ഇസ്ലാമാബാദ്: ഇന്ത്യൻ ടെന്നീസിലെ വനിതാ ഇതിഹാസ താരം സാനിയാ മിർസയുടെ ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകനുമായി ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി. സാനിയയും ഷുഐബും തമ്മിലുള്ള വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വാർത്തകളിൽ നിറയുമ്പോഴാണ് വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മാലിക്ക് തന്നെ ഇക്കാര്യം അറിയിച്ചത്. പാക് നടി സന ജാവേദിനെയാണ് താരം വിവാഹം ചെയ്തത്. മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ദൈവത്തിനു സ്തുതി, ഞങ്ങൾ നിങ്ങളെ ജോടികളായി സൃഷ്ടിച്ചുവെന്നായിരുന്നു സനയെ ചേർത്തു നിർത്തിയുള്ള ഫോട്ടോസിനൊപ്പം മാലിക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മാലിക്കും സനയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു നേരത്തേ തന്നെ പല റിപ്പോർട്ടുകളും വന്നിരുന്നു. പക്ഷെ അന്നു ഇരുവരും ഇവയെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം ശരി വച്ചുകൊണ്ടാണ് മാലിക്കും സനയും ഔദ്യോഗികമായി ഇപ്പോൾ ഒന്നിച്ചിരിക്കുന്നത്. അതേ സമയം സാനിയയുമായി ഷുഐബ് ഔദ്യോഗികമായി വേർപിരിഞ്ഞതായി സ്ഥിരീകരണം ഇരുവരും നൽകിയിരുന്നില്ല.

ഷുഐബ് മാലിക്കുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. 'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്. 'ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാൽ, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ' എന്നു പറഞ്ഞായിരുന്നു താരം ഈ സ്റ്റോറി അവസാനിപ്പിച്ചത്.

മാലിക്ക് സ്വന്തം ഇൻസ്റ്റഗ്രാം ബയോയിൽ വരുത്തിയ മാറ്റവും ചർച്ചയായിരുന്നു. സാനിയ മിർസയെ പരാമർശിക്കുന്ന ഭാഗം റിലേഷൻഷിപ്പ് സ്റ്റാറ്റസിൽ നിന്ന് മാലിക്ക് നീക്കിയിരുന്നു. 'സാനിയ മിർസ എന്ന സൂപ്പർ വനിതയുടെ ഭർത്താവ്' എന്നായിരുന്നു ബയോയിൽ മാലിക്ക് കുറിച്ചിരുന്നത്. ഇതാണ് പിന്നീട് നീക്കം ചെയ്തത്.

2010-ൽ ഹൈദരാബാദിലായിരുന്നു മാലിക്ക് - സാനിയ വിവാഹം. 2018-ൽ ഇരുവർക്കും മകനായ ഇസാൻ ജനിച്ചു. തുടർന്ന് 2022-ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സോഷ്യൽ മീഡിയ പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.

കായിക ലോകത്തു ഏറെ ശ്രദ്ധിക്കപ്പെട്ട താര വിവാഹമായിരുന്നു സാനിയയും ഷുഐബും തമ്മിലുള്ളത്. 2010ൽ വിവാഹിതരായ ശേഷം ഇരുവരും യുഎഇയിലായിരുന്നു താമസം. ഈ വിവാഹത്തിൽ ഇവർക്കു ഇസാനെന്ന അഞ്ചു വയസ്സുള്ള മകനുമുണ്ട്.

അത്യുജ്വലമായ ടെന്നീസ് കരിയറിനു വിരാമമിട്ട് കഴിഞ്ഞ വർഷമാണ് സാനിയ വിരമിക്കൽ പ്രഖ്യാപിച്ചത്. 20 വർഷത്തോളം നീണ്ട ടെന്നീസ് കരിയറിൽ 43 ഡബ്ല്യുടിഎ ഡബിൾസ് കിരീടങ്ങളും ഒരു സിംഗിൾസ് ട്രോഫിയും സാനിയ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ ഉപദേശ സ്ഥാനമേറ്റെടുത്ത സാനിയ പുതിയൊരു അധ്യായത്തിനു തുടക്കമിടുകയും ചെയ്തിരുന്നു.

2003ലായിരുന്നു 37 കാരിയായ സാനിയ പ്രൊഷണണൽ താരമായി മാറിയത്. ആറു ഗ്രാന്റ്സ്ലാം കിരീട വിജയങ്ങൾ സാനിയയുടെ പേരിലുണ്ട്. മുൻ സ്വിസ് ഇതിഹാസം മാർട്ടിനാ ഹിംഗിസിനോടൊപ്പമുള്ള കിരീടമുൾപ്പെടെ മൂന്നു വനിതാ ഡബിൾസ് ട്രോഫികളും ഇതിലുൾപ്പെടും. മൂന്നു മിക്സഡ് ഡബിൾസ് ട്രോഫികളിൽ ഒന്ന് ഇന്ത്യയുടെ തന്നെ മഹേഷ് ഭൂപതിക്കൊപ്പവുമായിരുന്നു. ബ്രൂണോ സോറസിനൊപ്പമുള്ള യുഎസ് ഓപ്പൺ കിരീട നേട്ടമായിരുന്നു സാനിയയുടെ കരിയറിലെ അവസാനത്തെ പൊൻതൂവൽ.

സനാ ജാവേദ്

ഉർദു ടെലിവിഷനിൽ ആരാധർക്കു ഏറെ പ്രിയങ്കരിയായ നടിമാരിൽ ഒരാളാണ് സനാ ജാവേദ്. മോഡലിങിലൂടെയാണ് അവരുടെ തുടക്കം. മോഡലിങിൽ ശ്രദ്ധിക്കപ്പെട്ടതോടെ സനയ്ക്കു പല ടെലിവിഷൻ പരസ്യങ്ങളിലും അവസരങ്ങൾ ലഭിക്കുകയും ചെയ്തു. തുടർന്നായിരുന്നു ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്കുള്ള വരവ്. 2012ൽ ഇറങ്ങിയ മേരാ പെഹലാ പ്യാർ എന്ന പരമ്പരയിൽ സപ്പോർട്ടിങ് റോളിലൂടെയായിരുന്നു സനയുടെ അഭിനയത്തിലെ അരങ്ങേറ്റം.

പക്ഷെ അവരുടെ അഭിനയ ജീവിതത്തിലെ ടേണിങ് പോയിന്റ് സംഭവിച്ചത് 2016ലായിരുന്നു. ഹം ടിവിയുടെ (Hum TV) റൊമാന്റിക്ക് ഡ്രാമയായ സരാ യാദ് കർ എന്ന പരമ്പരയിൽ ഒരു നെഗറ്റീവ് റോളിൽ സന അഭിനയിച്ചിരുന്നു. സാഹിദ് അഹ്‌മദ്, യുംന സെയ്ദി എന്നിവർക്കെതിരേയായിരുന്നു ഇത്.

ഈ പരമ്പരയിൽ സനയുടെ അഭിനയം ഏറെ കൈയടി നേടുകയും അതിനു പിന്നാലെ കൂടുതൽ റോളുകൾ തേടിയെത്തുകയും ചെയ്തു. 2020ൽ ഗായകനായ ഉമർ ജയ്സ്വാളിനെ സന വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു.