പട്‌ന: നിതീഷ് കുമാർ വീണ്ടും ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയടക്കം പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തിയിരുന്നു. വ്യത്യസ്ത മുന്നണികളുടെ ഭാഗമായി ഇത് ഒമ്പതാമത്തെ തവണയാണ് ജെഡിയു മേധാവി നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ സത്യവാചകം ചൊല്ലികൊടുത്തു. എൻഡിഎ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2022-ൽ എൻഡിഎ സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തിൽ ചേർന്ന് മുഖ്യമന്ത്രിയായ നിതീഷ് ഇന്ന് രാവിലെയാണ് സർക്കാർ പിരിച്ചുവിട്ട് രാജി സമർപ്പിച്ചത്. ജെഡിയു ആർജെഡി കോൺഗ്രസ് മഹാസഖ്യ മുന്നണി വിട്ടാണ് ജെഡിയും വീണ്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനൊപ്പം ചേരുന്നത്.

ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കറുമെന്നതാണു പുതിയ സഖ്യത്തിലെ ധാരണയെന്നാണു വിവരം. ജെഡിയു എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. അതേസമയം നിതീഷിനൊപ്പം ചില കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്കു ചേക്കേറുന്നതായുള്ള സൂചന ശക്തമാണ്. ആകെയുള്ള 19 എംഎൽഎമാരിൽ 11 എംഎൽഎമാരെ ബന്ധപ്പെടാനാകുന്നില്ലെന്നാണു റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വവും പാർട്ടിയുടെ എംഎൽഎമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തും.

ആകെയുള്ള 243 സീറ്റുകളിൽ 122 സീറ്റുകളാണ് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ ബിജെപി- 78, ആർജെഡി 79, ജെഡിയു 45, കോൺഗ്രസ്- 19, ഇടത് കക്ഷികൾ- 16, എച്ച്എഎം-4, എഐഎംഐഎം-1, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. ജെഡിയു പോകുന്നതോടെ ആർജെഡി + കോൺഗ്രസ് + ഇടത് കക്ഷികൾക്കുള്ളത് 114 സീറ്റ്. കേവല ഭൂരിപക്ഷത്തിൽനിന്ന് 8 സീറ്റ് കുറവാണിത്. അപ്പുറത്ത് ബിജെപിയും ജെഡിയും ഒന്നിക്കുന്നതോടെ 123 സീറ്റോടെ കേവല ഭൂരിപക്ഷം കടക്കാം.

മഹാഗഡ്ബന്ധൻ ഉപേക്ഷിച്ച് എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു നിതീഷ് കുമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ബിഹാറിൽ നിർണായക ശക്തിയായ നിതീഷ് കുമാറിന്റെ മുന്നണിമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വന്നതിന് ശേഷം മാത്രം നാല് തവണ നിതീഷ് കുമാർ മുന്നണി മാറിയിട്ടുണ്ട്. എന്നാൽ ഓരോ മുന്നണിമാറ്റത്തിലും തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാൻ നിതീഷ് കുമാർ പ്രത്യേകം ശ്രദ്ധിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായപ്പോഴാണ് നിതീഷ് കുമാർ എൻഡിഎ വിടുന്നത്.

തന്റെ പാർട്ടി മതേതരത്വത്തിന് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞ നിതീഷ്, മോദിയുടെ സ്ഥാനാർത്ഥിത്വത്തെ രൂക്ഷമായി വിമർശിക്കുകയും 2013ൽ എൻഡിഎ വിടുകയും ചെയ്തു. 2015-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം തന്റെ പ്രധാന എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ചേർന്ന് ആദ്യത്തെ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. മഹാസഖ്യം 178 സീറ്റുകൾ നേടിയാണ് സർക്കാർ രൂപീകരിച്ചത്.

എന്നാൽ, വെറും രണ്ട് വർഷം മാത്രമേ സഖ്യത്തിന് ആയുസുണ്ടായുള്ളൂ. 2017-ൽ ഐആർസിടിസി അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയപ്പോൾ ബന്ധം വഷളായി. ലാലുവുമായി പിണങ്ങി സഖ്യം ഉപേക്ഷിച്ച് എൻഡിഎയിൽ തിരിച്ചെത്തിയ നിതീഷ് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. അന്നാണ് നിതീഷിനെ ലാലുപ്രസാദ് യാദവ് 'പൽട്ടു റാം' എന്ന് വിളിച്ചത്.

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരത്തിലേറുകയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാൽ രണ്ട് വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കണ്ണെറിഞ്ഞതോടെ നിതീഷിന് അപകടം മണത്തു. 2022ൽ എൻഡിഎയിലെ അരക്ഷിതാവസ്ഥക്ക് അവസാനം കുറിച്ച് ആർജെഡിയുമായി വീണ്ടും സഖ്യമുണ്ടാക്കുകയും മഹാഗഡ്ബന്ധൻ സജീവമാക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പുതിയ ചാട്ടം. ഇന്ത്യാ മുന്നണിയിൽ തനിക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന സംശയത്തെ തുടർന്നാണ് പുതിയ കൂറുമാറ്റം. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ഇന്ത്യാ മുന്നണിയുടെ ചെയർമാനായി തെരഞ്ഞെടുത്തതോടെ നിതീഷ് സഖ്യവുമായി അകന്നു. തുടർന്ന് മുന്നണിമാറ്റ ചർച്ച സജീവമാക്കി. ഇപ്പോൾ വീണ്ടും എൻഡിഎയിലേക്ക് കൂറുമാറിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം സേഫാക്കിയാണ് നിതീഷ് ചരടുവലിക്കുന്നത്.

1994ൽ പാർട്ടി രൂപീകരിച്ചതുമുതൽ 9 തവണയാണ് നിതീഷ് പാർട്ടിയും മുന്നണിയും മാറിയത്. 1994ൽ ലാലുപ്രസാദ് യാദവുമായി ഉടക്കി സമതാപാർട്ടി രൂപീകരിച്ചാണ് തുടക്കം. 1996ൽ എൻഡിഎ കൂട്ടുകെട്ടിലൂടെ വാജ്പേയി സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. പിന്നീട് 2000ൽ നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി. 2003ൽ ശരദ് യാദവിന്റെ ജനതാദളുമായി സമതാ പാർട്ടി ലയിച്ചു. പിന്നീട് 2010ൽ എൻഡിഎക്കൊപ്പം നിന്ന് മുഖ്യമന്ത്രിയായി.