്നു.

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് വികസനത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എനിക്ക് ക്ഷണം ലഭിച്ചത് ശ്രീരാമന്റെ ദൈവിക ആഗ്രഹമായിരിക്കാം. ഞാനത് അംഗീകരിക്കുന്നുവെന്നാണ് ഇക്‌ബാൽ അൻസാരി പറഞ്ഞത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും ഒരു പോലെ പ്രാധാന്യമുള്ള സ്ഥലമാണ് അയോദ്ധ്യയെന്നും അൻസാരി പറയുന്നു. ക്ഷേത്ര നിർമ്മാണം ആരംഭിച്ചത് മുതൽ അയോദ്ധ്യയും രാജ്യത്തെ മറ്റ് നഗരങ്ങൾക്കൊപ്പം വികസിച്ചു തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ദീർഘ വീക്ഷണമാണ് ക്ഷേത്ര നഗരിയുടെ മാറ്റത്തിന് കാരണം. അയോദ്ധ്യയിലെ മുഴുവൻ മുസ്ലിം സമുദായവും രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്യുന്നുണ്ട്-ഇതാണ് അൻസാരിയുടെ നിലപാട്. ബാലകരാമനെ വരവേൽക്കാൻ അയോദ്ധ്യയിലെ മുസ്ലിം സമൂഹം ആവേശപൂർവം കാത്തിരിക്കുകയാണെന്ന് ഇഖ്ബാൽ അൻസാരി പറയുന്നു. പരമോന്നത കോടതിയുടെ വിധിയെ മുസ്ലിംസമൂഹം പൂർണമനസോടെയാണ് സ്വീകരിച്ചത്. അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാനാണ് പലരും പരിശ്രമിക്കുന്നത്.

രാംപഥിലെ കോടിയ പൻജിതോലയിലാണ് ഇഖ്ബാൽ അൻസാരിയുടെ വീട്. അയോദ്ധ്യ പുണ്യനഗരമാണ്. മത, ജാതിഭേദമില്ലാതെ ലക്ഷക്കണക്കിനാളുകൾ തീർത്ഥാടനത്തിനെത്തുന്ന നഗരമാണിത്. അതിൽ അയോദ്ധ്യക്കാരനെന്ന നിലയിൽ എനിക്ക് അഭിമാനമാണുള്ളത്. അയോദ്ധ്യയിലേക്കെത്തുന്ന തീർത്ഥാടകരെ വരവേൽക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, അൻസാരി പറഞ്ഞു.