വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറു പ്രതികൾ അറസ്റ്റിൽ. മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരിൽ ആറുപേരെയാണു പൊലീസ് അറസറ്റ് ചെയ്തത്. അതേസമയം, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രതികളായ നേതാക്കളെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല. ഇവർ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക വലുതാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ് എഫ് ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.

യൂണിയൻ പ്രസിഡന്റ് കെ. അരുൺ, ഭാരവാഹി എൻ. ആസിഫ് ഖാൻ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (20), കെ. അഖിൽ (23), ആർ.എസ്. കാശിനാഥൻ (19), അമീൻ അക്‌ബർ അലി (19), സിൻജോ ജോൺസൺ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാൽ (22), എ. അൽത്താഫ് (22), വി. ആദിത്യൻ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേർ സിദ്ധാർഥന്റെ ക്ലാസിൽ പഠിക്കുന്നവരാണ്. 12 വിദ്യാർത്ഥികളെയും അന്വേഷണവിധേയമായി കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഇത്രയുംദിവസമായിട്ടും പ്രതികളായ എസ്.എഫ്.ഐ.ക്കാരെ പിടികൂടാത്തതിൽ പൊലീസിനെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

സംഭവം ആദ്യം മുതലേ ഒതുക്കിത്തീർക്കാനാണു സർവകലാശാല ക്യാംപസ് അധികൃതരും പൊലീസും ശ്രമിച്ചത്. വിദ്യാർത്ഥികൾക്കുൾപ്പെടെ ഒരു കാര്യവും പുറത്തുപറയരുതെന്നു നിർദ്ദേശം നൽകി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണു സിദ്ധാർഥൻ ക്രൂരമർദനത്തിനിരയായെന്നു തെളിയുകയായിരുന്നു.

ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. സിദ്ധാർത്ഥിന്റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതിനിടെ സിദ്ധാർത്ഥിനെ കോളേജിലെ എസ് എഫ് ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാരോപിച്ച് അച്ഛൻ ജയപ്രകാശ് രംഗത്തെത്തിയിരുന്നു. സഹപാഠികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ വെളിപ്പെടുത്തി. മരിക്കുന്ന ദിവസവും ഫോണിൽ സംസാരിച്ച സിദ്ധാർത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.

വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതായിരുന്നു.

എസ് എഫ് ഐയുടെ കണ്ണിലെ കരടായി

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എത്തിയ വർഷം തന്നെ ക്ലാസ് റെപ്രസന്റേറ്റീവ്, ഫൊട്ടോഗ്രഫിയിലെ മികവ് കണക്കിലെടുത്തു സർവകലാശാലയുടെ ഔദ്യോഗിക ഫൊട്ടോഗ്രഫർ സ്ഥാനം തുടങ്ങിയ പദവികൾ സിദ്ധാർഥനെ തേടിയെത്തിയതാണ് എസ്എഫ്‌ഐ സംഘത്തെ അസൂയപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. പ്രത്യേകിച്ച് ഒരു വിദ്യാർത്ഥി സംഘടനയോടും താൽപര്യം കാണിക്കാതെ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് കാണിച്ച വിദ്യാർത്ഥിയെ വേട്ടയാടി മരണത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിൽനിന്ന സിദ്ധാർഥൻ എസ്എഫ്‌ഐയുടെ കണ്ണിലെ കരടായിരുന്നുവെന്നു ക്യാംപസിലെ വിദ്യാർത്ഥികളിലൊരാൾ പറയുന്നു. ഒരു വിദ്യാർത്ഥി സംഘടനയോടും പ്രത്യേക ആഭിമുഖ്യം പുലർത്താതിരുന്ന സിദ്ധാർഥൻ ക്യാംപസിൽ എസ്എഫ്‌ഐ നടത്തിയിരുന്ന പഠിപ്പ് മുടക്കൽ ഉൾപ്പെടെയുള്ള സമരങ്ങൾക്കും എതിരായിരുന്നു. ക്യാംപസിലെ മികച്ച വിദ്യാർത്ഥിയായ സിദ്ധാർഥൻ എസ്എഫ്‌ഐയുടെ താൽപര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ കൂട്ടാക്കിയിരുന്നില്ല.

ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയ്ക്കാണു സിദ്ധാർഥൻ ആക്രമണത്തിന് ഇരയായത്. 13നു ക്യാംപസിലെ ഒരു വിദ്യാർത്ഥിനിയോടു സിദ്ധാർഥൻ പ്രണയാഭ്യർഥന നടത്തിയതോടെയാണ് എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സിദ്ധാർഥനെ മർദിക്കാൻ തീരുമാനിച്ചത്. 14ന് വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർത്ഥിനികൾക്കൊപ്പം സിദ്ധാർഥൻ നൃത്തം ചെയ്തതും മർദനത്തിനു കാരണമായി. നൂറോളം വിദ്യാർത്ഥികൾ നോക്കിനിൽക്കേ വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ട് അടിച്ചുവെന്നാണു സിദ്ധാർഥന്റെ അമ്മ പറഞ്ഞത്. സിദ്ധാർഥനെ കൊന്നതാണെന്നാണു കുടുംബത്തിന്റെ ആരോപണം.

ഫെബ്രുവരി 18നാണു സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 22നാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. റാഗിങ്ങിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ. 26നാണ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. 24 വരെ ആരോപണവിധേയരായ വിദ്യാർത്ഥികൾ ക്യാംപസ് പരിസരത്തു തന്നെയുണ്ടായിരുന്നു.

പൊലീസിന്റെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെയാണ് ഇവർ ഒളിവിൽ പോയതെന്നാണ് ആരോപണം. ഇന്നു പിടിയിലായ ആറുപേരും സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പേരിൽ ഉൾപ്പെടുന്നവരല്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പേരെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു. സിദ്ധാർഥന്റേത് ആത്മഹത്യയാണെന്നും കൊലപാതകമാണെന്നതു കുടുംബത്തിന്റെ ആരോപണം മാത്രമാണെന്നും പൊലീസ് പറയുന്നു.