ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ മിർസ. വിഷയത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും സാനിയ അഭ്യർത്ഥിച്ചു. ഷൊയ്ബ് മാലിക്കിന് ആശംസകൾ നേരുന്നുവെന്നും സാനിയ മിർസ പ്രതികരിച്ചു. വിവാഹമോചനത്തിന് മുൻകൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലിം സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുൽഅ' നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും പിതാവ് ഇമ്രാൻ മിർസ ഇന്നലെ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചിരുന്നു.

ഷുഐബ് മാലിക്കും സാനിയ മിർസയും തമ്മിൽ കുറച്ചുമാസങ്ങൾക്കുമുൻപ് വിവാഹമോചിതരായിരുന്നുവെന്ന് വ്യക്തമാക്കി സാനിയയുടെ കുടുംബവും രംഗത്തെത്തി. പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത വിവരം ഷുഐബ് മാലിക് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഷുഐബും സാനിയയും നേരത്തെ വേർപിരിഞ്ഞതാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരാധകരോട് കുടുംബം ആവശ്യപ്പെട്ടത്.

'പൊതുസമൂഹത്തിൽ നിന്നും സാനിയ എപ്പോഴും തന്റെ വ്യക്തിജീവിതം മാറ്റിനിർത്തിയിരുന്നു. എന്നാലിന്ന് ഷുഐബും അവളും കുറച്ചു മാസങ്ങൾക്കുമുൻപ് വേർപിരിഞ്ഞതാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമുണ്ടായിരിക്കുകയാണ്. പുതിയ ജീവിതത്തിന് ഷുഐബിന് എല്ലാ ആശംസകൾ അവൾ അറിയിച്ചിട്ടുണ്ട്. ഇങ്ങനെയൊരു നിമിഷത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അവളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിക്കുകയാണ്', കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞദിവസം ഷുഐബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകർ താരത്തിന്റെ വിവാഹ വാർത്ത അറിഞ്ഞത്. പാക് നടി സനാ ജാവേദിനെ ആണ് മാലിക്ക് വിവാഹം കഴിച്ചത്. മാലിക്കിന്റെ മൂന്നാം വിവാഹവും സനാ ജാവേദിന്റെ രണ്ടാം വിവാഹവുമാണിത്. 2020ൽ പാക് ഗായകൻ ഉമൈർ ജസ്വാളിനെ സനാ വിവാഹം കഴിച്ചിരുന്നു. വിവാഹ വാർത്തക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സനാ ജാവേദ് പ്രൊഫൈൽ പേര് സനാ ഷുഐബ് മാലിക്ക് എന്നാക്കുകയും ചെയ്തു.

2010ലാണ് സാനിയയും ഷുഐബും വിവാഹിതരാവുന്നത്. ഈ ബന്ധത്തിൽ ഇവർക്കു ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വർഷം ദുബായിൽ സാനിയയും മാലിക്കും മകന്റെ ജന്മദിനം ആഘോഷിച്ചപ്പോൾ ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ മുമ്പ് പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷുഐബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും അതുപോലെ ഒന്നായിരിക്കുമെന്നായിരുന്നു ആരാധകർ കരുതിയത്.

അതേ സമയം സാനിയ മിർസയുമായുള്ള വിവാഹബന്ധം തകരാൻ കാരണം ഷുഐബ് മാലികിന്റെ പരസ്ത്രീ ബന്ധങ്ങളെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഷുഐബിന്റെ വഴിവിട്ട സഞ്ചാരത്തിൽ കുടുംബാംഗങ്ങളും അസ്വസ്ഥരായിരുന്നുവെന്നും പാക്ക് നടി സനാ ജാവേദുമായുള്ള വിവാഹത്തിൽ കുടുംബാംഗങ്ങൾ പങ്കെടുത്തില്ലെന്നും പാക്കിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് സനയെ വിവാഹം കഴിച്ച വാർത്ത താരം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്.

ഷുഐബിന് മറ്റ് സ്ത്രീകളുമായുണ്ടായിരുന്ന ബന്ധങ്ങളിൽ സാനിയ തികച്ചും അസ്വസ്ഥയായിരുന്നുവെന്ന് മാലികിന്റെ സഹോദരിമാർ പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഷുഐബിന്റെ മൂന്നാം വിവാഹമാണിത്. ആദ്യഭാര്യയായ അയേഷ സിദ്ദിഖിയുമായി വേർപിരിഞ്ഞ ശേഷമാണ് 2010 ഏപ്രിലിൽ ഷുഐബ് സാനിയയെ വിവാഹം കഴിച്ചത്. ഹൈദരാബാദിൽ നടന്ന വിവാഹച്ചടങ്ങുകൾക്ക് ശേഷം ഇരുവരും ദുബായിലാണ് കഴിഞ്ഞിരുന്നത്. 2018 ൽ ഇരുവർക്കും മകൻ ഇസാൻ പിറന്നു. മകൻ ഇപ്പോൾ സാനിയയ്‌ക്കൊപ്പമാണ് താമസം.

ഷുഐബ് വിവാഹവാർത്ത പുറത്തുവിട്ടതിന് പിന്നാലെ, ഇസ്‌ലാം നിയമമായ ഖുല വഴി സാനിയയാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നും ഇതിനപ്പുറം മറ്റുകാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും സാനിയയുടെ കുടുംബത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സാനിയ വിവാഹമോചനത്തെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടിരുന്നു. വിവാഹം കഠിനമാണ്, വിവാഹ മോചനവും കഠിനമാണ്. കഠിനമായത് തിരഞ്ഞെടുക്കുക. കഠിനമായത് തിരഞ്ഞെടുക്കാൻ നമുക്ക് കഴിയും. അത് ബുദ്ധിപൂർവം തിരഞ്ഞെടുക്കുക എന്നർഥം വരുന്ന വാക്കുകളാണ് സാനിയ പങ്കുവച്ചത്. ഇതിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വീണ്ടും പ്രചരിച്ചിരുന്നു.

പ്രമുഖ സീരിയൽസിനിമ താരമാണ് ഷുഐബിന്റെ നിലവിലെ ഭാര്യയായ സന. 2020 ൽ ഗായകൻ ഉമൈർ ജയ്‌സ്വാളിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു.