നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് കാമുകിയായ പെൺകുട്ടിയെ മർദ്ദിച്ച ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അഞ്ച് അപകടങ്ങൾ ഉണ്ടാക്കിയെങ്കിലും പൊലീസ് ചുമത്തിയത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രം. ലൈസൻസില്ലാതെ കാറോടിച്ച യുവാവ് ബസ്സ് സ്റ്റാൻഡ് പരിസരത്ത് ഭീകരന്തരീക്ഷമാണ് സൃഷ്ടിച്ചത. പ്ലസ് വൺ വിദ്യാർത്ഥിനിയുമായി ബസ് സ്റ്റാൻഡിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും, ഇയാൾ മുഖത്തടിക്കുകയും ആയിരുന്നു. ലിഫ്ട് ഓഫർ ചെയ്തത് നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

കണ്ടുനിന്ന യാത്രക്കാർ ഇടപെട്ടതോടെ, കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് അഞ്ച് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചത്. ഒരു ബൈക്ക് യാത്രക്കാരന്റെ കാലൊടിഞ്ഞു. ഗുരുതരമായ പരിക്കും പറ്റി. ഇയാളെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇത്രയും ഗുരുതരമായ കുറ്റം കൃത്യം ചെയ്തിട്ടും യുവാവിനെ വിട്ടയച്ചത് ഉന്നത ഇടപെടലിനെ തുടർന്നാണെന്നാണ് ആക്ഷേപം. എങ്ങനെയും രക്ഷപ്പെടാൻ വേണ്ടി പാഞ്ഞുപോകുന്നതിനിടെ, കാർ ഇടിച്ചുനിന്നത് പൊലീസ് ജീപ്പിലാണ്. ഇയാൾക്കൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. ആനാവൂർ സ്വദേശി ഷിനോജും(20) പ്രായപൂർത്തിയാകാത്ത സുഹൃത്തുമാണ് അപകടപരമ്പര സൃഷ്ടിച്ചത്. യുവാവ് പെൺകുട്ടിക്ക് നേരെ നടത്തുന്ന അതിക്രമം ബസ്സ്റ്റാൻഡിനുള്ളിലെ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

പൊലീസെത്തി പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, മർദ്ദിച്ചതിൽ തനിക്ക് പരാതിയില്ലെന്ന നിലപാടാണ് പെൺകുട്ടി സ്വീകരിച്ചത്. സംഭവം അറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കളും സ്റ്റേഷനിൽ എത്തിയിരുന്നു. യുവാവിനെതിരെ പോക്‌സോ കേസാണ് എടുക്കേണ്ടി വരുന്നതെന്ന് മനസിലാക്കിയാണ് പെൺകുട്ടിയുടെ കുടുംബം പരാതിയില്ലെന്ന നിലപാട് സ്വീകരിച്ചത്.

അലക്ഷ്യമായി കാറോടിച്ചതിന് യുവാക്കൾക്ക് എതിരെ കേസെടുത്ത ശേഷം വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ തന്നെ മാരുതി 800 കാറിൽ ഷിനോജും സുഹൃത്തും നെയ്യാറ്റിൻകരയിൽ എത്തിയിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ കാമുകിയും ഒത്ത് ആദ്യം ചെരുപ്പ് കടയിൽ പോയി. അവിടെ വെച്ച് കാമുകിക്ക് ഷൂ വാങ്ങി നൽകി. പിന്നീട് ചോക്ലേറ്റ് വാങ്ങി നൽകിയാണ് സ്‌കൂളിലേക്ക് വിട്ടത്. ഡ്രൈവിങ് അത്രയ്ക്ക് വശമില്ലാത്ത ലൈസൻസ് ഇല്ലാത്ത ഷിനോജ് കാമുകിയെ കാണിക്കാനും ഷൈൻ ചെയ്യാനുമാണ് മാരുതി 800 കാറിൽ എത്തിയത്. വൈകുന്നേരം വരെ നെയ്യാറ്റിൻകരയിൽ കാത്തു നിന്നതും കാമുകിക്ക് ലിഫ്ട് നൽകാനായിരുന്നു. അത് നിരസിക്കപ്പെട്ടതോടെയുള്ള പ്രകോപനത്തിലാണ് മർദ്ദനവും മൊബൈൽ എറിഞ്ഞു തകർക്കലുമുണ്ടായത്.