കോഴിക്കോട്: 'വലിയ വില നൽകിയും ലോണെടുത്തുമുൾപ്പെടെയാണ് വണ്ടികൾ വാങ്ങിയത്. കമ്പനിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച തങ്ങൾ ആത്മഹത്യയുടെ വക്കിലാണിപ്പോഴുള്ളത്.. '-സർക്കാർ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ വാങ്ങിയ പാവങ്ങളുടെ വാക്കുകളാണിത്.

മൂന്ന് മണിക്കൂർ 55 മിനിട്ട് കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. ഒരു തവണ പൂർണമായും ചാർജ് ചെയ്താൽ നൂറ് കിലോമീറ്റർ സഞ്ചരിക്കാം. ഒരു കിലോമീറ്റർ പിന്നിടാൻ അമ്പത് പൈസ മാത്രമാണ് ചെലവ് തുടങ്ങിയ കമ്പനിയുടെ വാഗ്ദാനങ്ങൾ വിശ്വസിച്ചാണ് നിരവധി പേർ വണ്ടി വാങ്ങിയത്. എല്ലാ ജില്ലകളിലും സർവീസ് കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോൾ സ്‌പെയർ പാർട്‌സുകളും സർവീസും ലഭിക്കാതായതോടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങിയവർ പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ കമ്പനി ഉത്പാദനം അവസാനിപ്പിച്ചു. തുടർന്ന് സർവീസ് സ്റ്റേഷനുകളും ഷോറൂമുകളും പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ സ്‌പെയർ പാർട്‌സുകൾ കിട്ടാതെ വന്നതോടെ ഭൂരിഭാഗം വണ്ടികളും ഓടാൻ കഴിയാത്ത സാഹചര്യമായി.

കെഎഎൽ ആണ് ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയതെങ്കിലും സ്വകാര്യ കമ്പനിയായിരുന്നു വിതരണക്കാർ. തങ്ങളുടെ പ്രയാസം ചൂണ്ടിക്കാട്ടി കമ്പനി അധികൃതരെ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് വാഹന ഉടമകൾ വ്യക്തമാക്കുന്നു. പൊലീസിലും ഉപഭോക്തൃ കോടതിയിലും മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കുമടക്കം പരാതികൾ നൽകിയെങ്കിലും ആരും പരിഗണിച്ചില്ല. ഇതോടെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് വാഹനം ഉടമകൾ.

കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ വാഹനം ഉടമകൾ രാവിലെ മുതൽ വൈകീട്ട് വരെ സമരം നടത്തി. സ്‌പെയർ പാർട്‌സും സർവീസും ലഭ്യമാക്കുകയെന്ന ആവശ്യമാണ് ഇവർ ഉയർത്തിയത്. ഇത് സാധിക്കുന്നില്ലെങ്കിൽ ഇലക്ട്രിക് ഓട്ടോകൾ കമ്പനി തിരിച്ചെടുക്കണമെന്നും മുടക്കിയ പണം തിരികെ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹന ഉടമകൾ സമരത്തിനെത്തിയിരുന്നു.

തങ്ങൾ നേരിടുന്ന പ്രയാസം പരിഹരിക്കാൻ കമ്പനിയുടെയും സർക്കാറിന്റെയും ഭാഗത്ത് നിന്ന് നടപടികളുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കെഎഎൽ ഇലക്ട്രിക് ഓട്ടോ മലബാർ ഓർണേഴ്‌സ് കോ - ഓർഡിനേഷൻ കമ്മറ്റിയുടെ തീരുമാനം. ഓട്ടോ തൊഴിലാളികളായ മുഹമ്മദ് അക്‌ബർ, മുസ്തഫ, അലവി മാനന്തവാടി, മൊയ്തീൻ കാഞ്ഞങ്ങാട്, പി സതീഷ്, കെ പ്രസാദ്, അക്‌ബർ അലി കമ്പളക്കാട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. വലിയ വില നൽകിയും ലോണെടുത്തുമുൾപ്പെടെയാണ് വണ്ടികൾ വാങ്ങിയത്. കടുത്ത പ്രയാസത്തിലായ തങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്നും ഇവർ പറഞ്ഞു.

കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു പൊതുമേഖലാ സ്ഥാപനം ഇ -ഓട്ടോ നിർമ്മാണത്തിന് യോഗ്യത നേടിയത്. ഈ വാഹനമാണ് ഇപ്പോൾ കട്ടപ്പുറത്തായിക്കൊണ്ടിരിക്കുന്നത്.