മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുകയും ഏറ്റവും കൂടുതൽ നികുതി കൊടുക്കുകയും ചെയ്യുന്ന നടനാണ് അക്ഷയ്കുമാർ. കറകളഞ്ഞ ദേശീയവാദിയും തികഞ്ഞ മോദി ഫാനുമായി അറിയപ്പെടുമ്പോഴും, പലപ്പോഴും തീവ്ര ഹിന്ദുത്വ സംഘടനകളുടെ നിശിത വിമർശനങ്ങൾക്കും അക്ഷയ് പാത്രമായിട്ടുണ്ട്. നേരത്തെ പൃഥ്വീരാജ് ചൗഹാൻ എന്ന അദ്ദേഹത്തിന്റെ സിനിമയും ഏറെ വിവാമായിരുന്നു. അതിനുനേരെയും ചില പരിവാർ സംഘടനകളും ജാതി സംഘടനകളും വാളെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ പുതിയ ചിത്രമായ , 'ഓ മൈ ഗോഡ്-2' പുറത്തിറങ്ങിയപ്പോൾ, അക്ഷയ് കുമാറിനെ തല്ലുകയോ തുപ്പുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ സമ്മാന പ്രഖ്യാപിക്കയാണ് ആഗ്രയിലെ രാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടന ചെയ്തത്. ചിത്രം ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആഹ്വാനം.

പക്ഷേ ഈ വിവാദങ്ങൾക്കിടയിൽ ചിത്രം സാമ്പത്തികമായി വിജയിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കളക്ഷൻ 100 കോടി രൂപയിലേക്ക് അടുക്കുകയാണ്, അക്ഷയ് ഒരു പൈസ പോലും വാങ്ങാതെയാണ് അഭിനയിച്ചതെന്നം ചിത്രത്തിന്റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോയുടെ സിഒഒ അജിത് അന്ധാരെ പറഞ്ഞു. 'ഒഎംജി 2-വിന്റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിശയോക്തിപരമാണ്. നേരെമറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവത്തിൽ, അത്തരമൊരു ധീരമായ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തികവും ക്രിയാത്മകവുമായ അപകടസാധ്യതകളിൽ ഞങ്ങൾക്കൊപ്പം നടന്നു'' അജിത് പറഞ്ഞു.

മദ്യപിക്കുന്ന ശിവൻ

അതേസമയം സംഘപരിവാർ സഹയാത്രികൻ എന്ന് അറിയപ്പെടുന്ന അക്ഷയ്കുമാർ അതൊന്നും നോക്കാതെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഒഎംജി ഒന്നാം കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ ശിവനായിരുന്നു അക്ഷയ് കുമാറിന്റെ കഥാപാത്രം. സെൻസർ ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ശിവന്റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.

സെൻസർ ബോർർഡ് നിർദ്ദേശിച്ച 27 കട്ടുകൾക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്.2012ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ചിത്രമായ 'ഓ മൈ ഗോഡ്'ന്റെ തുടർച്ചയാണ് 'ഓ മൈ ഗോഡ് 2'. ആക്ഷേപ ഹാസ്യ വിഭാഗത്തിലുള്ളതാണ് സിനിമ. ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാർ സിനിമയിൽ എത്തുന്നത്. സെക്സ് എഡ്യൂക്കേഷനെ കുറിച്ചാണ് സിനിമയിൽ സംസാരിക്കുന്നത്. സെൻസർ ബോർഡുമായുള്ള കടുത്ത പോരാട്ടത്തിന് ശേഷമാണ് ചിത്രം തീയേറ്ററിലെത്തിയത്. ടീസർ റിലീസ് ചെയ്തത് മുതൽ ചിത്രത്തെ കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. സിനിമയിലെ ഇരുപതോളം രംഗങ്ങൾ കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സെക്‌സ് എഡ്യൂക്കേഷനും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദ്ദേശം. ഒടുവിൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.

