കോഴിക്കോട്: എൻ എച്ച് 766 ന്റെ വികസനത്തിനായി ഏറ്റെടുത്ത തങ്ങളുടെ ഭൂമിയുടെ വില ഇനിയും ലഭിക്കാതെ വയോധികരായ രണ്ട് സ്ത്രീകൾ ദുരിതത്തിൽ. കോഴിക്കോട് നഗരത്തെ മൈസൂരുവിലൂടെ, കൊല്ലഗലുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 7696 നാലു വരിയാക്കി വികസിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി നാലുവരിയാക്കാൻ ലക്ഷ്യമിടുന്ന മാനാഞ്ചിറ നിന്നും വെള്ളിമാട്കുന്നു വരെയുള്ള എട്ടു കിലോമീറ്റർ റോഡിനായി ഭൂമി വിട്ടുനൽകിയതോടെയാണ് ഇവരുടെ ജീവിതം ഇരുട്ടിലായത്.

കോഴിക്കോട് നഗരത്തിലെ പ്രധാന റോഡായതിനാൽ ഇവിടെ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിന് പരാഹാരമാവുന്നതുകൂടിയാണ് ഈ വീതികൂട്ടൽ. കോഴിക്കോട് നഗരത്തിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിക്കൊണ്ടിരിക്കേയാണ് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപത്തെ പാറമ്മൽ പ്രദേശത്ത് താമസിക്കുന്ന അവിവാഹിതയായ അധികാരിമണമ്മൽ വള്ളിൽ ദേവി (73)യും വിധവയായ സഹോദരന്റെ ഭാര്യ വിലാസിനി(65)യും പണം ലഭിക്കാതെ കഷ്ടപ്പെടുന്നത്.

അധികാരികളുടെ തീരുമാനം അനന്തമായി നീളുന്നതിനാൽ ഇടിഞ്ഞുവീഴാറായ ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതദിനങ്ങൾ എണ്ണി തങ്ങളുടെ സങ്കടങ്ങൾ ആരോടു പറയുമെന്നറിയാതെ കഴിഞ്ഞുകൂടുകയാണിവർ. ചുറ്റുവട്ടത്തുള്ള ഭൂമി ഏറ്റെടുക്കപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും പണം വിതരണം ചെയ്തിട്ടും ഇവർക്കു മാത്രം തുക നൽകാൻ അധികാരികൾ തയാറായിട്ടില്ല. മഴ കനത്താൽ വീട്ടിനുള്ളിലും ചുറ്റും കുളംപോലെ ചളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. വീടിനോട് ചേർന്ന ദേശീയപാത ഉയർന്നുനിൽക്കുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്.
ഒന്നേമുക്കൽ സെന്റ് ഭൂമിയാണ് ഇരുവർക്കുമായുള്ളത്. ഇതിന് സഹോദരങ്ങൾ ഉൾപ്പെടെ മൊത്തം ആറ് അവകാശികളുമുണ്ട്.

വിലപേശി വാങ്ങൽ പദ്ധതിപ്രകാരം സെന്റിന് പതിനഞ്ചര ലക്ഷം നിരക്കിൽ മുഴുവൻ ഭൂമിയും ഏറ്റെടുക്കുമെന്നായിരുന്നു ആദ്യം അധികാരികൾ പറഞ്ഞത്. എന്നാൽ ഇപ്പോൾ അര സെന്റ് കുറച്ചേ എടുക്കുവെന്നും വിലപേശി വാങ്ങൽ പദ്ധതിക്കു പകരം ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം സെന്റിന് വില 14.2 ലക്ഷം രൂപ മാത്രമേ നൽകൂവെന്നുമാണ് ഇവർക്ക് ഒടുവിൽ ലഭിച്ചിരിക്കുന്ന വിവരം. ഭൂമിയുടെ ആധാരവും അനുബന്ധ രേഖകളുമെല്ലാം നാലു വർഷമായി ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

ആരോരുമില്ലാത്തവർക്കായി ലൈഫ് മിഷനിൽ ഫ്ളാറ്റ് നൽകുന്ന പദ്ധതി കേരള സർക്കാരിന് കീഴിൽ നടപ്പാക്കുന്നുണ്ടെങ്കിലും അതിനും ഈ പാവങ്ങൾ അർഹരല്ലെന്ന നിലപാടിലാണ് അധികാരികൾ. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണെന്ന് ഏതൊരാൾക്കും പ്രത്യക്ഷത്തിൽ ബോധ്യപ്പെടുന്ന സ്ഥിരവരുമാനമില്ലാതെ സർക്കാരിന്റെ 3,200 രൂപയുടെ വിധവാ വാർധക്യ പെൻഷൻ വാങ്ങി കഴിയുന്ന ഈ സ്ത്രീകൾക്ക് അർഹതപ്പെട്ട റേഷൻകാർഡും ഇതുവരെയും അനുവദിക്കപ്പെട്ടിട്ടില്ല. ഇതിനായി ദീർഘകാലം നടന്നെന്ന് ദേവിയേടത്തി സങ്കടത്തോടെ പറഞ്ഞു.

