ശ്രീനഗർ: ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന് നാം ആവർത്തിക്കുമ്പോളും, ജമ്മു കാശ്മീരിൽ പലപ്പോഴും സ്വാതന്ത്ര്യദിനാഘോഷത്തിന് വലിയ പകിട്ടൊന്നും ഉണ്ടാവുമായിരുന്നില്ല. ഭീകരത കത്തി നിൽക്കുന്ന മുൻ കാലങ്ങളിൽ കാശ്മീർ താഴ്‌വരയിലെ പലയിടത്തും പതാക ഉയർത്താൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഭീകരർ ഇന്ത്യൻ പതാക കത്തിക്കുന്നതിനും, കാശ്മീരിനായി അവർ രൂപകൽപ്പന ചെയ്ത പതാക ഉയർത്തുന്നതും, മൂക സാക്ഷിയായി നിൽക്കാൻ മാത്രമേ സമാധാനകാംക്ഷികളായ പൊതുജനത്തിനുപോലും കഴിഞ്ഞിരുന്നുള്ളു.

എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. ഇത്തവണ കാശ്മീരിലും സ്വാതന്ത്ര്യദിനഘോഷം ആവേശത്തോടെ നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ആവേശകരമായ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിക്കയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ കാമ്പയിൻ ഏറ്റെടുത്ത് സോപോറോയിലെ ഒരു വീട്ടിൽ ദേശീയപതാക ഉയർത്തുന്ന ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്. ഹിസ്ബുൾ ഭീകരൻ ജാവിദ് മട്ടുവിന്റെ വീടിന്റെ മുകൾനിലയിൽ നിന്ന് സഹോദരൻ റായിസ് മട്ടു ത്രിവർണ പതാക വീശുന്ന ചിത്രം അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്.

അഭിമാനത്തോടെയാണ് രാജ്യത്തിന്റെ പതാക പിടിക്കുന്നതെന്ന് റായിസ് മട്ടു വാർത്താ ഏജൻസിയോട് പറഞ്ഞു. 'ഹൃദയത്തിൽ തിരംഗ വീശുന്നുണ്ട്. എന്റെ നാട് ഭാരതമാണ്. കശ്മീർ ഭാരതത്തിന്റെ പൂവനിയും, സാരേ ജഹാൻ സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ.''.. റായിസ് മട്ടു പറഞ്ഞു. 'കശ്മീർ മാറുകയാണ് ഭായ്... എന്റെ ജീവിതത്തിൽ ആദ്യമായാണ് ഈ ദിവസം, ഒരു സ്വാതന്ത്ര്യദിനത്തലേന്ന് ഇങ്ങനെ എന്റെ കട തുറന്ന് എനിക്കവിടെ ഇരിക്കാൻ പറ്റുന്നത്. മുമ്പ് സ്വാതന്ത്ര്യദിനം വന്നാൽ ഒരാഴ്ചയൊക്കെ ഹർത്താലാണ്. അന്നൊക്കെ രാഷ്ട്രീയ പാർട്ടികൾക്കും ഇതൊരു കളിയായിരുന്നു. രാജ്യം മാറി, കാശ്മീരും മാറി.'' 2009ലാണ് ജാവിദ് തീവ്രവാദ സംഘടനയുടെ ഭാഗമായത്. അതിനുശേഷം ഞങ്ങൾ അവനെ കണ്ടിട്ടില്ല, അവനെക്കുറിച്ച് ഒന്നുമറിയില്ല, എവിടെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ, തിരികെ വരാൻ ഞാൻ അവനോട് അഭ്യർത്ഥിക്കുന്നു. ഭായ് സ്ഥിതി മാറി, പാക്കിസ്ഥാന് ഇനിയൊന്നും ചെയ്യാൻ കഴിയില്ല''- റായിസ് പറഞ്ഞു. ഇതുപോലെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

തീവ്രവാദത്തിന്റെ മുനയൊടിയുന്നു

കാശ്മീർ താഴ് വര തീവ്രവാദത്തിന്റെ ഹബ്ബായി മാറുന്നതാണ് നാം യുപിഎ ഭരണത്തിൽ കണ്ടത്. പക്ഷേ മോദി അധികാരത്തിലേറിയ ശേഷമുള്ള തുടർച്ചയായ സൈനികവും, രാഷ്ട്രീയവുമായ നടപടികൾ തീവ്രവാദികൾക്ക് കടുത്ത തിരിച്ചടിയാവുന്ന കാഴ്ചയാണ് ഇന്ത്യ പിന്നീട് കണ്ടത്. 2019 ഓഗസ്റ്റ് 6-നാണ്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് അനുവദിച്ച പ്രത്യേക പദവി അല്ലെങ്കിൽ സ്വയംഭരണം കേന്ദ്ര സർക്കാർ റദ്ദാക്കിയത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ തന്നെ ഇവിടെ വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കേണ്ടി വന്നു. അഞ്ചു മാസത്തിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. ഏത് കലാപവും തടയാൻ ആയിരക്കണക്കിന് അധിക സുരക്ഷാ സേനയെ വിന്യസിച്ചു. മുൻ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖ കശ്മീരി രാഷ്ട്രീയക്കാരെ കസ്റ്റഡിയിലെടുത്തു. ഇങ്ങനെയൊക്കെയുള്ള നടപടികൾ വേണ്ടി വന്നെങ്കിലും അവിടെ സമാധാനം ഏറെക്കുറെ പുനഃസ്ഥാപിക്കാനയി. ഇത് കാരണം പ്രത്യേകിച്ച് എന്തെങ്കിലും കുഴപ്പം കാശ്മീരികളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ തീവ്രവാദികൾക്ക് പഴയപോലെ അത്ര സുഗമമായി പ്രവർത്തിക്കാനും കഴിയുന്നില്ല.

അതുപോലെ തന്നെ ഇന്ത്യൻ സൈന്യവും, ചാര സംഘടനയായ റോയും അവസരത്തിന് ഒത്ത് ഉയർന്നു. അതിർത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം കാര്യമായി തടഞ്ഞു. പാക്കിസ്ഥാൻ ഭീകരർക്ക് വിദേശരാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന ഫണ്ടും ഒരു പരിധി വരെ തടയാൻ പറ്റി. കാനഡയും, യുകെയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ വെച്ചുപോലും പല ഭീകരരും കൊല്ലപ്പെട്ടു. അതോടൊപ്പം കാശ്മീർ ജനതയെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങളും ഏറെക്കുറേ ഫലം കണ്ടു. ഇതിന്റെയൊക്കെ ഫലമായാണ് കാശ്മീരിൽ ഇത്തവണ സ്വതന്ത്ര്യദിനം വലിയ രീതിയിൽ കൊണ്ടാടപ്പെടുന്നത്.