ഭുവനേശ്വർ: ഒഡിഷയിൽ ചരിത്രം കുറിച്ചുകൊണ്ട് മുസ്ലിം വിഭാഗത്തിൽ നിന്ന് ആദ്യമായി വനിതാ എം എൽ എയായ സോഫിയ ഫിർദൗസാണ്(32) ദേശീയ മാധ്യമങ്ങളിലെ താരം. സോഫിയ, ബാരബതി-കട്ടക്ക് സീറ്റിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിയുടെ പൂർണ ചന്ദ്ര മഹാപാത്രയെ 8001 വോട്ടുകൾക്കാണ് സോഫിയ ഫിർദൗസ് തോൽപ്പിച്ചത്. ബിജു ജനതാദിന്റെ പ്രകാശ് ചന്ദ്ര ബെഹ്‌റയാണ് ഇവിടെ മൂന്നാമത്. ഇതേ സീറ്റിൽ നിന്നു തന്നെ എം എൽ എയായി ജയിച്ച മുഹമ്മദ് മൊക്വിമിന്റെ മകളാണ് സോഫിയ ഫിർദൗസ്. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് മൊക്വിമിനെ അയോഗ്യനാക്കുകയായിരുന്നു. തുടർന്ന് സീറ്റിൽ നിന്നും സോഫിയയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ഒഡിഷ നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുസ്ലിം വനിത എം എൽ എ തെരഞ്ഞെടുക്കപ്പെടുന്നത്.

മാനേജ്‌മെന്റിലും എൻജിനീയറിങ്ങിലും ബിരുദമുള്ള സോഫിയ ഫിർദൗസ് രാഷ്ട്രീയ കുടുംബത്തിൽ നിന്നാണെന്ന കാര്യം പറയേണ്ടതില്ല. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയിൽ നിന്നാണ് സോഫിയ സിവിൽ എഞ്ചിനിയറിങ് ബിരുദം പൂർത്തിയാക്കിയത്. ബംഗളൂരു ഐ ഐ എമ്മിൽ നിന്നും എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റിലും ബിരുദം പൂർത്തിയാക്കി.

2023 ൽ കോൺഫഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലെപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ ഭുവനേശ്വർ ചാപ്റ്റർ പ്രസിഡന്റായിരുന്നു. ക്രെഡായി വനിതാ വിഭാഗത്തിന്റെ കിഴക്കൻ മേഖല കോഡിനേറ്ററായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് പിതാവിന്റെ ഉടമസ്ഥതയിലുള്ള മെട്രോ ബിൽഡേഴ്‌സിന്റെ ഡയറക്ടറായിരുന്നു സോഫിയ.

സോഫിയ ഫിർദൗസ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലപ്രകാരം അഞ്ച് കോടിയുടെ ആസ്തിയാണ് ഇവർക്കുള്ളത്. 28 ലക്ഷം രൂപയുടെ ബാധ്യതകളുമുണ്ട്. സംരംഭകനായ ഷെയ്ഖ് മീരജ് ഉൾ ഹക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒഡിഷയുടെ ആദ്യ വനിതാ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ പാതയാണ് സോഫിയ പിന്തുടരുന്നത്. 1972 ൽ ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവായിരുന്നു നന്ദി സത്പതി.

2019ലെ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മൊക്വിം രണ്ടായിരത്തിലേറെ വോട്ടുകൾക്കാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ബി.ജെ.ഡിയുടെ ദേബാശിഷ് സാമന്ത്രയെയാണ് തോൽപിച്ചത്. 2022 സ്‌പെഷ്യൽ വിജിലൻസ് ജഡ്ജി മോക്വിമിനെ അഴിമതി കേസിൽ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ചതോടെയാണ് അദ്ദേഹം അയോഗ്യനായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഒഡിഷയിലെ 147 സീറ്റിൽ 78 സീറ്റിൽ ജയിച്ച് ബിജെപിയാണ് വിജയിച്ചത്. നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജെഡി സർക്കാരിന്റെ 24 വർഷത്തെ ഭരണത്തിന് ഇതോടെ സമാപനമായി.