പിങ്ക് കാർഡാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്. ഇതിൽ പ്രതിമാസം നാലു കിലോഗ്രാം അരിയും ഒരു കിലോ ഗോതമ്പുമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ ഗോതമ്പിന് പകരം പച്ചരിയാണ് നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ കൊറോണക്കാലത്തെ സഹായമായ നാലു കിലോ അരി ലഭിച്ചുകൊണ്ടിരുന്നെങ്കിലും അത് ഈ മാസത്തോടെ അവസാനിക്കുകയാണ്. മാർച്ച് വരെ നൽകുള്ളൂവെന്ന് പറഞ്ഞത് പിന്നീട് സെപ്റ്റംബർവരെ നീട്ടുകയായിരുന്നു.

പ്രഷറും ഷുഗറും ഉൾപ്പെടെയുള്ള രോഗങ്ങൾ അലട്ടുന്ന ദേവിക്ക് ഹൃദ് രോഗവുമായി ബന്ധപ്പെട്ട് പെട്ടെന്നൊരു ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടുണ്ടെങ്കിലും ഈ പണം കിട്ടുന്നതിനായി ഏതു നിമിഷവും ഒപ്പിട്ട് നൽകേണ്ടി വരുമെന്നതിനാൽ മാസങ്ങളായി അതും നടക്കാത്ത സ്ഥിതിയിലാണ്. ഏതു നിമിഷവും പണം ഒപ്പിട്ടു വാങ്ങേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ ധരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ മാസം രണ്ട് കഴിഞ്ഞു. ഇതുവരെയും ആരും ഇതുവഴി എത്തിയിട്ടില്ല. പാവപ്പെട്ടവരോടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ഇത്തരം ധാർഷ്ട്യം ഇവരെപോലുള്ളവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. അതേസമയം ഇവരുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിലെ ചില പ്രശ്നങ്ങളായിരുന്നു ആദ്യഘട്ടത്തിൽ തുക വിതരണം ചെയ്തപ്പോൾ നൽകാൻ സാധിക്കാത്തതിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം.

15 വർഷത്തോളമായി അവിവാഹിതർക്കുള്ള പെൻഷനെ ആശ്രയിച്ചാണ് ജീവിതം അഷ്ടിച്ച് കൊണ്ടുപോകുന്നത്. പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വരവിലാണ് 1,600 ആയി ഉയർത്തിയത്. ഇത് മാത്രമാണ് ഇവരുടെ ജീവൻ നിലനിർത്താനുള്ള ഏക മാർഗം. പണം മുൻകൂട്ടി കിട്ടിയാലെ ഇവിടെ നിന്നു മാറാൻ സാധിക്കൂവെന്ന് ദേവിയും വിലാസിനിയും പറയുന്നു. വിലാസിനിക്ക് രണ്ട് പെൺമക്കളാണുള്ളത്. അവരും സ്വന്തമായി വീടില്ലാത്തവരാണ്. പണം ലഭിക്കുന്നതിന് മുൻപായി മാറേണ്ടി വന്നാൽ എങ്ങോട്ടുപോകുമെന്നാണ് ഇരുവരുടെയും ആശങ്ക. 15 വർഷം മുൻപാണ് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഭൂമിയിൽ ഉൾപ്പെടെ സർവേകല്ല് നാട്ടിയത്. പിന്നെ വർഷങ്ങളോളം യാതൊരു അനക്കവും സംഭവിച്ചില്ല. എന്തായാലും വീടും സ്ഥലവും നഷ്ടമായാൽ സൗകര്യമില്ലെങ്കിലും സഹോദരന്റെ മകൾക്കരുകിലേക്കു പോകാനാണ് ദേവിയുടെ തീരുമാനം. അവളും വാടകക്കാണ് താമസിക്കുന്നത്. വിലാസിനി മകളുടെ അടുത്തേക്കും പോകാൻ തീരുമാനിച്ചിട്ടുണ്ട്.

ദേവിക്കും വിലാസിനിക്കുമൊപ്പം ദേവിയുടെ സഹോദരങ്ങളായ ബാലൻ, നാരായണി, പത്മാവതി, പരേതനായ ശങ്കരൻ (വിലാസിനിയുടെ ഭർത്താവ്), ഇവരുടെ അച്ഛന്റെ സഹോദരിയുടെ മകൾ പരേതയായ മാണിക്കുട്ടിയുടെ അഞ്ചുമക്കൾ എന്നിവരാണ് അവകാശികൾ. തുക കൂടുതൽ വേണമെങ്കിൽ കേസിന് പോകാനാണ് അധികാരികൾ ഈ സ്ത്രീകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പണം ലഭിച്ചാലും പതിനാലു ലക്ഷം രൂപവെച്ച് ഒന്നേകാൽ സെന്റ് സ്ഥലത്തിന് 17.75 ലക്ഷം രൂപയാണ് ലഭിക്കുക. ഇത് ആറായി വിഭജിച്ചാൽ വിലാസിനിക്കും ദേവിക്കുമായി ലഭിക്കുക 5.9 ലക്ഷം രൂപയാണ്. ഈ തുകക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഇവർക്കറിയാം. എന്നിരുന്നാലും ഇപ്പോഴത്തെ ഈ അനിശ്ചിതാവസ്ഥയിൽനിന്നും ഒപ്പം ചോർന്നൊലിക്കുന്ന കൂരയിലെ താമസത്തിൽനിന്നും ഒരു മോചനമാണ് ഇരുവരും ആഗ്രഹിക്കുന്നത്. അതിനായി അധികാരികളുടെ കനിവുകാത്തുകഴിയുകയാണ് ഈ വയോധികർ.