ചെന്നൈ: ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉൾപ്പെടുത്തി തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ നിർമ്മിക്കുന്ന ഐ.എസ്.ആർ.ഒ.യുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം പുറത്തുവിട്ട തമിഴ്‌നാട് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുലശേഖരപട്ടണത്തിൽ പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറകല്ലിടൽ ചടങ്ങിനു മുന്നോടിയായി ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്.

പദ്ധതി പൂർത്തീകരിക്കുന്നതിനായി മുൻ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീർത്തിക്കുന്നതായിരുന്നു പരസ്യം. എന്നാൽ, ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടമുള്ള പരസ്യം വിവാദമാകുകയായിരുന്നു. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാറിന്റെ പദ്ധതിയിൽ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കുവാൻ ഡി.എം.കെ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

'ഒരു പണിയും എടുക്കാതെ വെറുതെ ക്രെഡിറ്റ് എടുക്കാൻ നടക്കുന്ന പാർട്ടിയാണ് ഡി.എം.കെ. ഞങ്ങളുടെ പദ്ധതികൾ അവരുടെ പേരിലേക്കാക്കുന്നതാണെന്ന് ആർക്കാണ് അറിയാത്തത്? എന്നാൽ, ഇപ്പോൾ അവർ പരിധികടന്നു. തമിഴ്‌നാട്ടിലെ ഐ.എസ്.ആർ.ഒ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാനായി അവർ ഇന്ന് ചൈനയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണ്', തിരുനെൽവേലിയിൽ നടന്ന പൊതുജനറാലിയിൽ പ്രധാനമന്ത്രി ആരോപിച്ചു.

'അടയ്ക്കുന്ന നികുതിക്ക് അനുസരിച്ച് ഇന്ത്യൻ ബഹിരാകാശ മേഖലയിൽ ഉണ്ടാകുന്ന പുരോഗതി കാണാൻ അവർ തയ്യാറല്ല. പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം നൽകാൻ അവർക്കായില്ല', അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക മാത്രമാണ് ഡിഎംകെ സർക്കാരിന്റെ പണിയെന്നു മോദി പരിഹസിച്ചു.

നമ്മുടെ പല പദ്ധതികളും അവരുടെ പേരു നൽകി, അവരുടേതാക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യയുടെ പുരോഗതി കാണാൻ ഡിഎംകെ നേതാക്കൾ തയാറല്ല. നമ്മുടെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതിപ്പണത്തെയും അവർ അപമാനിച്ചു, പ്രധാനമന്ത്രി പറഞ്ഞു.

ഡിഎംകെ രാഷ്ട്രീയത്തിൽ പ്രധാന്യം നൽകുന്നത് അവരുടെ കുടുംബത്തിനാണ്. ബിജെപി സർക്കാർ വികസനത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ വികസനത്തിന്റെ പദ്ധതിയെന്തെന്ന് കുടുംബാധിപത്യമുള്ള ഡിഎംകെ, കോൺഗ്രസ് പാർട്ടികളോടു ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല'' മോദി കൂട്ടിച്ചേർത്തു. 950 കോടിയുടെ പദ്ധതിയാണ് കുലശേഖരപട്ടണത്തേത്.

തമിഴ്‌നാട്ടിൽ ഐഎസ്ആർഒ പുതിയതായി സ്ഥാപിക്കുന്ന വിക്ഷേപണ കേന്ദ്രത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതിനു ചൈനയുടെ സ്റ്റിക്കർ ഉപയോഗിക്കാൻ പോലും ഡിഎംകെ മടിക്കുന്നില്ലെന്നാണു മോദി കുറ്റപ്പെടുത്തിയത്. സ്ഥലം എംഎൽഎ കൂടിയായ തമിഴ്‌നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനാണു പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്.

ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിൽ ഐഎസ്ആർഒയുടെ രണ്ടാം ബഹിരാകാശ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മോദി വരുന്നതുമായി ബന്ധപ്പെട്ടു നൽകിയ പരസ്യമാണ് വിവാദത്തിലായത്. ബുധനാഴ്ച രാവിലെയായിരുന്നു തറക്കല്ലിടൽ ചടങ്ങ്. വിക്ഷേപണത്തറ സ്ഥാപിക്കുന്ന തിരുചെന്ദൂർ മണ്ഡലത്തിന്റെ എംഎൽഎയാണ് അനിത ആർ. രാധാകൃഷ്ണൻ.

''ഡിഎംകെയ്ക്ക് ചൈനയോടുള്ള പ്രതിബദ്ധതയാണ് ഈ പരസ്യം വഴി പുറത്തുവന്നത്. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തോട് അവർക്ക് തീർത്തും അനാദരവാണ്. ഐഎസ്ആർഒയുടെ പദ്ധതി പ്രഖ്യാപിച്ചപ്പോൾത്തന്നെ എല്ലായിടത്തും സ്റ്റിക്കറുകൾ പതിപ്പിക്കാൻ ഡിഎംകെ അക്ഷമരായിരുന്നു'' ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. പരസ്യം ചെയ്തയാൾക്ക് എവിടെനിന്നാണ് ഈ പടം ലഭിച്ചതെന്ന് അറിയില്ലെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. അനിത ആർ. രാധാകൃഷ്ണൻ ഇതുവരെ പ്രതികരിക്കാൻ തയാറായില്ല.

ഇസ്രോ പുതിയതായി രൂപകൽപന ചെയ്ത എസ്എസ്എൽവി വിക്ഷേപണങ്ങൾക്ക് വേണ്ടിയാണ് കുലശേഖരപട്ടണത്തെ ബഹിരാകാശ കേന്ദ്രം നിർമ്മിക്കുന്നത്. ചെലവ് കുറഞ്ഞ വിക്ഷേപണങ്ങളുടെ ഭാവിസാധ്യത തിരിച്ചറിഞ്ഞാണിത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിന്റെ തറക്കലിടൽ കർമ്മം നിർവഹിച്ചിരുന്നു.