ചിത്രത്തിലെ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സെൻസർ ബോർഡിന്റെ നിർദ്ദേശ പ്രകാരം മാറ്റിയിരുന്നു. ശിവന്റെ അവതാരമായാണ് അക്ഷയ് കുമാറിനെ ആദ്യം ചിത്രത്തിൽ അവതരിപ്പിച്ചത് . ഇപ്പോൾ ശിവൻ മാറ്റി മെസെഞ്ചർ ഓഫ് ഗോഡ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ശിവന്റെ പ്രതിരൂപമായി എത്തുന്ന അക്ഷയ് കുമാർ ചിത്രത്തിൽ മദ്യപിക്കുന്ന രംഗങ്ങളും ഉണ്ട്. ലൈംഗിക വിദ്യാഭ്യാസത്തെയും സ്വയംഭോഗത്തെയും പറ്റി പരാമർശിക്കുന്ന ചിത്രത്തിൽ നിന്നും നിരവധി ദൃശ്യങ്ങളാണ് കട്ട് ചെയ്യേണ്ടി വന്നത്. മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപണം ഉയർന്ന് എല്ലാ ദൃശ്യങ്ങളും സിനിമയിൽ നിന്ന് ഒഴിവാക്കാൻ സെൻസർബോർഡ് ആവശ്യപ്പെടുകയായിരുന്നു. മദ്യത്തെക്കുറിച്ചുള്ള പരാമർശങ്ങളും വെട്ടിമാറ്റി. ഒരു പരസ്യബോർഡിൽ നിന്ന് കോണ്ടത്തിന്റെ പോസ്റ്റർ നീക്കംചെയ്തു.

സംഘി ഇപ്പോൾ പുരോഗനവാദി

സംഭാഷണങ്ങളിലെ ശിവലിംഗം, ഭഗവദ്ഗീത, ഉപനിഷത്ത്, അഥർവവേദം, ദ്രൗപദി, പാണ്ഡവൻ, കൃഷ്ണൻ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തു. ആദ്യം ഉജ്ജയിനി കേന്ദ്രീകരിച്ച് ആരംഭിച്ച ചിത്രം ഇപ്പോൾ ഒരു സാങ്കൽപ്പിക സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. മൊത്തത്തിൽ സിനിമയുടെ 13 മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങളാണ് സെൻസർ ബോർഡ് വെട്ടി മാറ്റിയത്. രണ്ട് മണിക്കൂറും മുപ്പത്തിയാറു മിനിറ്റുമാണ് ഇപ്പോൾ ചിത്രത്തിന്റെ ദൈർഘ്യം.

അമീർഖാന്റെ പി കെക്കുശേഷം മതങ്ങളെ ഈ രീതിയിൽ വിമർശിക്കുന്ന ഒരു ചിത്രം ഹിന്ദിയിൽ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വെച്ച് അസാമാന്യ ധൈര്യം വേണം ഇതുപോലെ ഒരു പടം പിടിക്കാൻ. അക്ഷയ്കുമാർ ആവട്ടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മതവുമായി കൂട്ടിക്കെട്ടരുത് എന്ന് നിരന്തരമായി ആവശ്യപ്പെടുന്ന നടനുമാണ്. ഇടതു പ്രൊഫൈലുകൾ നിരന്തരം സംഘിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന ഒരു നടനാണ് ഇതുപോലെ ഒരു ചിത്രം ചെയ്യുന്നത് എന്നോർക്കണം.

രാഷ്ട്രീയ ബജ്റംഗ് ദൾ നേതാവ് ഗോവിന്ദ് പരാസർ താരത്തിനെതിരെ പരസ്യ ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. അവർ അക്ഷയ്കുമാറിന്റെ കോലവും സിനിമയുടെ പോസ്റ്ററുകളും കത്തിച്ചു. ചിത്രം നിരോധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമുയർത്തുമെന്നുമാണ് ഗോവിന്ദ് പരാസറിന്റെ ഭീഷണി. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ആത്മീയ നേതാവ് സാധ്വി ഋതംബര ചിത്രത്തിനെതിരെ നേരത്തേ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലെ പൂജാരിമാരും ക്ഷേത്ര പരിസരത്തു സ്ഥാപിച്ച സിനിമയുടെ പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ നാടുനീളെ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ അക്ഷയും കൂട്ടരും മുന്നോട്ട് നീങ്ങുകയാണ്.